ബാബരി മസ്ജിദ്: ആദ്യം പള്ളി തകര്‍ത്ത കേസില്‍ വിധി പുറപ്പെടുവിക്കട്ടെയെന്ന് ജസ്റ്റിസ് ലിബര്‍ഹാന്‍
ന്യൂഡല്‍ഹി: ബാബരി മസ്ജിദുമായി ബന്ധപ്പെട്ട കേസുകളില്‍ പള്ളി തകര്‍ത്ത കേസില്‍ ആദ്യം ഉത്തരവ് പുറപ്പെടുവിക്കട്ടെയെന്ന് കേസന്വേഷിച്ച ജസ്റ്റിസ് മന്‍മോഹന്‍ സിങ് ലിബര്‍ഹാന്‍. ഈ കേസിന്റെ വിധി പുറപ്പെടുവിച്ച ശേഷമേ അതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് പരിഗണിക്കാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ ചൊവ്വാഴ്ച മുതല്‍ സുപ്രിം കോടതി ദിവസേന വാദംകേള്‍ക്കാനിരിക്കെയാണ് ലിബര്‍ഹാന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. പള്ളി നിലനിന്ന സ്ഥലം വഖ്ഫ് ബോര്‍ഡിന്റെതാണ് എന്നാണ് കോടതി വിധിയെങ്കില്‍ വഖ്ഫ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ആരാധനാലയം തകര്‍ത്ത കേസില്‍ പ്രതികളെ ശിക്ഷിക്കാം. പള്ളി പൊളിച്ചതിന് എല്ലാവരും സാക്ഷിയാണ്. അതിനാല്‍ ആ കേസില്‍ ആദ്യം വിധിവരട്ടെ- അദ്ദേഹം പറഞ്ഞു.
പള്ളി നിലനിന്ന ഭൂമി മൂന്നായി വീതിച്ച അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ അദ്ദേഹം വിമര്‍ശിച്ചു. ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ കോടതിവിധി ഒരു ഉത്തരമല്ല. രാജ്യത്തെ നീതിന്യായ സംവിധാനത്തിലുള്ള മുസ്്‌ലിംകളുടെ വിശ്വാസം പുനസ്ഥാപിക്കേണ്ടതുണ്ട്.
ഈ വിഷയത്തില്‍ സജീവമായി ഇടപെട്ടുവരുന്ന പൗരാവകാശ സംഘടനകളില്ല. പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി തുടങ്ങിയ 12 പേര്‍ക്കെതിരായ കേസില്‍ വിചാരണനടന്നുവരികയാണ്. മുത്വലാഖ് അസാധുവാക്കിയുള്ള സുപ്രിം കോടതിവിധിയിലും അദ്ദേഹം അസംതൃപ്തി പ്രകടിപ്പിച്ചു. വ്യക്തിനിയമങ്ങളിലും ആചാരങ്ങളിലും ശീലങ്ങളിലും തീരുമാനമെടുക്കാന്‍ സുപ്രംകോടതിക്ക് എന്ത് കാര്യമെന്നും അദ്ദേഹം ചോദിക്കുന്നു.
കഴിഞ്ഞ 30 വര്‍ഷമായി സര്‍ക്കാരും നീതിന്യായ സംവിധാനങ്ങളും ദുര്‍ബലമായി വരികയാണ്. ഡല്‍ഹിയുടെ അന്തരീക്ഷം ശുദ്ധിയാക്കണമെന്ന ഒരു ഉത്തരവ് ഒരുജഡ്ജിക്ക് എങ്ങിനെ പുറപ്പെടുവിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിക്കുന്നു.
ആര്‍ക്കും അനുകൂലമായി വിധിക്കരുതെന്ന് ആക്ടിവിസ്റ്റുകള്‍
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ ഏതെങ്കിലും മതവിഭാഗത്തിന് അനുകൂലമായി വിധിക്കരുതെന്ന് മനുഷ്യാവകാശ, സാംസ്‌കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളും സുപ്രിം കോടതിയോട് ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്. കേസില്‍ തങ്ങളെയും കക്ഷിചേര്‍ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. 1992 ഡിസംബര്‍ ആറിനു പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട് സുപ്രിം കോടതി മുന്‍പാകെയുള്ള സുപ്രധാനകേസാണിത്.
ഇതില്‍ ആര്‍ക്കെങ്കിലും അനുകൂലമായ വിധിയുണ്ടായാല്‍ അത് വലിയ തോതിലുള്ള പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് ചലച്ചിത്രപ്രവര്‍ത്തകരായ അപര്‍ണാ സെന്‍, ശ്യാം ബെനഗല്‍, മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റാ സെത്തല്‍വാദ്, സാമൂഹികപ്രവര്‍ത്തക മേധാപട്കര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുമാര്‍ കേത്കര്‍, മനുഷ്യാവകാശപ്രവര്‍ത്തകനും ഡോക്യുമെന്ററി നിര്‍മാതാവുമായ അനന്ദ് പട്‌വര്‍ധന്‍ തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടത്.
പള്ളി നിലനിന്ന ഭൂമി മൂന്നായി വീതിച്ചുകൊണ്ടുള്ള 2010 മെയിലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ ഹരജിയാണ് ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസായി സുപ്രിം കോടതിയുടെ പരിഗണനയിലുള്ളത്. പള്ളി നിലനിന്ന ഭൂമി സുന്നി വഖ്ഫ് ബോഡ്, ഹൈന്ദവട്രസ്റ്റുകളായ നിര്‍മോഹി അഖാര, രാംലാല എന്നിവര്‍ക്കായി വീതിച്ചു നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."