ജനാധിപത്യത്തിൽപ്രതീക്ഷ നൽകുന്ന വിധി
ഭരണഘടനയോടോ നിയമ-_നീതിന്യായ വ്യവസ്ഥയോടോ കൂറില്ലാത്ത ഒരു കൂട്ടര്‍ നിരന്തരം ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ക്കുള്ള താക്കീതാണ് രാജ്യത്തെ പരമോന്നത നീതിപീഠം ചണ്ഡിഗഡ് മേയര്‍ കേസില്‍ പുറപ്പെടുവിച്ച വിധി. ജനാധിപത്യം സമാനതകളില്ലാത്ത വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് പ്രതീക്ഷ പകരുന്നുണ്ട്, ഇൗ വിധിപ്രസ്താവം.
പാര്‍ട്ടി നേതാവ് അനില്‍ മസീഹിനെ തിടുക്കപ്പെട്ട് ചണ്ഡിഗഡ് നഗരസഭാ കൗണ്‍സില്‍ അംഗമായി നാമനിര്‍ദേശം ചെയ്യുകയും പിന്നാലെ പ്രിസൈഡിങ് ഓഫിസറാക്കുകയും ചെയ്ത്, പകല്‍വെളിച്ചത്തില്‍ ജനഹിതം അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ജനാധിപത്യധ്വംസനത്തിനാണ് സുപ്രിംകോടതി അറുതിവരുത്തിയത്. ഒരു നഗരസഭാ ഭരണം നേടാനുള്ള അന്തര്‍നാടകങ്ങളും കുതികാല്‍വെട്ടും അടിമുടി കൃത്രിമത്വം നിറഞ്ഞ നടപടികളും രാജ്യം അമ്പരപ്പോടെയായിരുന്നു നോക്കിക്കണ്ടത്.
ചണ്ഡിഗഡില്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ നടന്നത് ജനാധിപത്യത്തിന്റെ അരുംകൊലയാണെന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സുപ്രധാന വിധിന്യായത്തില്‍ പറഞ്ഞത്.
ജനുവരി 30ന് ചണ്ഡിഗഡില്‍ നടന്ന മേയര്‍ തെരഞ്ഞെടുപ്പ് ഇന്‍ഡ്യാ സഖ്യത്തിന്റെ ആദ്യ ബലപരീക്ഷണം കൂടിയായിരുന്നു. മേയര്‍ തെരഞ്ഞെടുപ്പില്‍ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്താമെന്ന് 13 അംഗങ്ങളുള്ള ആം ആദ്മി പാര്‍ട്ടിയും ഏഴ് അംഗങ്ങളുള്ള കോണ്‍ഗ്രസും ധാരണയിലെത്തിയാണ് മത്സരരംഗത്തേക്ക് വന്നത്. 35 അംഗ കൗണ്‍സിലില്‍ ബി.ജെ.പിക്ക് 14 അംഗങ്ങളുടെ പിന്തുണയുണ്ട്. മുന്‍ സഖ്യകക്ഷിയായ അകാലിദളിന്റെ ഒരു അംഗവും ചണ്ഡിഗഡ് എം.പിയുടെ ഒരു വോട്ടും ബി.ജെ.പിക്ക് ലഭിച്ചാലും മേയര്‍ സ്ഥാനം ലഭിക്കുമായിരുന്നില്ല.
പ്രതീക്ഷിച്ചതുപോലെ തന്നെ ബി.ജെ.പി സ്ഥാനാര്‍ഥി മനോജ് സോങ്കറിന് മേയര്‍ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 16 വോട്ടുകള്‍ മാത്രം. എന്നാല്‍ 20 വോട്ട് ലഭിക്കേണ്ട ഇന്‍ഡ്യാ സഖ്യ സ്ഥാനാര്‍ഥി കുല്‍ദീപ് കുമാറിന് 12 വോട്ടുമാത്രമാണ് വരണാധികാരി അനുവദിച്ചത്. ബാക്കി എട്ടുവോട്ട് അസാധുവാണെന്ന് ബി.ജെ.പി നേതാവുകൂടിയായ വരണാധികാരി പ്രഖ്യാപിച്ചു. വോട്ടുകള്‍ അസാധുവാക്കുന്നതിന് വരണാധികാരി ബാലറ്റ് പേപ്പറില്‍ വരയുന്നതും തന്റെ ചെയ്തി ആരെങ്കിലും കാണുന്നുണ്ടോ എന്ന ആശങ്കയില്‍ ഇടത്തും വലത്തും തിരിഞ്ഞ് നോക്കുന്നതും സി.സി.ടി.വി കാമറയില്‍ പതിഞ്ഞത് മിനുട്ടുകള്‍ക്കകം ലോകം കണ്ടു.
ബാലറ്റ് പേപ്പറുകളില്‍ കൃത്രിമം കാട്ടുന്ന വരണാധികാരിയുടെ നടപടി പകല്‍പോലെ വ്യക്തമായതോടെയാണ് നീതി തേടി ആം ആദ്മി പാര്‍ട്ടി കോടതിയെ സമീപിച്ചത്.
കോടതിയില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന ബോധ്യമുള്ളതിനാലാവണം പതിവുപോലെ തങ്ങളുടെ ‘ഓപറേഷന്‍' ചണ്ഡിഗഡിലും ബി.ജെ.പി പുറത്തെടുത്തത്. കോടതിയില്‍ വാദം തുടരുന്നതിനിടെയാണ് മൂന്ന് ആം ആദ്മി പാര്‍ട്ടി അംഗങ്ങളെ ബി.ജെ.പി മറുകണ്ടം ചാടിച്ചത്. സുപ്രിംകോടതി വിധിയിലൂടെ മേയറായ കുല്‍ദീപ് കുമാറിനെതിരേ ഇനി അവിശ്വാസം കൊണ്ടുവന്ന്, കൂറുമാറിയവരുടെ ബലത്തില്‍ തങ്ങള്‍ക്ക് വീണ്ടും തിരികെ മേയര്‍ പദവിയിലെത്താമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്.
ഏറ്റവും അധമ മാര്‍ഗമാണ് ജനാധിപത്യത്തെ അരുംകൊല ചെയ്യാന്‍ ബി.ജെ.പി ഉപയോഗിക്കുന്നത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ചണ്ഡിഗഡ്. കഴിഞ്ഞ ഒരു ദശാബ്ദത്തോളം കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയപാര്‍ട്ടി ഇന്ത്യന്‍ ജനാധിപത്യത്തിന് നല്‍കിയ സംഭാവനകളെക്കുറിച്ച് വസ്തുനിഷ്ഠമായി പരിശോധന നടത്തിയാല്‍ അതിന്റെ നാള്‍വഴികളിലെല്ലാം ജനാധിപത്യവിരുദ്ധതയുടെ വേലിയേറ്റം കാണാനാകും. ഓപറേഷന്‍ താമര എന്ന പേരില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലെത്തിയ സര്‍ക്കാരുകളെ ബി.ജെ.പി വീഴ്ത്തുകയും സങ്കോചലേശമെന്യേ അവിടങ്ങളില്‍ തങ്ങളുടെ ഭരണം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
ഗോവ, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബി.ജെ.പി അധികാരം നേടിയത് ജനങ്ങളുടെ പിന്തുണയാല്‍ തെരഞ്ഞെടുക്കപ്പെട്ടായിരുന്നില്ല. മറിച്ച്, ഭൂരിപക്ഷം ലഭിച്ച പാര്‍ട്ടികളെ പിളര്‍ത്തിയും എം.എല്‍.എമാരെ ഭയപ്പെടുത്തി വരുതിയിലാക്കിയുമാണ്. എത്ര ദയനീയമായി തോറ്റാലും, വിജയിച്ചവരെ മൂലക്കിരുത്തി ജനം കൈയൊഴിഞ്ഞവരെ അധികാരത്തിലെത്തിക്കാന്‍ തങ്ങളുടെ മേധാശക്തിക്ക് സാധിക്കുമെന്ന അഹങ്കാരമായിരുന്നു ബി.ജെ.പിക്ക്.
കൂറുമാറ്റവും കക്ഷിമാറ്റവും മാത്രമല്ല, പാര്‍ട്ടികളെ പിളര്‍ത്തിയും ജയിച്ചവരെ രാജിവയ്പ്പിച്ച് തങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടാക്കുകയും ചെയ്ത ബി.ജെ.പി, ലോകം പ്രശംസയോടെ നോക്കിക്കണ്ട ഇന്ത്യയുടെ ജനായത്ത പാരമ്പര്യത്തിന് വലിയ കളങ്കമാണ് വരുത്തിവച്ചത്. ജനാധിപത്യ ധ്വംസനം അജൻഡയായി കരുതുപ്പോന്ന ബി.ജെ.പിക്ക് ഇൗയടുത്തായി സുപ്രിംകോടതിയില്‍ നിന്ന് ലഭിച്ചത് കണക്കറ്റ പ്രഹരമാണ്. തെരഞ്ഞെടുപ്പ് കടപ്പത്രക്കേസിലെ വിധി ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനും സമാനതകളില്ലാത്ത തിരിച്ചടിയായിരുന്നു.
സുതാര്യതയ്ക്കുവേണ്ടിയുള്ള പൗരന്റെ അടിസ്ഥാനാവകാശം നിഷേധിച്ച സര്‍ക്കാര്‍ നടപടിക്കെതിരായാണ് കോടതി കടപ്പത്രക്കേസില്‍ വിധി പ്രസ്താവം നടത്തിയത്. ജനങ്ങള്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന വ്യവസ്ഥയില്‍ തെരഞ്ഞെടുപ്പ് ഏറ്റവും സുതാര്യമാവണമെന്നത് മഹത്തായ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിലൊന്നാണ്. എന്നാല്‍ തങ്ങളെ പണംമൂലം സഹായിക്കുന്നവരുടെ പേരുവിവരം പൊതുജനം അറിയേണ്ടതില്ലെന്ന ധിക്കാരമാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് കടപ്പത്ര വ്യവസ്ഥകളിലുണ്ടാക്കിയത്.
നീതി ഉറപ്പാക്കുക എന്നതാണ് കോടതിയുടെ ആത്യന്തിക ലക്ഷ്യം. അതിന് അച്ചടിച്ച നിയമന്യായാസനങ്ങളില്‍ പ്രത്യേകമായ വ്യവസ്ഥയില്ലാതെ വരുന്ന ഘട്ടങ്ങളില്‍ ജുഡിഷ്യറിക്ക് ഉപയോഗിക്കാനുള്ള സവിശേഷ അധികാര പ്രയോഗമാണ് ഭരണഘടനയുടെ 142ാം വകുപ്പിലൂടെ ലഭിക്കുന്നത്. ഈ അധികാരമാണ് ഇന്ത്യയുടെ പരമോന്നത നീതിപീഠം, കണ്‍മുന്നില്‍ ജനാധിപത്യത്തെ ചിത്രവധം ചെയ്യുമ്പോള്‍ എടുത്ത് പ്രയോഗിച്ചത്.
അസാധാരണമാംവിധം ഇന്ത്യയുടെ ആത്മാവിനെ കൊത്തിക്കീറാന്‍ ഭരണകൂടത്തിന്റെ ആയുധങ്ങളുമായി ചിലര്‍ റോന്തുചുറ്റുമ്പോള്‍ അത്യപൂര്‍വമായ ഇടപെടലുകളിലൂടെ അതിനെ ചെറുക്കുന്ന പരമോന്നത നീതിപീഠത്തിന്റെ ഉന്നതമായ നീതിബോധത്തെയും ജനാധിപത്യ വീര്യത്തെയും പ്രശംസിക്കാതെ വയ്യ. കൊല്ലാന്‍ സര്‍വായുധ സന്നാഹങ്ങളുമായി ഒരു കൂട്ടര്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ കണ്ണുമൂടിക്കെട്ടി ഇരിക്കുമെന്ന ധാരണ ആര്‍ക്കും വേണ്ടെന്ന മുന്നറിയിപ്പാണ് ഇൗ വിധിയലൂടെ സുപ്രിംകോടതി നൽകിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."