ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു, എം. ശിവശങ്കറിൻ്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു; നിയമനം ഏതു തസ്തികയിലേക്ക്? ഉറ്റുനോക്കി കേരളം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിൻ്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു. ഏതു തസ്തികയിലാകും നിയമനം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഒന്നര വര്‍ഷത്തിനു ശേഷമാണ്. ശിവശങ്കര്‍ സര്‍വീസിലേക്കു തിരികെ വരുന്നത്.
2020 ജൂലൈ 16നാണ് ശിവശങ്കറിനെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ആദ്യ സസ്‌പെന്‍ഷൻ്റെ കാലാവധി 2021 ജൂലൈ 15ന് ആണ് അവസാനിച്ചത്. പിന്നീട് സസ്‌പെഷന്‍ നീട്ടി. സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ വഴിവിട്ടു നിയമിക്കാന്‍ ഇടപെട്ടത് സിവില്‍ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി കണ്ടെത്തിയിരുന്നു. തുടര്‍ന്നായിരുന്നു ആദ്യ സസ്‌പെന്‍ഷന്‍.
ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിൻ്റെ പേരില്‍ രണ്ടാമതും സസ്‌പെന്‍ഡ് ചെയ്തു. കേസില്‍ കുറ്റവിമുക്തനാകുന്നതു വരെ പുറത്തുനിര്‍ത്താന്‍ കഴിയുന്ന ഓള്‍ ഇന്ത്യ സര്‍വീസസ് അച്ചടക്കവും അപ്പീലും ചട്ടം അനുസരിച്ചായിരുന്നു നടപടി. ശിവശങ്കറിൻ്റെ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ നടപടി.
സംസ്ഥാന സര്‍വീസിലെ ഏറ്റവും ശക്തനായിരുന്ന ഉദ്യോസ്ഥന്റെ മടങ്ങിവരവ് ഏതു പദവിയിലേക്കാക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. 2023 ജനുവരിയില്‍ ശിവശങ്കര്‍ വിരമിക്കും. സ്വര്‍ണക്കടത്ത് കേസില്‍ 98 ദിവസമാണ് ശിവശങ്കര്‍ ജയിലില്‍ കഴിഞ്ഞത്. കേസ് തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."