ലുലു വാക്കത്തോണില്‍ അണിനിരന്നത് 15,000ത്തിലധികം പേര്‍
വാര്‍ഷിക ലുലു സംരംഭത്തില്‍ 146 രാജ്യങ്ങളുടെ പ്രാതിനിധ്യം.
ദുബൈ: മംസര്‍ പാര്‍ക്കില്‍ ഒരുക്കിയ ലുലു വാക്കത്തോണിന്റെ എട്ടാമത് എഡിഷനില്‍ 15,000ത്തിലധികം പേര്‍ അണിനിരന്നു. സുസ്ഥിരത ലക്ഷ്യമിട്ടായിരുന്നു വാര്‍ഷിക വാക്കത്തോണ്‍ സംഘടിപ്പിച്ചത്.
ദുബൈ മുനിസിപ്പാലിറ്റി, ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, മാസ്റ്റര്‍ കാര്‍ഡ് തുടങ്ങിയ നിരവധി ഗവണ്‍മെന്റ്, ഇതര സ്‌പോണ്‍സര്‍മാരുടെ സജീവ പിന്തുണയുമുണ്ടായിരുന്നു.
ഞായറാഴ്ച രാവിലെ 7.30ന് ആരംഭിച്ച നടത്തത്തില്‍ എല്ലാ പ്രായത്തിലുമുള്ള ആളുകളാണ് പങ്കെടുത്തത്. ആരോഗ്യ ജീവിതത്തെ കുറിച്ചും സുസ്ഥിര പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും അവബോധം പ്രചരിപ്പിക്കാനുള്ള രസകരമായ നിരവധി പരിപാടികളും പ്രവര്‍ത്തനങ്ങളും ഇതോടൊന്നിച്ച് ഉള്‍പ്പെടുത്തിയിരുന്നു.
ഞങ്ങളുടെ കോര്‍പറേറ്റ് യാത്രയുടെ പ്രധാന സ്തംഭമായാണ് ഞങ്ങള്‍ സുസ്ഥിരതയെ കാണുന്നത്. ഭാവി തലമുറകള്‍ക്കായി നമ്മുടെ ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കാന്‍ ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഈ വാക്കത്തോണിന്റെ ലക്ഷ്യം -ലുലു ഗ്രൂപ് ഡയറക്ടര്‍ എം.എ സലീം പറഞ്ഞു.
സുംബ സെഷനുകള്‍, ഫിറ്റ്‌നസ് പ്രവര്‍ത്തനങ്ങള്‍, ആരോഗ്യകരമായ മത്സരങ്ങള്‍, റീസൈക്‌ളിംഗ് ആക്റ്റിവിറ്റീസ് തുടങ്ങിയവയായിരുന്നു പ്രധാന ആകര്‍ഷണങ്ങള്‍. പങ്കെടുത്തവര്‍ക്ക് പരിസ്ഥിതി സൗഹൃദ സമ്മാനങ്ങളും സുവനീറുകളും നല്‍കി.
''സുസ്ഥിരതയില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നതില്‍ യുഎഇ എപ്പോഴും മുന്നിലാണ്. ഈ യാത്രയിലെ പ്രധാന പങ്കാളികളിലൊന്നെന്ന നിലയില്‍ ഞങ്ങളുടെ എളിയ പങ്ക് വഹിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്'' -ലുലു ഗ്രൂപ് ഗ്‌ളോബല്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ വി.നന്ദകുമാര്‍ പറഞ്ഞു.
''കൂട്ടായ സുസ്ഥിരതാ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള മഹത്തായ യാത്രയുടെ തുടക്കമാണിത്'' -മാസ്റ്റര്‍ കാര്‍ഡ് സീനിയര്‍ വിപി ഒമോക്ക് ഹിന്ദ് പറഞ്ഞു.
ട്രാന്‍സ്‌മെഡ്, അല്‍ റവാബി, യെല്ലോ.എഐ, സ്പാര്‍ക്‌ളോ, ലുലു എക്‌സ്‌ചേഞ്ച്, യൂണിലിവര്‍, ടാറ്റ സോള്‍ഫുഡ്, ബുര്‍ജീല്‍ ഹോള്‍ഡിംഗ് എന്നിവയായിരുന്നു ലുലു വാക്കത്തോണിന്റെ മറ്റ് പ്രധാന സ്‌പോണ്‍സര്‍മാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."