ലത്തീന്‍ സഭയെ അനുനയിപ്പിക്കാന്‍ മന്ത്രിമാരെത്തി
തിരുവനന്തപുരം: ഓഖി ദുരന്തത്തിന് ഇരകളായവര്‍ക്കുള്ള ദുരിതാശ്വാസത്തിന്റെ പേരില്‍ സര്‍ക്കാരുമായി ഇടഞ്ഞ ലത്തീന്‍ കത്തോലിക്കാ സഭയെ അനുനയിപ്പിക്കാന്‍ മന്ത്രിമാര്‍ ബിഷപ്പ് ഹൗസിലെത്തി. സഭയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് അറിയിച്ചാണ് മന്ത്രിമാര്‍ മടങ്ങിയത്.
റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് എന്നിവരാണ് വെള്ളയമ്പലത്തെ ബിഷപ്പ് ഹൗസിലെത്തി വൈദികരുമായി ചര്‍ച്ച നടത്തിയത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിനു തൊട്ടു മുന്‍പായിരുന്നു കൂടിക്കാഴ്ച. നേരത്തെ ഓഖി ദുരന്തത്തില്‍പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായ പാക്കേജില്‍ സഭ അതൃപ്തി അറിയിച്ചിരുന്നു. പാക്കേജില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് മന്ത്രിമാര്‍ അനുരഞ്ജനത്തിനെത്തിയത്. നഷ്ടപരിഹാരത്തുക കൂട്ടുക, അപടകങ്ങളെ ചെറുക്കാന്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ ശക്തമാക്കുക, കാണാതായവരെ കണ്ടെത്താനുള്ള നടപടികള്‍ ഊര്‍ജിതമാക്കുക, കണക്കിലുള്ള അവ്യക്തത നീക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സഭാ പ്രതിനിധികള്‍ ഉന്നയിച്ചു.
മത്സ്യത്തൊഴിലാളി പ്രതിനിധി, അതിരൂപത പ്രതിനിധി എന്നിവരടങ്ങുന്ന സര്‍വകക്ഷി സംഘം കേന്ദ്രത്തിലേക്ക് പോകണം എന്ന ആവശ്യവും വൈദികര്‍ ഉന്നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."