മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പ്രീ ക്വാര്‍ട്ടറില്‍; അത്ലറ്റിക്കോ മാഡ്രിഡ് പുറത്ത്
ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് പോരാട്ടങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. റോമ, ചെല്‍സി, ബാസല്‍ ടീമുകളും അടുത്ത ഘട്ടത്തില്‍ സീറ്റുറപ്പിച്ചു. അതേസമയം അത്ലറ്റിക്കോ മാഡ്രിഡ് അടുത്ത ഘട്ടത്തിലേക്ക് കടക്കാതെ പുറത്തേക്കുള്ള വഴി കണ്ടു. ഇന്നലെ നടന്ന നിര്‍ണായക പോരാട്ടത്തില്‍ സ്വന്തം തട്ടകത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 2-1ന് സി.എസ്.കെ.എ മോസ്ക്കോയെ വീഴ്ത്തിയാണ് അവസാന 16ല്‍ ഇടം കണ്ടത്. ചെല്‍സി- അത്ലറ്റിക്കോ മാഡ്രിഡ് പോരാട്ടം 1-1ന് സമനിലയില്‍ അവസാനിച്ചതാണ് അത്ലറ്റിക്കോയ്ക്ക് തിരിച്ചടിയായത്. ആറ് മത്സരങ്ങളില്‍ നാല് സമനിലയും ഓരോ വിജയവും സമനിലയുമായി വെറും ഏഴ് പോയിന്റ് മാത്രമാണ് അത്ലറ്റിക്കോയ്ക്ക് നേടാന്‍ സാധിച്ചത്. സി ഗ്രൂപ്പില്‍ നിന്ന് ഇറ്റാലിയന്‍ കരുത്തരായ റോമ ഗ്രൂപ്പ് ചാംപ്യന്മാരായാണ് അടുത്ത ഘടത്തിലേക്ക് കടന്നത്. രണ്ടാം സ്ഥാനക്കാരായി ചെല്‍സിയും മുന്നേറി. മറ്റ് മത്സരങ്ങളില്‍ ബാഴ്സലോണ 2-0ത്തിന് സ്പോര്ടിങിനേയും ബയേണ്‍ മ്യൂണിക്ക് 3-1ന് പി.എസ്.ജിയേയും ബാസല്‍ 2-0ത്തിന് ബെന്‍ഫിക്കയേയും ആന്റര്ലെറ്റ് 1-0ത്തിന് സെല്‍റ്റിക്കിനേയും യുവന്റസ് 2-0ത്തിന് ഒളിംപ്യാകോസിനേയും റോമ 1-0ത്തിന് ഖ്വരബഗിനേയും വീഴ്ത്തി.
ഗ്രൂപ്പ് എയില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒന്നാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ ബാസലാണ് രണ്ടാമത്. ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയില്‍ രണ്ട് മിനുട്ടിനുള്ളില്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് മാഞ്ചസ്റ്റര്‍ ഗംഭീര തിരിച്ചുവരവ് നടത്തിയത്. കളിയുടെ 64ാം മിനുട്ടില്‍ റൊമേലു ലുകാകുവും 66ാം മിനുട്ടില്‍ റാഷ്ഫോര്‍ഡുമാണ് വല ചലിപ്പിച്ചത്.
എവേ പോരാട്ടത്തില്‍ 3-0ത്തിന് പാരിസ് സെന്റ് ജെര്മെയ്ന് മുന്നില്‍ അടിയറവ് പറഞ്ഞ മുന്‍ ചാംപ്യന്മാരായ ബയേണ്‍ മ്യൂണിക്ക് സ്വന്തം തട്ടകത്തില്‍ പകരം ചോദിച്ചു. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ബാവേറിയന്‍സിന്റെ വിജയം. ടോലിസ്സോ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ശേഷിച്ച ഗോള്‍ ലെവന്‍ഡോസ്കിയാണ് ബയേണിനായി വലയിലാക്കിയത്. പി.എസ്.ജിയുടെ ആശ്വസ ഗോള്‍ എംബാപ്പെ നേടി. ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരായി പി.എസ്.ജിയും രണ്ടാം സ്ഥാനക്കാരായി ബയേണ്‍ അവസാന 16ലേക്ക് കടന്നു.
നേരത്തെ തന്നെ നോക്കൗട്ട് ഉറപ്പിച്ച ബാഴ്സലോണ പാക്കോ അല്‍ക്കാസര്‍ നേടിയ ഗോളിലും, ദാനമായി ലഭിച്ച സെല്‍ഫ് ഗോന്റേയും പിന്‍ബലത്തിലാണ് സ്പോര്‍ട്ടിങ് സി.പിയെ കീഴടക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."