സാമ്പത്തിക സംവരണം: പ്രതിഷേധം അലയടിച്ച് സെക്രട്ടേറിയറ്റ് മാര്‍ച്ച്
തിരുവനന്തപുര: സാമ്പത്തികസംവരണം നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് സാമൂഹ്യസമത്വമുന്നണിയുടെയും പട്ടികജാതി പട്ടികവര്‍ഗ സംയുക്ത സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് പ്രതിഷേധക്കടലായി.
മുസ്‌ലിംലീഗ്, കെ.ഡി.എഫ്, വി.എസ്.ഡി.പി, കെ.പി.എം.എസ്, കെ.കെ.എം.എസ്, എസ്.യു.സി.ഐ, കേരള വണികവൈശ്യ സംഘം, ജമാഅത്ത് ഫെഡറേഷന്‍, മെക്ക, വിശ്വകര്‍മ മഹാസഭ, ലത്തീന്‍ കാത്തലിക് കൗണ്‍സില്‍, ധീവരസഭ, കേരള വില്‍കുറുപ്പ് മഹാസഭ, എസ്.ഡി.പി.ഐ, കേരള സാംബവ സഭ തുടങ്ങി അന്‍പതിലധികം സംഘടനകളാണ് സംവരണ സംരക്ഷണപ്രക്ഷോഭത്തില്‍ പങ്കെടുത്തത്. സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന ധര്‍ണ പട്ടികജാതി, പട്ടികവര്‍ഗ സംയുക്ത സമരസമിതി ജനറല്‍ കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.
ഭരണഘടനാപരമായി സാധുതയില്ലാത്ത നിയമഭേദഗതിയുണ്ടാക്കി സമുദായസ്പര്‍ധ സൃഷ്ടിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. സംവരണത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്നും സാമ്പത്തികസംവരണം ഭരണഘടനാപരമായി അസാധുവാണെന്ന് അറിയാത്തവര്‍ കേരളത്തിന്റെ ഭരണസിരാകേന്ദ്രത്തിലോ മറ്റ് സ്ഥലങ്ങളിലോ ഉണ്ടാവുക എന്നത് ദോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. ഈ നീക്കവുമായി മുന്നോട്ട് പോയാല്‍ കേരളത്തിലെ മുഴുവന്‍ പിന്നോക്ക ദലിത് വിഭാഗങ്ങളും ശക്തമായ സമരവുമായി രംഗത്തെത്തുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. കുട്ടി അഹമ്മദ്കുട്ടി പറഞ്ഞു.
ഇടതുപക്ഷ സര്‍ക്കാരല്ല ആരു വിചാരിച്ചാലും സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. എ.സി ബിനുകുമാര്‍, സണ്ണി എം.കപിക്കാട്, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് തോന്നക്കല്‍ ജമാല്‍, ജമാഅത്ത് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി മുഹമ്മദ്, നീലലോഹിതദാസന്‍ നാടാര്‍, സി.കെ വിദ്യാസാഗര്‍, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."