HOME
DETAILS
MAL
ബെഞ്ചില്‍ ഒറ്റയ്ക്ക്; കൂട്ടിന് മാസ്കും സാനിറ്റൈസറും
backup
January 01 2021 | 20:01 PM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ബെഞ്ചുകളില്‍ ഒറ്റപ്പെട്ടുപോയെങ്കിലും കുട്ടികളുടെ കണ്ണുകളില്‍ സന്തോഷത്തിരയിളക്കം. ഭാഗികമായെങ്കിലും സ്കൂളുകള്‍ തുറന്നതിന്റെ ആവേശത്തിലായിരുന്നു വിദ്യാര്‍ഥികള്‍. 10, 12 ക്ലാസുകളിലെ കുട്ടികളെ പൊതുപരീക്ഷകള്‍ക്ക് ഒരുക്കാനായി സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്നലെ മുതല്‍ സജീവമായി.
വിപുലമായ ഒരുക്കങ്ങളോടെയാണ് എല്ലായിടത്തും സ്കൂളുകള്‍ തുറന്നത്. ആശങ്കയില്ലാതെ അധ്യാപകരും രക്ഷിതാക്കളും എല്ലാത്തിനും നേതൃത്വം നല്കിയപ്പോള് ഏറെക്കാലത്തിനു ശേഷം ക്ലാസ് മുറിയിലെത്തിയതിന്റെ ആഹ്ലാദത്തിലായിരുന്നു കുട്ടികള്‍. കൃത്യസമയത്തു തന്നെ ക്ലാസുകള്‍ തുടങ്ങി. എന്നാല്‍ നേരത്തെയുണ്ടായിരുന്ന രീതികളായിരുന്നില്ല എവിടെയും. ഒരു ബെഞ്ചില്‍ ഒരാള്‍ മാത്രം. കൂട്ടിന് സാനിറ്റൈസറും മാസ്കും. ശരീരോഷ്മാവ് പരിശോധനയും കൗണ്‍സിലിങ്ങുമെല്ലാം കൊവിഡ് കാലത്തെ പുതിയ പാഠങ്ങള്‍ സമ്മാനിച്ചു.
സ്കൂള്‍ കാണാനും അധ്യാപകരെ കാണാനും കാത്തിരിക്കുകയായിരുന്നെന്ന് പേട്ട ബോയ്സ് ഹൈസ് സ്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥി ശ്യാം പറഞ്ഞു. സ്കൂള്‍ തുറന്നതില്‍ നല്ല സന്തോഷമുണ്ട്. എല്ലാരെയും കാണാന്‍ പറ്റിയതിലും നല്ല സന്തോഷമുണ്ടെന്നും ശ്യാം പറഞ്ഞു.
സ്കൂള്‍ തുറന്ന സന്തോഷമുണ്ടായിരുന്നെങ്കിലും ചെറിയ പേടിയുണ്ടായിരുന്നെന്ന് കുടപ്പനക്കുന്ന് കണ്‍കോഡിയ ലൂഥറന്‍ എച്ച്.എസ്.എസിലെ 10ാം ക്ലാസ് വിദ്യാര്‍ഥിനി ദേവരഞ്ജിനി പറഞ്ഞു. ശാന്തമായ സ്കൂളന്തരീക്ഷം പുതിയൊരനുഭവമാണെന്നും ദേവരഞ്ജിനി പറഞ്ഞു.
നീണ്ട ഒന്‍പതു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്ത് സ്കൂളുകള്‍ ഇന്നലെ തുറന്നത്. സി.ബി.എസ്.ഇ സ്കൂളുകളിലും ക്ലാസ് ഇതോടൊപ്പം ആരംഭിച്ചു. 50 ശതമാനം കുട്ടികള്‍ക്കായിരുന്നു സ്കൂളിലെത്താന്‍ അനുമതിയുണ്ടായിരുന്നത്. ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയില്‍ ക്ലാസുകള്‍ ക്രമീകരിച്ചായിരുന്നു പഠനാരംഭം.
സംസ്ഥാനത്തെ 5,500ലേറെ സ്കൂളുകളില്‍ 10,12 ക്ലാസുകളിലെ കുട്ടികള്‍ക്കാണ് ഇന്നലെ മുതല്‍ നേരിട്ടുള്ള പഠനമാരംഭിച്ചത്. പ്രായോഗിക പ്രശ്നങ്ങള്‍ മൂലം ചില സ്കൂളുകള്‍ തിങ്കളാഴ്ച മുതലാണ് തുറക്കുക. രാവിലെയും ഉച്ച കഴിഞ്ഞും രണ്ടു ബാച്ചുകളായി തിരിച്ചാണ് സ്കൂളുകള്‍ പ്രവര്‍ത്തിച്ചത്. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് രാവിലെ 9.30 മുതല്‍ 12.30 വരെയും ഉച്ചയ്ക്ക് ഒന്നു മുതല്‍ നാലു വരെയുമായിരുന്നു ക്ലാസ്. ഹയര്‍ സെക്കന്‍ഡറിക്ക് ഒന്‍പതു മുതല്‍ 12 വരെയും 1.30 മുതല്‍ 4.30 വരെയുമായിരുന്നു ഭൂരിഭാഗം സ്കൂളുകളിലും ക്ലാസുകള്‍ ക്രമീകരിച്ചത്.
ആദ്യദിവസങ്ങളില്‍ പഠനത്തിനു പകരം കുട്ടികളുടെ ആത്മവിശ്വാസമുയര്‍ത്തുന്ന കാര്യങ്ങളും കൗണ്സലിങ്ങുകളുമാണ്. വരുംദിവസങ്ങളില്‍ പഠനവും റിവിഷനുമുണ്ടാകും. ജനവരി 15നകം പത്താം ക്ലാസിന്റെയും 30നകം 12ാം ക്ലാസിന്റെയും ഡിജിറ്റല്‍ ക്ലാസുകള്‍ പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. മാര്‍ച്ച് 17 മുതലാണ് 10,12 ക്ലാസുകളിലെ പൊതുപരീക്ഷ ആരംഭിക്കുന്നത്.നേരത്തെ അധ്യാപകരും പി.ടി.എ ഭാരവാഹികളും സ്കൂളുകളില്‍ അണുനശീകരണം നടത്തുകയും സജ്ജീകരണങ്ങള്‍ നടത്തുകയും ചെയ്തു. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശാനുസരണം പ്രധാനാധ്യാപകന്റെ നേതൃത്വത്തില്‍ കോവിഡ് സെല്ലും രൂപീകരിച്ചു. കൊവിഡ് ലക്ഷണമുള്ള കുട്ടികളെ നിരീക്ഷിക്കാന്‍ സിക്ക് റൂം, പ്രഥമശുശ്രൂഷാ കിറ്റ് എന്നിവയും ഒരുക്കിയിരുന്നു. കുട്ടികളെ സ്കൂളിലെത്തിച്ച രക്ഷിതാക്കള്‍ക്ക് വിശ്രമിക്കാനും സൗകര്യമൊരുക്കിയിരുന്നു. എത്തിച്ചേരാന്‍ കഴിയാത്ത കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങള്‍ വഴിയും ക്ലാസ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."