പത്രാധിപ യോഗത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം; വരുന്നൂ, ലോക കേരളസഭ
തിരുവനന്തപുരം: ലോകമലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ലോക കേരളസഭയുമായി സര്‍ക്കാര്‍.
തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത സംസ്ഥാനത്തെ പത്ര, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളുടെ പത്രാധിപ യോഗത്തിലായിരുന്നു സര്‍ക്കാരിന്റെ പുതിയ പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ലോക കേരളസഭയില്‍ 351 അംഗങ്ങളുണ്ടാകും. കേരളത്തില്‍ നിന്നുള്ള എം.പിമാരും എം.എല്‍.എമാരും മറ്റിടങ്ങളിലെ മലയാളി ജനപ്രതിനിധികളും സഭയിലുണ്ടാകും.
ഇന്ത്യന്‍ പൗരന്മാരും കേരളീയ പ്രവാസികളുമായ 177 പേരെ സര്‍ക്കാര്‍ ലോക കേരളസഭയിലേക്ക് നാമനിര്‍ദേശം ചെയ്യും. രണ്ടുവര്‍ഷത്തിലൊരിക്കലെങ്കിലും സഭ ചേരും. മുഖ്യമന്ത്രിയായിരിക്കും സഭാനേതാവ്. പ്രതിപക്ഷനേതാവ് ഉപനേതാവും ചീഫ് സെക്രട്ടറി സഭാസെക്രട്ടറി ജനറലുമായിരിക്കും. സഭാനടപടികള്‍ നിയന്ത്രിക്കുന്നത് സ്പീക്കറുടെ അധ്യക്ഷതയിലുള്ള ഏഴംഗ പ്രസീഡിയമായിരിക്കും.
സഭാനേതാവ് നിര്‍ദേശിക്കുന്ന ഒരു പാര്‍ലമെന്റംഗം, ഒരു നിയമസഭാ അംഗം, ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഒരംഗം, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഒരംഗം, യൂറോപ്പില്‍ നിന്ന് ഒരംഗം, മറ്റ് രാജ്യങ്ങളില്‍നിന്ന് ഒരംഗം എന്നിങ്ങനെയായിരിക്കും പ്രസീഡിയം. ആദ്യം നാമനിര്‍ദേശം ചെയ്തവരുടെ കാലാവധി കഴിയുമ്പോള്‍ പുതിയ ആളുകളെ നാമനിര്‍ദേശം ചെയ്യും.
പ്രവാസിമലയാളികളുടെ സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തും. നിയമസഭയുടെ താഴത്തെ ഹാളിലായിരിക്കും ലോക കേരളസഭ ചേരുക. പ്രവാസത്തിന്റെ സാധ്യതകള്‍ എങ്ങനെയൊക്കെ ഉപയോഗിക്കാനാകുമെന്നും പ്രവാസികളോടുള്ള ഉത്തരവാദിത്തം എങ്ങനെ നിറവേറ്റാനാകുമെന്നും സഭ ചര്‍ച്ച ചെയ്യും.
ജനുവരി 12, 13 തിയതികളില്‍ തിരുവനന്തപുരത്ത് ആദ്യ യോഗം ചേര്‍ന്ന് സഭയുടെ പ്രവര്‍ത്തനം ആരംഭിക്കും. യോഗം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സമാപനയോഗത്തില്‍ പ്രതിപക്ഷനേതാവ് അധ്യക്ഷനായിരിക്കും. ലോകത്താകെയുള്ള കേരളീയരുടെ കൂട്ടായ്മയും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരള സംസ്‌കാരത്തിന്റെ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയുമാണ് ലോക കേരളസഭയുടെ ലക്ഷ്യം.
കേരളീയരുടെ പൊതുസംസ്‌കാരത്തെയും സാമൂഹിക സാമ്പത്തിക വികസനത്തെയും സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സംസ്ഥാനത്തിന് അകത്തുള്ളവര്‍ക്കെന്നതുപോലെ പുറത്തുള്ള കേരളീയര്‍ക്കും അര്‍ഥവത്തായ പങ്കാളിത്തം ഉറപ്പാക്കുന്നതില്‍ ലോക കേരളസഭ നിര്‍ണായക പങ്കുവഹിക്കും. പ്രവാസികളുടെ കൂട്ടായ്മ പ്രോല്‍സാഹിപ്പിക്കുക, അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുക, കേരളത്തിന്റെ സാമൂഹിക സാമ്പത്തികസാങ്കേതിക പുരോഗതിക്ക് പ്രവാസികളുടെ അറിവും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുക എന്നിവയാണ് സഭയുടെ ലക്ഷ്യങ്ങള്‍. ലോകമെമ്പാടുമുള്ള മലയാളികളായ പ്രവാസികളുടെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന ലോക കേരളസഭ സ്ഥിരം സംവിധാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യോഗത്തില്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പ്രഭാവര്‍മ, നോര്‍ക്കാ റൂട്ട്‌സ് സി.ഇ.ഒ. ജാഫര്‍ മാലിക്, ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി.വി.സുഭാഷ്, സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍ ഉള്‍പ്പെടെ വിവിധ മാധ്യമങ്ങളിലെ പത്രാധിപന്മാര്‍ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."