അങ്ങോട്ട് പോവാന്‍ ഭയം; കൊലപാതകക്കേസ് രാജസ്ഥാനു പുറത്തേക്ക് മാറ്റണമെന്ന് അഫ്‌റസുലിന്റെ ബന്ധുക്കള്‍
ന്യൂഡല്‍ഹി: ബംഗാളി തൊഴിലാളിയായ മുഹമ്മദ് അഫ്‌റസുല്‍ രാജസ്ഥാനിലെ രാജ്‌സമന്ദില്‍ ക്രൂരമായി കൊല്ലപ്പെട്ട കേസ് സംസ്ഥാനത്തിനു പുറത്തേക്കു മാറ്റണമെന്ന് അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടു. നിലവില്‍ കേസ് രാജ്‌സമന്ദ് ജില്ലാ കോടതിയിലാണ് നടക്കുന്നത്. ഇത് രാജസ്ഥാനു പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതിയിലോ സുപ്രിംകോടതിയിലോ ഹരജി നല്‍കാനാണ് ബന്ധുക്കളുടെ നീക്കം. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ അഭിഭാഷകരുമായി ചര്‍ച്ചനടത്തി. കഴിഞ്ഞദിവസം രാത്രി ബന്ധുക്കള്‍ക്കൊപ്പം നാട്ടുകാരും കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും ഇതുസംബന്ധിച്ചു വിശദമായി ചര്‍ച്ചചെയ്തു.
കേസിന്റെ വിചാരണസമയത്ത് ഇനിയും രാജസ്ഥാനിലേക്കു പോവാന്‍ തങ്ങള്‍ക്കു ഭയമാണെന്ന് അഫ്‌റസുലിന്റെ സഹോദരന്‍ മുഹമ്മദ് റൂം ഖാന്‍ പറഞ്ഞു. ഇനിയും രാജസ്ഥാന്‍ സന്ദര്‍ശിച്ചാല്‍ തങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടായേക്കാം. അതിനാല്‍ കേസ് രാജസ്ഥാനു പുറത്തേക്കു മാറ്റണം. മേല്‍ക്കോടതികളില്‍ കേസിനുപോവാനുള്ള സാമ്പത്തിക ശേഷി തങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിലേക്കു കേസ് മാറ്റുന്നതിന് ഭരണകക്ഷിയായ തൃണമൂലും അനുകൂലമാണ്. ഇക്കാര്യം തൃണമൂല്‍ നിയമവൃത്തങ്ങള്‍ അഫ്‌റസുലിന്റെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദേശപ്രകാരം തൃണമൂല്‍ കോര്‍കമ്മിറ്റി അംഗവും പശ്ചിമബംഗാള്‍ ബാര്‍ കൗണ്‍സില്‍ മുന്‍ അധ്യക്ഷനുമായ അസിത് ബസുവാണ് ഇക്കാര്യം ബന്ധുക്കളുമായി ചര്‍ച്ചനടത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ന്യൂനപക്ഷകമ്മിഷന്‍ മുമ്പാകെയും ഉടന്‍ പരാതി നല്‍കാനും തൃണമൂല്‍ വൃത്തങ്ങള്‍ അഫ്‌റസുലിന്റെ ബന്ധുക്കള്‍ക്കു നിര്‍ദേശം കൊടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."