ടി.എ റസാഖിന് കോഴിക്കോടിന്റെ ബാഷ്പാഞ്ജലി
കോഴിക്കോട്: തിങ്കളാഴ്ച അന്തരിച്ച എഴുത്തുകാരനും തിരക്കഥാകൃത്തുമായ ടി.എ റസാഖിന് ഇഷ്ടനഗരം വിടചൊല്ലി. ചൊവ്വാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് ടി.എ റസാഖിന്റെ മൃതദേഹം പൊതുദര്‍ശനത്തിനായി കോഴിക്കോട് ടൗണ്‍ഹാളില്‍ എത്തിച്ചത്. സാധാരണക്കാരുള്‍പ്പെടെ വന്‍ ജനാവലിയാണ് മൃതദേഹം ഒരുനോക്കു കാണാന്‍ ഒഴുകിയെത്തിയത്.
അര മണിക്കൂറോളം നീണ്ട പൊതുദര്‍ശനത്തില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ എം.എല്‍.എമാരായ എ. പ്രദീപ്കുമാര്‍, ഡോ. എം.കെ മുനീര്‍, വി.കെ.സി മമ്മദ് കോയ, പുരുഷന്‍ കടലുണ്ടി, ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, സിനിമാ മേഖലയില്‍ നിന്ന് നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ബിജു മേനോന്‍, മനോജ് കെ. ജയന്‍, ലാല്‍, മേഘനാഥന്‍, കൈലാഷ്, അബുസലീം, നന്ദു, രഞ്ജിപണിക്കര്‍, നടി മഞ്ജുവാര്യര്‍, സംവിധായകരായ പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, അനില്‍, സമുദ്രക്കനി, സിബി മലയില്‍, കമല്‍, ഹരിഹരന്‍, ഷാജൂണ്‍ കാര്യാല്‍, ഷാജി കൈലാസ്, വി.എം വിനു, രഞ്ജിത്ത്, ലാല്‍ ജോസ്, അലി അക്ബര്‍, നിര്‍മാതാക്കളായ സുരേഷ്‌കുമാര്‍, പി.വി ഗംഗാധരന്‍, സാഹിത്യകാരി കെ.പി സുധീര, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍, വിനോദ് കോവൂര്‍, ദീദി ദാമോദരന്‍, എം.എ ബേബി തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിനു ശേഷം കണ്ണഞ്ചേരിയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോയി. അവിടെ അല്‍പസമയം പൊതുദര്‍ശനത്തിനു വച്ചശേഷം കൊണ്ടോട്ടി തുറയ്ക്കലെ വീട്ടിലേക്ക് കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."