കുണ്ടൂര്‍ നിവാസികളുടെ പാലത്തിനായുള്ള കാത്തിരിപ്പ് നീളുന്നു
മാള: കുണ്ടുര്‍ നിവാസികളുടെ പാലത്തിനായുള്ള കാത്തിരിപ്പ് നീളുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെ ബജറ്റുകളിലെല്ലാം കുണ്ടൂര്‍ പാലത്തിനായി തുക വകയിരുത്തിയിരുന്നെങ്കിലും പാലം യാഥാര്‍ത്ഥ്യമായില്ല.
പാലം പണിയാതെ കുണ്ടൂര്‍ നിവാസികളെ അധികൃതര്‍ കബളിപ്പിക്കുകയാണ്. നിരവധി വര്‍ഷങ്ങളായി മാറി മാറി വന്ന സര്‍ക്കാരുകളുടെ വാഗ്ദാന ലംഘനത്തിന്റെ കഷ്ടതകള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന ഈ പ്രദേശത്തുകാര്‍ പുതിയ സര്‍ക്കാര്‍ നല്‍കിയ വാക്ക് പാലിക്കപ്പെടുമോ എന്ന കാര്യത്തില്‍ ആശങ്കയിലാണ്. ഈ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ തന്നെ 22 കോടി രുപ കുണ്ടൂര്‍ പാലത്തിനായി വകയിരുത്തിയിട്ടുണ്ട്.
തൃശൂര്‍ ജില്ലയിലെ കുണ്ടൂര്‍ കടവിനേയും എറണാകുളം ജില്ലയിലെ കുത്തിയ തോടിനേയും ബന്ധിപ്പിക്കുന്ന പാലത്തിനായി വര്‍ഷങ്ങളായി മുറവിളി ഉയരുകയാണ്. ചാലക്കുടി പുഴക്ക് കുറുകെ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന പാലത്തിന്റെ പരിശോധനകള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തീകരിച്ചെങ്കിലും പാലം പണി നടന്നില്ല.
പാലം യാഥാര്‍ഥ്യമാകുന്നതോടെ കുണ്ടൂര്‍, കുഴൂര്‍ പ്രദേശത്ത് നിന്ന് പറവൂര്‍, ആലുവ, ചാലക്ക തുടങ്ങിയ ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയും. കുണ്ടൂരില്‍ നിന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധി ആളുകള്‍ ആലുവ ഭാഗത്തേക്ക് പോകുന്നത് കുഴൂര്‍, കണക്കന്‍ കടവ്, മൂഴിക്കുളം എന്നീ പ്രദേശങ്ങളിലെത്തിയിട്ടാണ്. കൂണ്ടൂര്‍ കടവില്‍ കടത്ത് വള്ളമുണ്ടെങ്കിലും വര്‍ഷ കാലത്ത് ഒഴുക്ക് കൂടുതലുള്ള സമയത്ത് വഞ്ചിയാത്ര ബുദ്ധിമുട്ടാണ്.
പാലം യാഥാര്‍ഥ്യമാകുന്നതോടെ ഈ പ്രദേശത്തുകാര്‍ ഏറെ കാലമായി അനുഭവിക്കുന്ന യാത്ര ക്ലേശത്തിനു പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."