കാന്തപുരം വിഭാഗം പ്രവര്‍ത്തകര്‍ മദ്‌റസയില്‍ അഴിഞ്ഞാടി; വിദ്യാര്‍ഥികളടക്കം ഒന്‍പത് പേര്‍ക്ക് പരുക്ക്
മണ്ണാര്‍ക്കാട്: കാന്തപുരം വിഭാഗം പ്രവര്‍ത്തകര്‍ മദ്‌റസയില്‍ അഴിഞ്ഞാടി. അക്രമത്തില്‍ ക്ലാസിലിരിക്കുകയായിരുന്ന വിദ്യാര്‍ഥികളടക്കം ഒന്‍പത് പേര്‍ക്ക് പരുക്ക്. കൊടക്കാട് മനാറുല്‍ ഇസ്‌ലാം മദ്‌റസില്‍ ഇന്നലെ രാവിലെ 6.45ഓടെയാണ് സംഭവം.
60 വര്‍ഷത്തിലധികമായി സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടത്തുന്ന മദ്‌റസ കമ്മിറ്റി പിടിച്ചടക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് കാന്തപുരം വിഭാഗം അക്രമം അഴിച്ചുവിട്ടതെന്നാണ് പറയപ്പെടുന്നത്.
കഴിഞ്ഞ ഞായറാഴ്ച ഉടലെടുത്ത പ്രശ്‌നം നാട്ടുകല്‍ പൊലിസ് എസ്.ഐ മുരളീധരന്റെ നേതൃത്വത്തില്‍ ഇരുവിഭാഗത്തെയും വിളിച്ച് ചര്‍ച്ച നടത്തുകയും, ഒരാഴ്ചക്കകം പ്രശ്‌നം പരിഹരിക്കാമെന്ന് എസ്.ഐ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് ഒരുവിഭാഗം കാന്തപുരം പ്രവര്‍ത്തകര്‍ മദ്‌റസയിലേക്ക് കയറി അക്രമം അഴിച്ചുവിട്ടത്. വിദ്യാര്‍ഥികളായ മുഹമ്മദ് മുന്‍ഷിദ്, ബിലാല്‍ നാസിം, കമ്മിറ്റി അംഗങ്ങളും നാട്ടുകാരുമായ കെ ഹമീദ്, ജാഫര്‍ മുതുകുറ്റി, എം ജാഫര്‍, സി.കെ ഇസ്മായില്‍, റഫീക്ക്, സി.കെ മുസ്തഫ എന്നിവര്‍ക്കാണ് കാന്തപുരം വിഭാഗം മര്‍ദനത്തില്‍ പരുക്കേറ്റത്. ഇവരെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് നാട്ടുകല്‍ പൊലിസ് കേസെടുത്തു.
കാന്തപുരം വിഭാഗത്തിന്റെ നേതൃത്വത്തില്‍ മദ്‌റസ കമ്മിറ്റി മിനുട്‌സ് ബുക്ക് തിരുത്തിയതായും, രേഖകളില്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്നും കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. നിലവില്‍ സേവനം ചെയ്യുന്ന അധ്യാപകര്‍ ക്ലാസിലെത്തിയപ്പോള്‍ രണ്ട് ക്ലാസുകളില്‍ ഓരോ അധ്യാപക ധാരികള്‍ ക്ലാസെടുക്കുന്നതാണ് ഇന്നലെ രാവിലെ കാണപ്പെട്ടത്.
കമ്മിറ്റി തീരുമാനമില്ലാതെയാണ് ഇവരെ നിയമിച്ചതെന്നാണ് കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു. പരുക്കറ്റവരെ അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ, ഹാജി. കെ മമ്മദ് ഫൈസി, സമസ്ത ലീഗല്‍ സെല്‍ അംഗം സൈതുട്ടി ഹാജി, എസ്.കെ.എസ്.എസ് എഫ് സംസ്ഥാന സെക്രട്ടറി ഹബീബ് ഫൈസി കോട്ടോപ്പാടം, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി സി. മുഹമ്മദാലി ഫൈസി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ശമീര്‍ ഫൈസി കോട്ടോപ്പാടം, കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി, എസ്.വൈ.എസ് മണ്ഡലം സെക്രട്ടറി ബഷീര്‍ തെക്കന്‍, ജംഇയ്യത്തുല്‍ മുദരിസ്സീന്‍ ജില്ലാ സെക്രട്ടറി സി. മുഹമ്മദ്കുട്ടി ഫൈസി, അന്‍വര്‍ സാദിഖ് ഫൈസി, റഹീം ഫൈസി, സുബൈര്‍ മൗലവി എന്നിവര്‍ ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."