മുഖ്യമന്ത്രിപദവി: ഹിമാചലില്‍ ബി.ജെ.പി നേതാക്കള്‍ തമ്മില്‍ പോര്
ഷിംല: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണിയെ തെരഞ്ഞെടുത്തെങ്കിലും ഹിമാചലില്‍ മുഖ്യമന്ത്രി ആരായിരിക്കണമെന്ന കാര്യത്തില്‍ അനിശ്ചിതത്വം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ പ്രേംകുമാര്‍ ധുമല്‍ പരാജയപ്പെട്ടതോടെ മറ്റു രണ്ടുപേരുകള്‍ പാര്‍ട്ടിയുടെ പരിഗണനയിലുണ്ടെങ്കിലും ധുമലും അനുയായികളും ഉയര്‍ത്തുന്ന സമ്മര്‍ദം ബി.ജെ.പിയെ വെട്ടിലാക്കിയിരിക്കുകയാണ്.
ഹിമാചലില്‍ അഞ്ചുതവണ നിയമസഭാംഗമായ ജെയ്‌റാം താക്കൂറിനേയോ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയേയോ മുഖ്യമന്ത്രിയാക്കണമെന്ന ധാരണയാണ് കേന്ദ്ര നിരീക്ഷകയും പ്രതിരോധമന്ത്രിയുമായ നിര്‍മല സീതാരാമന്റെ മുന്നിലുള്ളത്. എന്നാല്‍ 68 അംഗ നിയമസഭയില്‍ ജയിച്ചുകയറിയ 44 ബി.ജെ.പി എം.എല്‍.എമാരില്‍ ഭൂരിപക്ഷവും ധുമല്‍ പക്ഷക്കാരായതോടെ അദ്ദേഹത്തിനുവേണ്ടി കടുത്ത സമ്മര്‍ദമാണ് ഉയരുന്നത്. ഇതിനിടയില്‍ മൂന്ന് എം.എല്‍.എമാര്‍ തങ്ങളുടെ നിയമസഭാംഗത്വം രാജിവച്ച് ധുമലിനെ വീണ്ടും മത്സരിപ്പിച്ച് ജയിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്.
രണ്ടുതവണ മുഖ്യമന്ത്രിയായ ധുമല്‍, സുജാന്‍പൂര്‍ മണ്ഡലത്തില്‍ നിന്നാണ് ഇത്തവണ മത്സരിച്ച് പരാജയപ്പെട്ടത്. നിര്‍മല സീതാരാമന്‍, നരേന്ദ്രസിങ് തോമര്‍ എന്നിവര്‍ ഹിമാചല്‍പ്രദേശ് പാര്‍ട്ടി അധ്യക്ഷന്‍ മംഗള്‍ പാണ്ഡെയുമായും ആര്‍.എസ്.എസ് നേതൃത്വവുമായും ചര്‍ച്ച നടത്തി മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി സമവായത്തിനു ശ്രമം തുടങ്ങിയിട്ടുണ്ടെങ്കിലും ധുമല്‍ പക്ഷം ഉയര്‍ത്തുന്ന വെല്ലുവളി അവഗണിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ധുമലിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ ജയിച്ച എം.എല്‍.എമാരില്‍ ഒരാളെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി മറുപക്ഷവും നീക്കം ശക്തമാക്കിയിട്ടുണ്ട്. ധുമലിനെ മുഖ്യമന്ത്രിയാക്കുന്നതിനെ എന്ത് വിലകൊടുത്തും തടയുമെന്നാണ് മുതിര്‍ന്ന നേതാവും കാംഗ്ര എം.പിയുമായ ശാന്തകുമാര്‍ വ്യക്തമാക്കിയത്.ആരായിരിക്കും മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് പറഞ്ഞ അദ്ദേഹം, മുഖ്യമന്ത്രി പദത്തിനായി അനാവശ്യ അവകാശവാദം ഉന്നയിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."