ദുബൈയുടെ ബുർജ് ഖലീഫയെക്കാള്‍ ഉയരുമോ സഊദിയുടെ ജിദ്ദ ടവർ
സഊദി അറേബ്യ:ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന ബഹുമതി ഇന്നോളം ദുബൈയിലെ ബുർജ് ഖലീഫയ്ക്ക് സ്വന്തമാണ്. എന്നാൽ ഇപ്പോൾ ആ ബഹുമതിയ്ക്ക് ഒരു ഭീഷണി ഉയർന്നിരിക്കുന്നതായാണ് റിപ്പോട്ടുകൾ പറയുന്നത്. എതിരാളി മറ്റാരുമല്ല സഊദി അറേബ്യയിൽ ആസൂത്രണം ചെയ്തിരിക്കുന്ന ജിദ്ദ ടവർ ആണ്. സഊദി അറേബ്യയിൽ കൂറ്റൻ ടവർ നിർമിക്കാനുള്ള പദ്ധതിക്ക് നേതൃത്വം നൽകുന്നത് നിക്ഷേപകനായ അൽവലീദ് ബിൻ തലാൽ രാജകുമാരനാണ്.
സഊദി അറേബ്യയിൽ ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ജിദ്ദ ടവർ നിർമ്മാണം പൂർത്തിയാകുമ്പോൾ ബുർജ് ഖലീഫയേക്കാൾ ഉയരമുള്ളതായിരിക്കുമെന്നാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ് (ജിഡബ്ല്യുആർ) പറയുന്നത്. കിംഗ്‌ഡം ടവർ എന്നറിയപ്പെടുന്ന ജിദ്ദ ടവറിന് 1,000 മീറ്ററിലധികം (1 കിലോമീറ്റർ; 3,281 അടി) ഉയരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിദ്ദ ഇക്കണോമിക് കമ്പനിയുടെ ഘടനയിൽ ആഡംബര വീടുകൾ, ഓഫീസ് സ്ഥലം, സർവീസ്ഡ് അപ്പാർട്ടുമെന്‍റുകൾ, എന്നിവയൊക്കെയാണ് ഇതിൽ ഉണ്ടാവുക. കൂടാതെ "ലോകത്തിലെ ഏറ്റവും ഉയർന്ന നിരീക്ഷണാലയം" ഉള്ള സ്ഥലമായും ഇത് അറിയപ്പെടും. ജിഡബ്ല്യുആർ റിപ്പോർട്ട് പ്രകാരം ജിദ്ദ ടവറിന്‍റെ നിർമ്മാണത്തിന് 1.23 ബില്യൺ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
63 നിലകളുള്ള കൂറ്റൻ ജിദ്ദ ടവർ 2013 ഡിസംബറിൽ പൈലിംഗ് ജോലികൾ പൂർത്തിയാക്കി 2014 സെപ്റ്റംബറിൽ ഗ്രൗണ്ടിന് മുകളിലുള്ള നിർമ്മാണം ആരംഭിച്ചിരുന്നു. എന്നാല്‍, രണ്ട് പ്രധാന നിക്ഷേപകർ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ കുടുങ്ങിയതോടെ ഈ ബൃഹത്ത് പദ്ധതിയുടെ നിർമ്മാണം തത്കാലം നിർത്തിവച്ചു. 2017 നവംബറിൽ അൽവലീദ് രാജകുമാരനും ബക്കർ ബിൻ ലാദനും ഉൾപ്പെടെയുള്ള പ്രധാന നിക്ഷേപകരെ കള്ളപ്പണം വെളുപ്പിക്കൽ, കൈക്കൂലി, തട്ടിയെടുക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തതോടെയാണ് നിർമ്മാണ പ്രവർത്തികൾ നിറുത്തിവെച്ചതെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ 2023 സെപ്റ്റംബറിൽ, ജിദ്ദ ഇക്കണോമിക് സിറ്റി പദ്ധതി പുനരാരംഭിച്ചതായാണ് മിഡിൽ ഈസ്റ്റ് ഇക്കണോമിക് ഡൈജസ്റ്റ് (MEED) റിപ്പോർട്ട് ചെയ്യുന്നത്.
ജിദ്ദ ടവറിന്‍റെ നിർമ്മാണം അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2023 ൽ പുനരാരംഭിച്ചെങ്കിലും നിർദ്ദിഷ്ട പൂർത്തീകരണ തീയതി നിശ്ചയിച്ചിട്ടില്ല. എന്നിരുന്നാലും, റിപ്പോർട്ട് ചെയ്യപ്പെട്ട വലുപ്പവും സൗകര്യങ്ങളും അനുസരിച്ച് ബുർജ് ഖലീഫയ്ക്ക് അതിന്‍റെ നിരവധി റെക്കോർഡ് ടൈറ്റിലുകൾ നഷ്ടമായേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പതിനാല് വർഷം മുമ്പാണ് ദുബൈയിലെ ബുർജ് ഖലീഫ 828 മീറ്റർ ഉയരത്തിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി മാറിയത്. ഇതിന്‍റെ നിർമ്മാണം 2004-ൽ ആരംഭിച്ചു, 2010-ൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.
Content Highlights:Will Saudi's Jeddah Tower be taller than Dubai's Burj Khalifa?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."