ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്; വിശാലിന്റെ പത്രിക തള്ളി പ്രതിഷേധത്തിനൊടുവില്‍ പരാതി സ്വീകരിച്ചു
ചെന്നൈ: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി തമിഴ് നടന്‍ വിശാല്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളി. കനത്ത പ്രതിഷേധത്തിനൊടുവില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതുസംബന്ധിച്ച പരാതി സ്വീകരിച്ചു. വിശാലിനെ നാമനിര്‍ദേശം ചെയ്ത രണ്ടുപേര്‍ സമര്‍പ്പിച്ച രേഖകളില്‍ തെറ്റായ പേരാണ് നല്‍കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് സൂക്ഷമ പരിശോധനയില്‍ പത്രിക തള്ളിയത്. ഇതേത്തുടര്‍ന്ന് പ്രതിഷേധവുമായി രംഗത്തെത്തിയ വിശാലും പ്രവര്‍ത്തകരും ആര്‍.കെ നഗര്‍ തിരുവെട്ടിയാര്‍ റോഡില്‍ വരണാധികാരിയുടെ ഓഫിസിന് മുന്‍പില്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ഗതാഗത തടസം ഉണ്ടാക്കിയെന്നാരോപിച്ച് വിശാല്‍ അടക്കം അന്‍പതുപേരെ പൊലിസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റി. പൊലിസ് സ്‌റ്റേഷനിലും പ്രതിഷേധം തുടര്‍ന്നതോടെ വരണാധികാരിയുമായി സംസാരിക്കാന്‍ അദ്ദേഹത്തിന് അനുമതി ലഭിച്ചു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹത്തിന്റെ പരാതി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറായത്.
തന്റെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരായ പ്രതിഷേധം ഫലം കണ്ടുവെന്നും ഇവിടെ സത്യം വിജയിച്ചുവെന്നും വിശാല്‍ ട്വീറ്റ് ചെയ്തു. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് വിശാല്‍ ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നത്. അതിനിടെ, ജയലളിതയുടെ സഹോദരന്റെ മകള്‍ ദീപ ജയകുമാര്‍ സമര്‍പ്പിച്ച നാമിര്‍ദേശ പത്രിക വരണാധികാരി തള്ളി. ദീപയുടെ പത്രികയിലെ ചില കോളങ്ങള്‍ പൂരിപ്പിച്ചിട്ടില്ലെന്ന് കണ്ടെത്തിയാണ് തള്ളിയത്.
ദീപയുടെ പത്രികയിലെ മിക്ക വിവരങ്ങളും അപൂര്‍ണമായിരുന്നു. സ്വത്തുവകകളുടെ മൂല്യമെത്ര എന്ന കോളം പൂരിപ്പിച്ചിട്ടില്ല. നിരവധി സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ പത്രികകളും തള്ളിയിട്ടുണ്ട്. ഡി.എം.കെ, അണ്ണാ ഡി.എം.കെ, ബി.ജെ.പി, അണ്ണാ ഡി.എം.കെ വിമത നേതാവ് ടി.ടി.വി ദിനകരന്‍ എന്നിവരുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചിട്ടുണ്ട്. ഡിസംബര്‍ 17നാണ് ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് . 24ന് വോട്ടെണ്ണും. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജെ. ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."