ക്ഷയരോഗ ബാധിതനായ ഗൃഹനാഥന്റെ ജീവിതം നരകതുല്യം
മുതുകുളം: കുടുംബവും ബന്ധുക്കളും ഉപേക്ഷിച്ചതോടെ ക്ഷയരോഗ ബാധിതനായ ഗൃഹനാഥന്റെ ആശുപത്രി വാസം നരകതുല്യം.
തൃക്കുന്നപ്പുഴ കൂര്‍ക്കത്തറ കിഴക്കതില്‍ പരേതനായ കേശവന്റെ മകന്‍ കിഴക്കേക്കര വടക്ക് അച്ചൂസില്‍ പുഷ്‌കരന്‍ (51) ആണ് ആശുപത്രിയില്‍ മരുന്നും ഭക്ഷണവും ലഭിക്കാതെ നരകിച്ചു കഴിയുന്നത്.
തൃക്കുന്നപ്പുഴ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ കുടില്‍ കെട്ടി അപേക്ഷ എഴുതി ഉപജീവനം കഴിച്ചുവരികയായിരുന്നു പുഷ്‌കരന്‍. വിട്ടുമാറാത്ത പനിയെ തുടര്‍ന്നാണു ദിവസങ്ങള്‍ക്കു മുമ്പ് തൃക്കുന്നപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി എത്തിയത്.
ഇവിടെ അഡ്മിറ്റ് ചെയ്ത് നടത്തിയ പരിശോധനയില്‍ ക്ഷയരോഗ ബാധ കണ്ടെത്തി. ഇതേതുടര്‍ന്ന് വിദഗ്ദ ചികിത്സക്കായി കരുവാറ്റയിലെ സര്‍ക്കാര്‍ ക്ഷയരോഗ ആശുപത്രിയില്‍ പോകുവാന്‍ നിര്‍ദേശിച്ച് കഴിഞ്ഞ 10 ന് ഡിസ്ചാര്‍ജ് നല്‍കി. എന്നാല്‍ ആശുപത്രിയില്‍ ഇടക്കിടക്ക് വന്നു പോയിരുന്ന ബന്ധുക്കളാരും തന്നെ പിന്നീട് ഇവിടെ എത്തിയില്ല.
രോഗം മൂര്‍ശ്ചിച്ച് അവശനായ പുഷ്‌കരന്‍ ഇതോടെ ആശുപത്രിയില്‍ തന്നെ കിടപ്പായി. ഇതിനിടെ തന്റെ അവസ്ഥയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുക എന്ന ലക്ഷ്യത്തോടെ ആശുപത്രിയില്‍ നിന്നും പുരത്തിറങ്ങിയപ്പോള്‍ മറിഞ്ഞ് വീണ് തലക്ക് ക്ഷതമേറ്റു.
ഭാര്യയും മകനുമുണ്ടെങ്കിലും കുടുംബ വഴക്കിനെ തുടര്‍ന്ന് ഇവര്‍ പിരിഞ്ഞ് കഴിയുകയാണ്. പുഷ്‌കരനെ ഏതാനും കിലോമീറ്റര്‍ അകലെയുള്ള ക്ഷയരോഗ ആശുപത്രിയില്‍ എത്തിക്കാന്‍ ബന്ധുക്കള്‍ ആരും തന്നെ തയ്യാറായിട്ടില്ല.
സഹായത്തിന് ഒരാളുണ്ടെങ്കില്‍ മാത്രമേ കരുവാറ്റയില്‍ കിടത്തി ചികിത്സ നടത്താനാവു. ക്ഷയരോഗത്തിന് ആവശ്യമായ ചികിത്സ തൃക്കുന്നപ്പുഴ സി.എച്ച്.സിയില്‍ ലഭ്യമല്ല. അതുകൊണ്ടു തന്നെ ഇയാളുടെ അവസ്ഥ ഓരോ ദിവസം കഴിയും തോറും കൂടുതല്‍ വഷളാവുകയാണ്.
ഡിസ്ചാര്‍ജ് വാങ്ങിയതിന് ശേഷം ആശുപത്രിയുടെ വരാന്തയില്‍ കിടന്ന ഇയാളുടെ ദയനീയാവസ്ഥ കണ്ട് അധികൃതര്‍ വാര്‍ഡിന്റെ തൊട്ടടുത്തുള്ള മുറിയില്‍ കിടത്തിയിരിക്കുകയാണ്.
വല്ലപ്പോഴും എത്തുന്ന സുഹൃത്തക്കളും സുമനസുകളും വാങ്ങി നല്‍കുന്ന ഭക്ഷണമാണ് ആകെയുള്ള ആശ്രയം.
എഴുന്നേറ്റ് നടക്കാന്‍ കഴിയാത്ത അവസ്ഥയില്‍ മലമൂത്ര വിസര്‍ജനം പരസഹായമില്ലാതെ സാധ്യമല്ല. സുമനസുകളാണ് അതിനും സഹായിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."