വീണ്ടും ഇസ്‌റാഈല്‍ ആക്രമണം; രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
ഗസ്സ: ഗസ്സയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗസ്സ മുനമ്പിലെ വടക്കന്‍ പ്രവിശ്യയില്‍ ബൈക്കില്‍ സഞ്ചരിക്കവെയാണ് ഇസ്‌റാഈല്‍ ആക്രമണമുണ്ടായത്. ഇക്കാര്യം ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ, ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചതിനു ശേഷം നടന്ന ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം ആറായി.
ഹസന്‍ നസ്‌റുല്ല, മുസ്തഫ സുല്‍ത്താന്‍ ഗാസി എന്നിവരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.
നേരത്തെ, ഗസ്സയുടെ വടക്കന്‍ അതിര്‍ത്തിയിലുള്ള ബെയ്ത്ത് ലാഹിയ നഗരത്തിനടുത്തുള്ള കൃഷിയിടത്തില്‍ ഇസ്‌റാഈല്‍ ബോംബ് വര്‍ഷിച്ചു.
കഴിഞ്ഞ ദിവസം രാവിലെയാണു സംഭവം. ഇതില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫലസ്തീനിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നതെന്ന് ഇസ്‌റാഈല്‍ സൈന്യം പ്രതികരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അബദ്ധത്തില്‍ സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നും റിപ്പോര്‍ട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ടും ഗസ്സ മുനമ്പിനു നേരെ ഇസ്‌റാഈല്‍ സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു. ഗസ്സയുടെ തെക്കന്‍ ഭാഗത്തുള്ള ഹമാസ് സൈനികതാവളങ്ങളില്‍ ഇസ്‌റാഈല്‍ സൈന്യം റെയ്ഡ് നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ആറു ദിവസത്തിനിടെ ആറു പേര്‍ കൊല്ലപ്പെടുകയും 1,632 പേര്‍ക്ക് പരുക്കേല്‍ക്കുകയും 100 പേര്‍ അറസ്റ്റിലാകുകയും ചെയ്തതായി ഫലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു.
അതിനിടെ, ജറൂസലം പ്രഖ്യാപനത്തില്‍ ഇസ്‌റാഈലിനെതിരേ രൂക്ഷവിമര്‍ശനവുമായി വീണ്ടും ഇറാന്‍ രംഗത്തെത്തി. ട്രംപിന്റെ പ്രഖ്യാപനം ഇസ്‌റാഈലിന്റെ നാശം വേഗത്തിലാക്കുമെന്ന് ഇറാന്‍ പ്രതിരോധമന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ അമീര്‍ ഖാതമി പറഞ്ഞു. സംഭവത്തോടെ മുസ്‌ലിംഐക്യം ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസവും ഫലസ്തീനു പുറമെ വിവിധ പശ്ചിമേഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. തുര്‍ക്കിയിലും ലിബിയയിലും അള്‍ജീരിയയിലും വിവിധ നഗരങ്ങള്‍ വന്‍ പ്രകടനങ്ങള്‍ക്കാണ് ഇന്നലെയും സാക്ഷിയായത്. ഈജിപ്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തിയ എട്ടോളം പേരെ പൊലിസ് അറസ്റ്റ് ചെയ്തു. മുസ്‌ലിം രാജ്യങ്ങള്‍ അമേരിക്കയെ സാമ്പത്തികമായി ബഹിഷ്‌കരിക്കണമെന്ന് സുദാന്‍ മുന്‍ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ സ്‌വറുദഹബ് ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."