യാഥാസ്ഥിതിക മനസ്ഥിതി മാറിയാലേ ഗാര്‍ഹികാതിക്രമങ്ങള്‍ ഇല്ലാതാകൂ: മന്ത്രി ശൈലജ
കൊച്ചി: യാഥാസ്ഥിതിക മനസികാവസ്ഥയില്‍ മാറ്റം വന്നാലേ ഗാര്‍ഹികാതിക്രമങ്ങള്‍ ഇല്ലാതാകൂ എന്ന് ആരോഗ്യ, സാമൂഹ്യ ക്ഷേമ മന്ത്രി കെ.കെ. ശൈലജ. കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സാമൂഹ്യനീതി വകുപ്പ് കൊച്ചി ആശിര്‍ഭവനില്‍ സംഘടിപ്പിച്ച ഗാര്‍ഹിക പീഡനത്തില്‍ നിന്നു സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമം സംബന്ധിച്ച സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സ്ത്രീകള്‍ ശാക്തീകരണം അവകാശപ്പെടുന്നെങ്കിലും ഗാര്‍ഹികാതിക്രമങ്ങള്‍ വര്‍ധിക്കുന്നു. ഫ്യൂഡല്‍ സമൂഹത്തിന്റെ ഇരുളും മുതലാളിത്തത്തിന്റെ തെറ്റായ നയങ്ങളും ഇടകലര്‍ന്നിരിക്കുകയാണ് സമൂഹത്തില്‍. പുറമേ മാത്രമേ പരിഷ്‌ക്കാരം സാധ്യമായിട്ടുള്ളൂ. ഇതു മനസിലാക്കി വേണം ഗാര്‍ഹികാതിക്രമങ്ങള്‍ക്കെതിരായ നിയമങ്ങള്‍ നടപ്പിലാക്കാന്‍. മുഴുവന്‍ ജില്ലകളിലും ഉടന്‍ വിമന്‍ പ്രൊട്ടക്ഷന്‍ ഓഫിസര്‍മാരെ നിയമിക്കും. വണ്‍ സ്റ്റോപ്പ് ക്രൈസിസ് സെന്ററുകള്‍ക്കായി കേന്ദ്രമനുവദിച്ച 40 ലക്ഷം ഉപയോഗിച്ച് നാല് ജില്ലകളില്‍ സെന്ററുകള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ആരംഭിക്കും. വൈദ്യസഹായം, പൊലീസ്, ഷോര്‍ട്ട് സ്റ്റേ തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും. ഗാര്‍ഹിക പീഡനത്തിനു വിധേയരാകുന്നവരുടെ മൊഴിയെടുക്കാനും ഇവരെ താമസിപ്പിക്കാനുള്ള സൗകര്യവും ഇവിടെയുണ്ടാകും. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്കായി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ക്രഷ് ആരംഭിക്കും. മന്ത്രി പറഞ്ഞു. കേരളത്തിലെ സ്ത്രീകളുടെ തൊഴിലിടങ്ങളിലെ പങ്കാളിത്തം ദേശീയ ശരാശരിയേക്കാള്‍ കുറവാണെന്ന് പി.ഡബ്ല്യു.ഡി.വി നിയമത്തിന് സ്ത്രീകളിലുള്ള സ്വാധീനം എന്ന വിഷയത്തില്‍ സെമിനാര്‍ നയിച്ച ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ. ടി.കെ ആനന്ദി പറഞ്ഞു. 78 ശതമാനം പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസം നേടുന്നുണ്ട്. സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യവും കൂടുതലാണ്. എന്നാല്‍ നിരവധി മികച്ച സൂചകങ്ങള്‍ നമുക്കുണ്ടെങ്കിലും സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹികാതിക്രമങ്ങള്‍ അഞ്ച് ശതമാനം വര്‍ധിച്ചിരിക്കുകയാണ്. സ്വന്തമായി തീരുമെടുക്കാനുള്ള സ്വാതന്ത്ര്യം കേരളത്തിലെ സ്ത്രീകള്‍ക്ക് ബിഹാറിലെ സ്ത്രീകളേക്കാള്‍ കുറവാണ്. മാത്രമല്ല കേരളത്തിലെ സ്ത്രീകള്‍ക്ക് ഡിപ്പന്‍ഡന്‍സി റേഷ്യോ കൂടുതലാണെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കേരളത്തിലെ പൊലിസിനെയും ജുഡീഷ്യറിയെയും ഡോക്ടര്‍മാരെയും ടീച്ചര്‍മാരെയുമെല്ലാം ജെന്‍സര്‍ സെന്‍സിറ്റൈസിംഗ് നടത്തേണ്ടതുണ്ട്. ഇതിനായുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്നും അവര്‍ പറഞ്ഞു. വിമന്‍ പ്രൊട്ടക്ഷന്‍ ഓഫിസ് തയാറാക്കിയ ലഘുലേഖ മന്ത്രി ചടങ്ങില്‍ പ്രകാശനം ചെയ്തു. കേരള സംസ്ഥാന സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഡോ. ഖമറുന്നിസ അന്‍വര്‍ അധ്യക്ഷയായി. കേരള ജുഡീഷ്യല്‍ അക്കാഡമി ഡപ്യൂട്ടി ഡയറക്ടറും സബ് ജഡ്ജുമായ വി.പി.എം സുരേഷ് ബാബു, ഡോ. സെബാസ്റ്റ്യന്‍ പോള്‍, ഹൈബി ഈഡന്‍ എംഎല്‍എ, കേരള സംസ്ഥാന സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ് സെക്രട്ടറി പി.എന്‍ പദ്മകുമാര്‍, കര്‍ണാടക സ്റ്റേറ്റ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ടി വെങ്കടലക്ഷ്മി ബാസവലിംഗരാജു, പോണ്ടിച്ചേരി സ്റ്റേറ്റ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ബി രേവതി, വെല്‍ഫെയര്‍ ബോര്‍ഡംഗവും മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ജെസി പീറ്റര്‍, കണ്ണൂര്‍ ശാസ്ത്ര ഡയറക്ടര്‍ വി.ആര്‍.വി എഴോം, കള്‍ച്ചറല്‍ അക്കാഡമി ഫോര്‍ പീസ് ഡയറക്ടര്‍ ബീന സെബാസ്റ്റ്യന്‍, ജില്ല വിമന്‍ പ്രൊട്ടക്ഷന്‍ ഓഫിസര്‍ ലിസി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."