കെ. സുധാകരനുമായി ഗൂഢാലോചന നടത്തിയാണ് എം.വി.ആര്‍ കൂത്തുപറമ്പില്‍ എത്തിയത്: എം സ്വരാജ്
കണ്ണൂര്‍: കൂത്തുപറമ്പില്‍ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രക്തസാക്ഷികളായ സംഭവത്തില്‍ പുതിയ ആരോപണമവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജിന്റെ ലേഖനം. കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി 'കനല്‍ വഴിയിലെ രക്തനക്ഷത്രങ്ങള്‍' എന്ന തലക്കെട്ടില്‍ ദേശാഭിമാനിയിലാണ് സ്വരാജിന്റെ ലേഖനം.
1994 നവംബര്‍ 25ന് കൂത്തുപറമ്പിലെ സഹകരണ ബാങ്കിന്റെ സായാഹ്ന ശാഖയുടെ ഉദ്ഘാടനചടങ്ങിനാണ് എം.വി രാഘവന്‍ കൂത്തുപറമ്പിലെത്തിയത്. യുവജന പ്രതിഷേധം കണക്കിലെടുത്ത് ചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്ന മറ്റൊരു മന്ത്രിയായ എന്‍.രാമകൃഷ്ണന്‍ പരിപാടിയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ തയാറായി. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനുമായി കണ്ണൂരില്‍ വച്ച് ഗൂഢാലോചന നടത്തിയാണ് കുത്തുപറമ്പിലേക്ക് വാശിയോടെ വരാന്‍ എം.വി രാഘവന്‍ തീരുമാനിച്ചത്. ലേഖനത്തില്‍ പറയുന്നു.
മുന്‍കൂട്ടി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൂത്തുപറമ്പില്‍ വെടിവയ്പ് നടത്തിയതെന്ന് കെ.സ്വരാജ് ലേഖനത്തില്‍ വ്യക്തമാക്കി. കൂത്തുപറമ്പ് വെടിവയ്പിന് ശേഷം ഒന്നരവര്‍ഷക്കാലം എല്ലാ പൊലിസ് സന്നാഹം ഉണ്ടായിട്ടും മന്ത്രിയെന്ന നിലയില്‍ എം.വി രാഘവന് ഒരു പൊതു പരിപാടിയിലും പങ്കെടുക്കാനായില്ലെന്നും സ്വരാജ് ചൂണ്ടിക്കാട്ടുന്നു. അതേസമയം സ്വാശ്രയ വിദ്യാഭ്യാസ നയത്തിന് എതിരേയായിരുന്നു കൂത്തുപറമ്പില്‍ ഡി.വൈ.എഫ്.ഐ യുടെ പ്രതിഷേധമെങ്കിലും സ്വാശ്രയം എന്ന ഒരു വാക്കു പോലും സ്വരാജ് ലേഖനത്തില്‍ ഉപയോഗിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."