വിജയ് റുപാനിയെ കാണണമെന്നാവശ്യപ്പെട്ട യുവതിയെ പൊലിസ് വലിച്ചിഴച്ച് പുറത്താക്കി
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി കെവാദിയ കോളനിയില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹത്തിനെ കാണണമെന്ന് ആവശ്യപ്പെട്ട യുവതിയെ പൊലിസ് വലിച്ചിഴച്ച് പുറത്താക്കി. കശ്മിര്‍ അതിര്‍ത്തിയില്‍ സേവനത്തിനിടയില്‍ വീരമൃത്യുവരിച്ച സൈനികന്റെ മകളെയാണ് വേദിയില്‍ മുഖ്യമന്ത്രി നോക്കിനില്‍ക്കെ പൊലിസ് വലിച്ചിഴച്ച് പുറത്താക്കിയത്.
2002 ലാണ് കശ്മിരില്‍ ബി.എസ്.എഫ് ജവാന്‍ അശോക് തദ്്‌വി കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മകളാണ് മുഖ്യമന്ത്രിയെ കാണണമെന്നാവശ്യപ്പെട്ട് വേദിയിലേക്ക് കയറാന്‍ ശ്രമിച്ചത്. പിതാവിന്റെ മരണത്തെ തുടര്‍ന്ന് തങ്ങളുടെ കുടുംബത്തിന് വാഗ്ദാനം ചെയ്ത ഭൂമി സര്‍ക്കാര്‍ നില്‍കിയില്ലെന്നാരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ മകള്‍ രൂപല്‍ തദ്്‌വി എന്ന 26 വയസുകാരി മുഖ്യമന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ടത്. നേരത്തെ രൂപല്‍ പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് രൂപലിന്റെ അമ്മ ആത്മഹത്യാ ഭീഷണി ഉയര്‍ത്തിയിരുന്നു.
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് റാലിയില്‍ റുപാനി പ്രസംഗിക്കുന്നതിനിടയില്‍ സദസിലിരിക്കുകയായിരുന്ന രൂപല്‍ എനിക്ക് അദ്ദേഹത്തെ കാണണമെന്ന് ആവശ്യപ്പെട്ട് ശബ്ദമുയര്‍ത്തി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അടുത്തേക്ക് ഓടുന്നതിനിടെ വനിതാ പൊലിസുകാര്‍ രൂപലിനെ തടഞ്ഞ് വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി. ഈ പരിപാടിക്ക് ശേഷം ഞാന്‍ നിങ്ങളെ കാണുമെന്ന് ഇതിനിടെ റുപാനി പറഞ്ഞു. ഈ സംഭവം തന്റെ പ്രചാരണ പരിപാടികളില്‍ രാഹുല്‍ഗാന്ധി ഉയര്‍ത്തിക്കാട്ടി ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
പൊലിസ് വലിച്ചിഴക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. ബി.ജെ.പിയുടെ അഹങ്കാരം കൊടുമുടിയില്‍ എന്ന അടിക്കുറിപ്പോടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ വീഡിയോ ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."