കാര്‍ഷിക മേഖലയില്‍ തകര്‍ച്ച; ആശ്വാസം ക്ഷീര കര്‍ഷകരില്‍ മാത്രം
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിടുന്ന വലിയ പ്രതിസന്ധിയാണ് കാര്‍ഷിക മേഖലയിലെ അതൃപ്തി. സംസ്ഥാനത്തെ പ്രധാന കാര്‍ഷിക വിളകളായ പരുത്തിയും നിലക്കടലയും ഉല്‍പാദിപ്പിക്കുന്ന സൗരാഷ്ട്രയിലെ കര്‍ഷകരും ഉരുളക്കിഴങ്ങ് ഉല്‍പാദിപ്പിക്കുന്ന ബനസ്‌കന്ദയിലെ കര്‍ഷകരും ആനന്ദ്, ഖേദ മേഖലയിലെ പുകയില കര്‍ഷകരും സര്‍ക്കാരിനെതിരേ കടുത്ത പ്രതിഷേധത്തിലാണ്. വിളകള്‍ക്കുണ്ടായ വിലത്തകര്‍ച്ചയില്‍ നിന്ന് കര്‍ഷകരെ രക്ഷപ്പെടുത്താന്‍ ഉതകുന്ന തരത്തിലുള്ള ഒരു പദ്ധതിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് ഈ മേഖലയിലെ കര്‍ഷകര്‍ ആരോപിക്കുന്നത്.
എന്നാല്‍ ബി.ജെ.പിക്ക് ആശ്വസിക്കാന്‍ ഒരുകാര്യം മാത്രമേയുള്ളൂ എന്നാണ് ഇപ്പോള്‍ ജനങ്ങള്‍ പറയുന്നത്. അത് പാലുല്‍പാദന രംഗത്താണെന്ന് മാത്രം. അമുല്‍ സഹകരണ സംഘത്തില്‍ രജിസ്റ്റര്‍ ചെയ്തത് 35 ലക്ഷം ക്ഷീര കര്‍ഷകരാണ്. ഇവരിലാണ് ബി.ജെ.പിക്ക് ഇപ്പോഴുള്ള ഏക ആശ്വാസമെന്നാണ് പറയപ്പെടുന്നത്. പാലിന് വില വര്‍ധിക്കുന്നത് കര്‍ഷകര്‍ക്ക് ആശ്വാസമാണ്.
2002-03, 2016-17 കാലയളവില്‍ പാലിന്റെ വിലയില്‍ വന്‍തോതില്‍ വര്‍ധന ഉണ്ടായത്. ലിറ്ററിന് (1.03 കിലോ ഗ്രാം)11.43 രൂപയുണ്ടായിരുന്ന പാലിന് ഇപ്പോള്‍ 42.02 രൂപയാണ് അമുല്‍ നല്‍കുന്നത്. ഗുണനിലവാരം കൂടുതല്‍ രേഖപ്പെടുത്തുന്ന പശുവിന്‍ പാലില്‍ മൂന്നുമുതല്‍ 8.5 ശതമാനം വരെയാണ് കൊഴുപ്പിന്റെ അംശം. ഇത്തരം പാലിന് ഉയര്‍ന്ന വില നല്‍കുന്നുണ്ടെന്നതും ക്ഷീര കര്‍ഷകരെ സംബന്ധിച്ചിടത്തോളം ആശ്വാസമാണ്.
1970-96 കാലത്താണ് ഗുജറാത്തില്‍ വെള്ള വിപ്ലവം എന്നറിയപ്പെടുന്ന പാല്‍ ഉല്‍പാദനം ഉന്നതിയില്‍ എത്തിയിരുന്നത്. കോണ്‍ഗ്രസ് ഭരണകാലത്തായിരുന്നു ഈ നേട്ടം സംസ്ഥാനം കൈവരിച്ചിരുന്നത്. പിന്നീട് ഈ നേട്ടം ഉണ്ടായത് 2002-03ലും 2016-17ലുമായിരുന്നു. 52.30 ലക്ഷം പാല്‍ ഉല്‍പാദിപ്പിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 157.29 ലിറ്ററായി ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."