കടലുണ്ടിയില്‍ ഇടഞ്ഞോടിയ ആന ചതുപ്പില്‍ വീണു
ഫറോക്ക്: ട്രെയിനിന്റെ ഹോണ്‍ ശബ്ദംകേട്ട് ഇടഞ്ഞോടിയ ആന കടലുണ്ടി പുഴയിലെ ചതുപ്പില്‍ വീണു. പരിഭ്രാന്തി പരത്തിയ ആനയെ ഒന്നര മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരുംചേര്‍ന്ന് രക്ഷപ്പെടുത്തി.
കടലുണ്ടി അയ്യപ്പന്‍വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് എഴുന്നള്ളിപ്പിനു കൊണ്ടുവന്ന തൃശൂര്‍ പുതൂരിലെ സി.എസ് ലവന്റെ ചീരോത്ത് ചെറിയ രാജീവന്‍ എന്ന ആനയാണ് ഇടഞ്ഞത്. ലെവല്‍ക്രോസ് പരിസരത്തുകൂടി ആനയെ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. ഇതിനിടെ ആനപ്പുറത്തുണ്ടായിരുന്ന കടലുണ്ടി സ്വദേശി കെ.ടി അഖില്‍ (20) ചാടി രക്ഷപ്പെട്ടു. ഒന്നര കിലോമീറ്റര്‍ ദൂരം റോഡിലൂടെ ഓടിയ ആന പുഴയിലെ ചതുപ്പില്‍ ചാടുകയായിരുന്നു. ഭജനമഠം റോഡ് വഴി കോട്ടക്കടവ് പിലാക്കാട്ടുവരെയാണ് ആന ഓടിയത്. ഓട്ടത്തിനിടെ പുതുക്കുളങ്ങര രാധാകൃഷ്ണന്‍, പുതുക്കുളങ്ങര ഗോപാലകൃഷ്ണന്‍ എന്നിവരുടെ വീടിന്റെ ചുറ്റുമതില്‍ തകര്‍ത്തു.
തലഭാഗം മാത്രം പുറത്ത് കാണുംവിധം പൂര്‍ണമായും ചെളിയില്‍ ആണ്ടുപോയ ആനയെ മണ്ണുമാന്തി യന്ത്രമെത്തിച്ച് കെട്ടിവലിച്ചാണ് കരക്കെത്തിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ താമരശ്ശേറി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എന്‍.കെ പവിത്രന്റെ നേതൃത്വത്തിലുള്ള സംഘം ആനയുടെ രേഖകള്‍ പരിശോധിച്ചു. മുന്‍കൂട്ടി അനുമതി വാങ്ങാതെ ആനയെ എഴുന്നള്ളിച്ചതിന് കേരള നാട്ടാന പരിപാലന ചട്ടപ്രകാരം കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."