തമിഴ്‌നാട്ടിലെ ദുരഭിമാനക്കൊല: ആറുപേര്‍ക്ക് വധശിക്ഷ
ചെന്നൈ: തമിഴ്‌നാടിനെ പിടിച്ചുകുലുക്കിയ ശങ്കര്‍ എന്ന ദലിത് യുവാവിന്റെ ദുരഭിമാനക്കൊലക്കേസില്‍ ആറുപേര്‍ക്ക് വധശിക്ഷ. മൂന്നുപേരെ കോടതി വെറുതെ വിട്ടു. തിരുപ്പൂര്‍ പ്രത്യേക സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ശങ്കറിന്റെ ഭാര്യ കൗസല്യയുടെ പിതാവ് ചിന്നസ്വാമി വാടകക്കൊലയാളികളായ കലൈ തമിഴ്‌വണ്ണന്‍ മൈക്കിള്‍, ജഗദീശന്‍, മണികണ്ഠന്‍ ,സെല്‍വകുമാര്‍ എന്നിവര്‍ക്കാണ് വധശിക്ഷ.
കൗസല്യ നല്‍കിയ സാക്ഷിമൊഴിയും ഗൂഢാലോചനയുടെ തെളിവുകളുമാണ് കേസിലെ വിധിയില്‍ നിര്‍ണായകമായത്. ദലിതനായ ശങ്കറിനെ വിവാഹം കഴിയ്ക്കുന്നതിനേക്കാള്‍ ഭേദം തന്നെ കൊല്ലുന്നതാണെന്ന് മാതാവ് പല തവണ പറഞ്ഞിരുന്നെന്നും തന്റെ മുന്നില്‍ വെച്ചാണ് ശങ്കറിനെ പട്ടാപ്പകല്‍ അച്ഛന്റെ ഗുണ്ടകള്‍ കൊന്നതെന്നും കൗസല്യ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. കൊലപാതകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് മറ്റൊരു പ്രധാന തെളിവ്. കൗസല്യയുടെ കുടുംബം നടത്തിയ ഗൂഢാലോചന കേട്ട ഉദുമല്‍പേട്ടൈയിലെ ഓട്ടോ ഡ്രൈവറുടെ മൊഴിയും പൊലിസിന് സഹായകമായി.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഉദുമല്‍പേട്ടൈയില്‍ വെച്ച് പട്ടാപ്പകല്‍ കൗസല്യയുടെ അച്ഛന്റെ ഗുണ്ടകള്‍ ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തിയത്.
തേവര്‍ സമുദായാംഗമായ കൗസല്യ ദലിത് യുവാവായ ശങ്കറിനെ വിവാഹം കഴിച്ചതായിരുന്നു കാരണം. അമ്മാവനായ പാണ്ഡി ദുരൈയുമൊത്ത് ശങ്കറിനെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കുമ്പോള്‍ എതിര്‍ത്താല്‍ കൗസല്യയെയും കൊന്നു കളഞ്ഞേയ്ക്കാനാണ് പിതാവ് ചിന്നസ്വാമി ആവശ്യപ്പെട്ടത്. ആക്രമണത്തില്‍ കൗസല്യക്കും പരുക്കേറ്റിരുന്നു.
പൊള്ളാച്ചി എഞ്ചിനിയറിങ് കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായിരുന്നു ശങ്കറും കൗസല്യയും. ശങ്കറിന്റെ കൊലപാതകത്തിന് ശേഷം വീട്ടിലേയ്ക്ക് മടങ്ങാന്‍ വിസമ്മതിച്ച കൗസല്യ ഏറെക്കാലം എഐഡിഎഡബ്യുഎ ഉള്‍പ്പടെയുള്ള വനിതാസംഘടനകളുടെ സംരക്ഷണയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."