പരിഷ്‌കരണം കൈപൊള്ളിക്കുമെന്ന് ആശങ്ക: ചെക്കുകള്‍ നിരോധിക്കില്ലെന്ന് ധനകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാന്‍ നോട്ട് നിരോധനത്തിന് പിന്നാലെ ചെക്കുകളും നിരോധിക്കുമെന്ന വാര്‍ത്ത കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നിഷേധിച്ചു.
സാമ്പത്തിക പരിഷ്‌കരണം കനത്ത തിരിച്ചടിയായ സാഹചര്യത്തില്‍ വീണ്ടുമൊരു പരീക്ഷണത്തിനുള്ള നീക്കം കൈപൊള്ളിക്കുമെന്ന തിരിച്ചറിവാണ് ഇത്തരത്തിലൊരു നിലപാടിന് കാരണമെന്ന അഭിപ്രായവും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ചെക്കുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നാണ് ഇന്നലെ ധനകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലുള്ളത്.
രാജ്യത്തെ ഉയര്‍ന്ന മൂല്യത്തിലുള്ള നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷം ശക്തമായ മറ്റൊരു നടപടിയെന്ന നിലയില്‍ ചെക്കുകളും നിരോധിക്കുമെന്നായിരുന്നു ധനകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതുസംബന്ധിച്ച് ഓള്‍ ഇന്ത്യാ ട്രേഡേഴ്‌സ് കോണ്‍ഫെഡറേഷന്റെ മുതിര്‍ന്ന അംഗം പ്രവീണ്‍ ഖണ്ഡേവാല്‍ ആയിരുന്നു ചെക്ക് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായ വാര്‍ത്ത പുറത്തുവിട്ടിരുന്നത്. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ ചെക്ക് നിരോധിക്കുന്നത് അനിവാര്യമെന്നായിരുന്നു ധനകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നത്.
അതേസമയം ഇന്ത്യയെ പണരഹിത ഇടപാടിലേക്ക് കൊണ്ടുവരികയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിനായി ഡിജിറ്റല്‍, ഇലക്ട്രോണിക് ഇടപാടുകളെ പരമാവധി പ്രോത്സാഹിപ്പിക്കും. എന്നാല്‍ ഇടപാടുകളുടെ നട്ടെല്ലായ ചെക്ക് നിരോധിക്കുകയെന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.
പണമിടപാടുകളുടെ അത്യന്താപേക്ഷിതമായ ഭാഗമാണ് ചെക്കുകള്‍. വ്യാപാര-വാണിജ്യമേഖലയുടെ നട്ടെല്ലാണ് ഇത്. അതുകൊണ്ട് ഇത് ഒരു കാരണവശാലും നിരോധിക്കില്ലെന്നും മന്ത്രാലയം പറയുന്നു.
2006 നവംബര്‍ എട്ടിന് രാത്രിയാണ് മോദി രാജ്യത്തെ ഉയര്‍ന്ന മൂല്യത്തിലുള്ള നോട്ടുകള്‍ അസാധുവാക്കികൊണ്ട് പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ സാമ്പത്തിക ഇടപാടിലെ 86 ശതമാനം വരുന്ന നോട്ടുകളാണ് റദ്ദാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."