കണക്കിലെ കളികളുമായി സര്‍ക്കാരിനെതിരേ ജേക്കബ് തോമസ് വീണ്ടും
തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരേ പരസ്യ വിമര്‍ശനം നടത്തിയതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡി.ജി.പി ജേക്കബ് തോമസ് വീണ്ടും വിമര്‍ശനവുമായി രംഗത്ത്.
ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട പാക്കേജിന്റെ കണക്കുകള്‍ അടിസ്ഥാനമാക്കി,ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുതിയ വിമര്‍ശനം. പാഠം ഒന്ന്, കണക്കിലെ കളികള്‍ എന്ന തലക്കെട്ടില്‍ ചിത്ര സഹിതമാണ് പോസ്റ്റ്. 7340 കോടിയുടെ പാക്കേജായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍, ദുരന്തവുമായി ബന്ധപ്പെട്ട് ആകെ വേണ്ടത് 700 കോടി മാത്രമാണെന്നും എന്നാല്‍, ഉള്ളത് 7000 കോടിയാമെന്നും ജേക്കബ് തോമസ് പറയുന്നു. ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച കണക്ക് ശരിയാകുന്നുണ്ടോയെന്ന ചോദ്യം ഉന്നയിക്കുന്ന ജേക്കബ് തോമസ് കണക്കിന് വേറെ ടീച്ചറെ നോക്കാമെന്ന് പരിഹസിക്കുന്നുമുണ്ട്.
പോസ്റ്റില്‍നിന്ന്: മരിച്ചവര്‍ 100=100 കോടി, പരുക്കേറ്റവര്‍ 100= 50 കോടി, കാണാതായവര്‍ (കണക്കെടുപ്പ് തുടരുന്നു) 250= 250 കോടി, വള്ളവും വലയും പോയവര്‍ 100= 200 കോടി, മുന്നറിയിപ്പ് സംവിധാനം =50 കോടി, മറ്റു പലവക =50 കോടി, ആകെ വേണ്ടത് =700 കോടി. ആകെ ഉള്ളത് =7000 കോടി. കണക്ക് ശരിയാകുന്നുണ്ടോ..? കണക്കിന് വേറെ ടീച്ചറെ നോക്കാം.
അതിനിടെ ജേക്കബ് തോമസിന്റെ പോസ്റ്റിന് മറുപടിയുമായി മന്ത്രി തോമസ് ഐസക് രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റില്‍ കൂടി തന്നെയായിരുന്നു മറുപടി. ജേക്കബ് തോമസ് വേറെ കണക്കു ടീച്ചറെ അന്വേഷിക്കുന്നതാണ് നല്ലതെന്നും സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ പാഠങ്ങള്‍ ഇനിയും പഠിക്കേണ്ടി വരുമെന്നും മന്ത്രി വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."