ഇന്ത്യന്‍ സോഷ്യലിസത്തിന്റെചുവടുമാറ്റങ്ങള്‍
ഡോ.സോയ ജോസഫ്
അസമത്വങ്ങളുടെ മണ്ണിലാണ് സോഷ്യലിസ്റ്റ് ആശയങ്ങള്‍ അടിയുറച്ചു വളരുക എന്നൊരു സിദ്ധാന്തമുണ്ട്. സാമൂഹ്യ അസമത്വങ്ങളും വിഭവങ്ങളുടെ അസന്തുലിത വിതരണവുമാണ് എല്ലാ മനുഷ്യരെയും തുല്യരായി പരിഗണിക്കണമെന്ന സാമ്പത്തികനീതിയിലേക്ക് ആളുകളെ കൂടുതല്‍ ആകൃഷ്ടരാക്കുന്നത്. റഷ്യന്‍ വിപ്ലവത്തിനു ശേഷം ലോകത്താകമാനം സോഷ്യലിസ്റ്റ് ആശയങ്ങളോട് വലിയ ആകര്‍ഷണവും ആരാധനയുമുണ്ടായി. ഇന്ത്യയില്‍ സ്വാതന്ത്ര്യപൂര്‍വകാലത്തു തന്നെ സോഷ്യലിസ്റ്റ് ആശയങ്ങള്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ ആവടി സമ്മേളനത്തില്‍, സോഷ്യലിസം ഇന്ത്യയുടെ അടിസ്ഥാന സ്വത്വരൂപീകരണത്തിന്റെ ആശയാടിത്തറയായി തന്നെ സ്വീകരിക്കണമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. പിന്നീട് സോഷ്യലിസ്റ്റ് ആശയത്തിലൂന്നിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തിനും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തിനും ഈ രാജ്യത്തിന്റെ ചരിത്രം സാക്ഷ്യംവഹിച്ചു.
ഭരണഘടന സോഷ്യലിസം ഒരാശയമായി ഉള്‍ക്കൊണ്ടപ്പോള്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് നയത്തെ പരോക്ഷമായി പിന്തുണച്ചു. ആശയാടിത്തറ ബലപ്പെടണമെങ്കില്‍ ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുപ്പുകളില്‍കൂടി സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്ക് അധികാരം ലഭ്യമാകണമെന്ന് റാം മനോഹര്‍ ലോഹ്യയെ പോലെയുള്ള സോഷ്യലിസ്റ്റ് നേതാക്കള്‍ ചിന്തിച്ചു. അതിനുവേണ്ടി ഒരുമിച്ചു ചേര്‍ന്ന് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. 1952ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ നല്ലരീതിയില്‍ പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാതിരുന്ന സോഷ്യലിസ്റ്റ് നേതാക്കള്‍ നിരാശരായി. കോണ്‍ഗ്രസ് പ്രസ്ഥാനത്തോടൊപ്പം ചേര്‍ന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി മുന്നോട്ടുപോകണമെന്ന ആവശ്യം നെഹ്‌റുവും ജയപ്രകാശ് നാരായണനും ഉന്നയിച്ചപ്പോൾ അതിനെ ഉള്‍ക്കൊള്ളാന്‍ റാം മനോഹര്‍ ലോഹ്യക്കു കഴിഞ്ഞില്ല.
1952 ട്രാവന്‍കൂര്‍ ഇലക്ഷനില്‍ നാല്‍പ്പതില്‍ 19 സീറ്റ് ലഭിച്ച് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും പിന്നീട് കേന്ദ്ര സര്‍ക്കാരിന്റെ ജലവിഭവ നയങ്ങള്‍ക്കെതിരേയുള്ള സമരത്തില്‍ റാം മനോഹര്‍ ലോഹ്യ അറസ്റ്റ് ചെയ്യപ്പെടുകയും തുടര്‍ന്ന് ട്രാവന്‍കൂര്‍ തലവനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം കൂട്ടാക്കാതിരിക്കുകയും ചെയ്തത് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളോടുള്ള റാം മനോഹര്‍ ലോഹ്യയുടെ ആദ്യത്തെ വിയോജിപ്പ് സൂചിപ്പിച്ചു.
1955ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി പിളര്‍ന്നു, സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിക്കപ്പെട്ടു. പിന്നീട് പലപ്പോഴും ചേര്‍ന്നും പിളര്‍ന്നും പലഘട്ടത്തില്‍ കോണ്‍ഗ്രസിനോടൊപ്പം നിന്നും ജനസംഘത്തെ കൂട്ടുപിടിച്ചും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഇന്ത്യയില്‍ കരുത്താര്‍ജിച്ചു. ഇന്ത്യയിലെ ആദ്യത്തെ രണ്ടുമൂന്ന് തെരഞ്ഞെടുപ്പുകളില്‍ വേണ്ടത്ര സീറ്റുകള്‍ പിടിച്ചെടുക്കാനോ ഗവണ്‍മെന്റ് രൂപീകരിക്കുന്നതില്‍ പങ്കുവഹിക്കാനോ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കു സാധിച്ചിട്ടില്ല.
1967ൽ കോണ്‍ഗ്രസിതര ഗവണ്‍മെന്റ് ഉത്തര്‍പ്രദേശില്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ അതിലെ പ്രധാനിയായി ലോഹ്യ മാറിയ ചരിത്രവും ഈ രാജ്യം കണ്ടു. കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് നെഹ്‌റുവിന്റെ ആശീര്‍വാദത്തോടുകൂടി വളര്‍ന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനം പിന്നീട് കോണ്‍ഗ്രസിനും നെഹ്‌റുവിനും എതിരേയുള്ള തുറുപ്പുചീട്ടായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാറി. ഇന്ത്യ നാലാമതൊരു പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചപ്പോള്‍ കോണ്‍ഗ്രസിനെ മാറ്റൂ, ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ലോഹ്യ കളത്തിലിറങ്ങിയത്.
അടിയന്തരാവസ്ഥ കാലത്ത് ജയപ്രകാശ് നാരായണന്‍ എന്ന സോഷ്യലിസ്റ്റ് നേതാവിന്റെ രാഷ്ട്രീയനിലപാടുകള്‍ ഇന്ദിരാഗാന്ധി എന്ന രാഷ്ട്രീയ അതികായയുടെ ചിത്രം എങ്ങനെയാണ് മാറ്റിവരച്ചതെന്ന് ചരിത്രം ഓര്‍മിപ്പിക്കുന്നു. ഇന്ത്യയിലെ അറിയപ്പെടുന്ന മറ്റൊരു സോഷ്യലിസ്റ്റ് നേതാവായ ജോര്‍ജ് ഫെര്‍ണാണ്ടസ് സംഘ്പരിവാറിന്റെയും വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും ഭാഗമാക്കാന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെ നിരന്തരം ഉദ്‌ബോധിപ്പിച്ചതായി നമുക്കു കാണാം. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് വി.പി സിങ് പിളര്‍ന്നുപോന്നപ്പോഴും പിന്നീട് 1996ല്‍ ബി.ജെ.പി ഗവണ്‍മെന്റ് രൂപീകരിക്കുന്നതിലും ജോര്‍ജ് ഫെര്‍ണാണ്ടസിനെ പോലെയുള്ള സോഷ്യലിസ്റ്റ് നേതാവ് നടത്തിയ ഇടപെടല്‍ നാം കണ്ടതാണ്.
പില്‍ക്കാലത്ത് ഇന്ത്യയില്‍ സോഷ്യലിസ്റ്റ് ആശയങ്ങളില്‍ അടിയുറച്ച ഒരുപാട് പ്രാദേശിക പാര്‍ട്ടികള്‍ വളര്‍ന്നുവന്നു. ബിഹാറില്‍ ലാലു പ്രസാദ് യാദവിന്റെ സന്തതസഹചാരിയായി സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളിലേക്ക് നിതീഷ് കുമാറും ചുവടുറപ്പിച്ചു. ബിഹാറിന്റെ മണ്ണില്‍ വളര്‍ന്നുവന്ന പ്രബലമായ രണ്ട് സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനങ്ങളായി ജനതാദള്‍ യുനൈറ്റഡ്, രാഷ്ട്രീയ ജനതാദള്‍ എന്നിവ വളര്‍ന്നു. എക്കാലത്തും അധികാര സ്ഥാനമാനങ്ങള്‍ക്കു വേണ്ടി ആശയത്തെയും ആദര്‍ശത്തെയും പണയംവച്ച് അധികാരത്തിന്റെ ഭാഗമാവാന്‍ ശ്രമിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയായി ജെ.ഡി.യു മാറിയ രാഷ്ട്രീയസാഹചര്യം പുതുമയല്ല. ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ കൈപിടിച്ച് ജനതാദളില്‍ ചേര്‍ന്ന് പിന്നീട് വാജ്‌പേയി മന്ത്രിസഭയിലും അംഗമായി,
തരംകിട്ടുമ്പോള്‍ അധികാരത്തിനു വേണ്ടി കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നു മത്സരിച്ചും കൂടെയുള്ളവരെ മറുപാളയത്തില്‍ എത്തിച്ചും നിതീഷ് കുമാര്‍ ബിഹാറിലെ ഏറ്റവും കൂടുതല്‍കാലം ഭരിച്ച മുഖ്യമന്ത്രിയായി നിലകൊള്ളുന്നു. സോഷ്യലിസത്തിന്റെ അടിസ്ഥാന ആശയം, എല്ലാ മനുഷ്യരിലേക്കും തുല്യ സാമ്പത്തിക വിഭവങ്ങളുടെ വിതരണമാണ് എങ്കില്‍ ഇന്ത്യയിലെ ഏറ്റവും അവികസിത സംസ്ഥാനമായി ബിഹാര്‍ തുടരുകയാണെന്നതാണ് വിരോധാഭാസം.
51 ശതമാനം ജനങ്ങളും പട്ടിണിയിലായ, വിദ്യാഭ്യാസ നിലവാരവും തൊഴിലില്ലായ്മയും വേതന നിരക്കും മോശപ്പെട്ട അവസ്ഥയില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ അധികാരക്കസേരയില്‍ ബിഹാര്‍ എന്ന സംസ്ഥാനം നിത്യദാരിദ്ര്യം അനുഭവിക്കുന്നു. ബിഹാറിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെ സംബന്ധിച്ച് സോഷ്യലിസം എന്ന ആശയം അധികാരക്കൊതിക്കുള്ള ഭക്ഷണം മാത്രമായിരുന്നു, അല്ലാതെ മനുഷ്യരിലേക്ക് ഇറങ്ങിച്ചെന്ന് തുല്യനീതിയുടെ പ്രായോഗികവല്‍ക്കരണം അവര്‍ ഒരുഘട്ടത്തിലും ഉദ്ദേശിച്ചിരുന്നില്ല.
കഴിഞ്ഞവര്‍ഷം മഹാസഖ്യ രൂപീകരണത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തില്‍നിന്ന് താഴെ ഇറക്കുന്നതുവരെ നമുക്കിനി വിശ്രമമില്ലെന്ന് ഉദ്‌ഘോഷിച്ച ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ ഇന്ന് ബി.ജെ.പി പാളയത്തില്‍ മുഖ്യമന്ത്രിയുടെ വേഷത്തിലേക്കു പരകായപ്രവേശം ചെയ്ത കാഴ്ച രാജ്യം കണ്ടു. ജനാധിപത്യത്തിന്റെ മുഴുവന്‍ ആശയങ്ങളെയും വെല്ലുവിളിച്ച് പണവും അധികാരവും രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന ബോധ്യങ്ങളാക്കി മാറ്റി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കുതികാല്‍വെട്ടും മറുകണ്ടംചാടലും കൂറുമാറ്റവുമൊക്കെ ഇന്ത്യയുടെ രാഷ്ട്രീയ ജനാധി
പത്യത്തിന്റെ അടിവേരറുക്കുകയും സാധാരണീകരിക്കുകയും ചെയ്യുന്നു.
സോഷ്യലിസം എന്ന മഹത്തായ ആശയത്തില്‍ രൂപംകൊണ്ട പ്രസ്ഥാനങ്ങളെല്ലാം പിന്നീടൊരു ഘട്ടത്തില്‍ അത്തരം ആശയങ്ങളെ വലിച്ചെറിഞ്ഞ്, ഇന്ത്യയില്‍ അതിന്റെ പ്രയോക്താവായ നെഹ്‌റുവിനെ പോലെയുള്ളവരെ നിരന്തരം ആക്രമിക്കാനും താറടിക്കാനുമുള്ള ഉപകരണങ്ങളാക്കി രാഷ്ട്രീയ പ്രസ്ഥാനങ്ങളെ മാറ്റിയെടുക്കുകയായിരുന്നു. നയപരമായ മൂല്യങ്ങള്‍ക്കും ആശയപരമായ അടിത്തറകള്‍ക്കുമപ്പുറം അധികാരംകൊണ്ട് മാത്രം നേടാന്‍ കഴിയുന്ന ചിലതാണ് ജനാധിപത്യത്തിന്റെ കാലിളക്കിക്കൊണ്ടിരിക്കുന്നതെന്ന് നിതീഷ് കുമാറിന്റെയും ജെ.ഡി.യുവിന്റെയും മാറ്റം വീണ്ടും ഉറപ്പിച്ചുകൊണ്ടിരിക്കുന്നു.
വീണ്ടും മുഖ്യമന്ത്രിക്കസേരയില്‍ എത്തുമ്പോള്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് ബി.ജെ.പിയുടെ ലക്ഷ്യപ്രാപ്തിക്ക് ജെ.ഡി.യു കരുത്താകുമെന്നും മറിച്ച് ഇന്‍ഡ്യാ മഹാസഖ്യം തകര്‍ക്കുന്നതില്‍ തങ്ങളുടെ ഓപറേഷന്‍ വിജയിച്ചുവെന്നുമുള്ള കണക്കുകൂട്ടലിലാണ് ബി.ജെ.പി.
പ്രത്യയശാസ്ത്രപരമോ ആശയനിബദ്ധമോ അല്ലാത്ത രാഷ്ട്രീയ കൂട്ടുകെട്ടുകളുടെയും കുതിരക്കച്ചവടത്തിന്റെയും കാലത്ത് രാഷ്ട്രീയ നൈതികതയെപ്പറ്റിയും സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുക എന്നത് അതീവ പ്രാധാന്യമര്‍ഹിക്കുന്നു. ജനാധിപത്യം എന്നുള്ളത് ജനങ്ങളെ പരിഗണിച്ച് സാമ്പത്തികമായ നീതി നല്‍കിക്കൊണ്ട് അംഗീകാരം പിടിച്ചു പറ്റുന്നതിനപ്പുറത്തേക്ക് കേവലം തന്ത്രംമെനയലും അത് നടപ്പാക്കലും മാത്രമാണെന്ന് നമുക്കു മനസിലാക്കാവുന്ന ഘട്ടത്തിലേക്ക് കടക്കുന്നു.
നിതീഷ് കുമാറുമാര്‍ പെരുകുന്ന കാലത്ത് ജനാധിപത്യ മൂല്യബോധങ്ങള്‍ നിരന്തരം ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും. അത്തരം ചോദ്യം ചെയ്യപ്പെടലുകള്‍ക്ക് ബദല്‍ സൃഷ്ടിക്കുക എന്നതാണ് ജനാധിപത്യത്തെ നിലനിര്‍ത്താനുള്ള ഏക പോംവഴി. അതിനുള്ള മഹാസഖ്യങ്ങളിലേക്കും തെരഞ്ഞെടുപ്പ് തന്ത്രങ്ങളിലേക്കും ജനാധിപത്യ മതേതര പാര്‍ട്ടികള്‍ കോപ്പുകൂട്ടുകയും നിരന്തരമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുകയും ചെയ്യേണ്ടതുണ്ടെന്ന് തിരിച്ചറിയപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."