ഓഫ് സീസണുകളില്‍ ടിക്കറ്റ് നിരക്ക് കുറച്ച് റെയില്‍വേ
ന്യൂഡല്‍ഹി:ഓഫ് സീസണുകളില്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്ന സംവിധാനവുമായി റെയില്‍വേ. യാത്രക്കാര്‍ കുറയുന്ന സീസണുകളില്‍ ശതാബ്ധി, രാജധാനി, തുരന്തോ ട്രെയിനുകളിലാണ് ടിക്കറ്റ് നിരക്കില്‍ കുറവുവരുത്തിക്കൊണ്ടുള്ള പുതിയ സംവിധാനം നിലവില്‍ വന്നതായി റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു.
സീസണുകളില്‍ നിലവിലുണ്ടാകുന്ന ചാര്‍ജും യാത്രക്കാര്‍ കുറയുന്ന സീസണുകളില്‍ അതിനനുസരിച്ച് നിരക്ക് കുറയ്ക്കുന്ന ഫ്‌ളക്‌സി ഫെയര്‍ സമ്പ്രദായമാണ് യാത്രക്കാര്‍ക്കായി നടപ്പാക്കുന്നതെന്ന് റെയില്‍വേ മന്ത്രി അറിയിച്ചു. 2016ല്‍ ഈ ട്രെയിനുകളില്‍ നിരക്ക് വന്‍തോതില്‍ വര്‍ധിപ്പിച്ചിരുന്നു. അതേസമയം പുതിയ നിരക്ക് സമ്പ്രദായം ഒരു ഭാഗത്തേക്കുള്ള യാത്രക്കുമാത്രമായിരിക്കും. യാത്രക്കുള്ള ടിക്കറ്റിനൊപ്പം മടക്ക ടിക്കറ്റും ബുക്ക് ചെയ്യുമ്പോള്‍ ചാര്‍ജില്‍ കുറവ് വരുത്തില്ല.
നിലവില്‍ റിസര്‍വേഷന്‍ കഴിഞ്ഞുള്ള സീറ്റുകളില്‍ 10 ശതമാനം വരെ അധിക തുകനല്‍കുന്ന രീതിയും ഇപ്പോഴുണ്ട്. ഇത് 2016 സെപ്റ്റംബര്‍ മുതല്‍ 2017 ഓഗസ്റ്റ് വരെ 540 കോടി രൂപയുടെ അധിക വരുമാനമാണ് റെയില്‍വേക്ക് ഉണ്ടാക്കി യത്.
റെയില്‍വേക്ക് അധിക വരുമാനമുണ്ടായപ്പോള്‍ യാത്രക്കാര്‍ അസംതൃപ്തരായിരുന്നു. വിമാനയാത്രാ ചെലവിനോളമാണ് യാത്രക്കാര്‍ക്ക് ടിക്കറ്റിനായി നല്‍കേണ്ടി വന്നത്. ഈ സാഹചര്യത്തിലാണ് സീസണുകളില്‍ കുറഞ്ഞ ചാര്‍ജെന്ന് ഫ്‌ളക്‌സി ഫെയര്‍ സമ്പ്രദായം നടപ്പാക്കാന്‍ തീരുമാനിച്ചത്.
യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. യാത്രാ സമയം ലഘൂകരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ണതോതില്‍ നടപ്പാക്കും. മുംബൈ-ഡല്‍ഹി ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ് ട്രെയിന്‍ സര്‍വിസ് മന്ത്രി ഉദ്ഘാടനം ചെയ്തു. വൈകുന്നേരം അഞ്ചിന് പുറപ്പെടുന്ന ഈ ട്രെയിന്‍ മുംബൈയില്‍ പിറ്റേദിവസം രാവിലെ ഏഴിന് എത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."