റേഷന്‍ വ്യാപാരികള്‍ വീണ്ടും പ്രതിഷേധത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ വീണ്ടും പ്രതിഷേധത്തിലേക്ക്. കഴിഞ്ഞ മാസം നടന്ന റേഷന്‍ വ്യാപാരികളുടെ കടയടപ്പ് സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ അട്ടിമറിക്കപ്പെട്ടതാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. പരാതികള്‍ക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ കടകള്‍ ഉപേക്ഷിക്കേണ്ടിവരുമെന്ന നിലപാടിലാണ് വ്യാപാരികള്‍.
പ്രതിമാസം 73 ക്വിന്റലിന് താഴെ വില്പന നടത്തുന്ന കടകള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്ന സപ്പോര്‍ട്ടീവ് പെയ്മെന്റ് മൂന്നു മാസത്തേക്ക് മാത്രമേ നല്കാന് കഴിയുകയുള്ളൂവെന്നാണ് ജില്ലാ സപ്ലൈ ഓഫിസര്‍മാര്‍ റേഷന്‍ വ്യാപാരികളെ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇത് നേരത്തേ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജില്‍ നിന്നുള്ള വ്യതിചലനമാണെന്ന് വ്യാപാരികള്‍ പറയുന്നു. പ്രതിമാസം 45 ക്വിന്റല്‍ മുതല്‍ 73 ക്വിന്റല്‍ വരെ വില്പന നടത്തുന്ന കടകള്‍ക്ക് 16,000 രൂപ കമ്മിഷന് ലഭിക്കുന്ന വിധത്തിലായിരുന്നു സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം 45 ക്വിന്റല്‍ വില്പന നടത്തുന്ന കടകള്‍ക്ക് കമ്മിഷനായി 9,900 രൂപയും സപ്പോര്‍ട്ടീവ് പെയ്മെന്റായി 6,100 രൂപയും ലഭിക്കും. സപ്പോര്‍ട്ടീവ് പെയ്മെന്റ് സര്‍ക്കാര്‍ ആണ് വഹിക്കുന്നത്. എന്നാല്‍, ഈ തുക മൂന്നു മാസത്തേക്കു മാത്രമേ നല്കുകയുള്ളൂവെന്നു നിലപാടെടുത്താല്‍ 73 ക്വിന്റലിന് താഴെ വില്പനയുള്ള കടകള്‍ പൂട്ടേണ്ട സ്ഥിതിയാകുമെന്ന് വ്യാപാരികള്‍ പറയുന്നു. സംസ്ഥാനത്തെ എണ്ണായിരത്തോളം റേഷന്‍ കടകളെയാണ് ഇത് പ്രതികൂലമായി ബാധിക്കുക.
ഇതിനുപുറമേ പ്രതിമാസം ശരാശരി 75 ക്വിന്റല്‍ വില്പന നടത്തുന്ന വിധം കടകളെ പുനഃക്രമീകരണം നടത്തണമെന്ന് സിവില്‍ സപ്ലൈസ് ഡയരക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഡയരക്ടറുടെ ഉത്തരവ് വില്പന കുറഞ്ഞ കടകള്‍ അടച്ചുപൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. സപ്പോര്‍ട്ടീവ് പെയ്മെന്റായി നല്കേണ്ടിവരുന്ന തുകയുടെ ബാധ്യത ഒഴിവാക്കാനാണ് ഈ നീക്കം. റേഷന്‍ വിതരണ രംഗത്ത് പ്രതിമാസം 75 ക്വിന്റല്‍ വില്പനയുള്ള കടകള്‍ മാത്രമായാല്‍ സര്‍ക്കാരിന് അധിക തുക നല്‍കേണ്ടിവരില്ല.
ഇ-പോസ് മെഷീന് സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സമയക്രമം തെറ്റിയതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ജനുവരി ഒന്നിന് ട്രഷറികള്‍ക്കു മുന്പില് ധര്‍ണ നടത്തുമെന്ന് ആള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷനും ആള് ഇന്ത്യ റേഷന്‍ ഡിലേഴ്സ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."