HOME
DETAILS

'ഔലാദു ഹാറതിനാ' വിവാദചൂടേറ്റ തെരുവ്

  
backup
January 10 2021 | 02:01 AM

35153436543-2021

 

അറബി നോവല്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിവാദമുയര്‍ത്തിയ കൃതി. അറബിയിലെ ആദ്യ 'അലിഗറി' നോവല്‍. നോവലിസ്റ്റിന്റെ ജീവിത കാലത്ത് സ്വന്തം രാജ്യത്ത് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാതെ പോയ കൃതി. നോവലിസ്റ്റിന് നേരെയുണ്ടായ വധശ്രമത്തിന് പിന്നിലെ മുഖ്യകാരണമായ പുസ്തകം. 1988ലെ സാഹിത്യനൊബേല്‍ സമ്മാനത്തിനായി പുരസ്‌കാര സമിതി പരിഗണിച്ച നാല് കൃതികളിലൊന്ന്. അറബി ഭാഷയിലെ ഏറ്റവും വലുപ്പമുള്ള നോവലുകളിലൊന്ന്... ഇത്തരത്തില്‍ ഒട്ടേറെ സവിശേഷതകളുള്ള അറബിയിലെ ശ്രദ്ധേയമായ നോവലാണ് ഈജിപ്ഷ്യന്‍ സാഹിത്യകാരന്‍ നജീബ് മഹ്ഫൂസിന്റെ 'ഔലാദു ഹാറതിനാ' (ഇവശഹറൃലി ീള വേല അഹഹല്യ) എന്ന കൃതി. 'കൈറോ നോവല്‍ ത്രയങ്ങള്‍' (അല്‍- സുലാസിയ്യ) കഴിഞ്ഞാല്‍ മഹ്ഫൂസിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതി ഏതെന്ന് ചോദിച്ചാല്‍ ഒരുത്തരമേയുണ്ടാകൂ: ഔലാദ് ഹാറതിനാ.


പൊതുവേ യൂറോപ്യന്‍ സോഷ്യല്‍ റിയലിസ്റ്റിക് രീതിയിലുള്ള രചനകളാണ് നജീബ് മഹ്ഫൂസിന്റെ മിക്ക കൃതികളും. സാമൂഹിക തകര്‍ച്ചയുടെ ബീഭത്സമായ രൂപങ്ങള്‍ തന്റെ നോവലുകളിലൂടെ ചിത്രീകരിക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. ബല്‍സാക്കിന്റെ ശൈലി കടമെടുത്തുകൊണ്ട് കൈറോ പട്ടണത്തേയും അവിടത്തെ തെരുവുകളെക്കുറിച്ചുമാണ് മഹ്ഫൂസ് നിരന്തരമായി എഴുതിക്കൊണ്ടിരുന്നത്. കൈറോയിലെ ഒരു തെരുവില്‍ നിന്നു മറ്റൊന്നിലേക്കുള്ള യാത്രയാണ് മഹ്ഫൂസിന്റെ ഒരോ നോവലുകളുമെന്നാണ് പ്രമുഖ ഈജിപ്ഷ്യന്‍ നിരൂപകന്‍ സ്വലാഹ് ഫദ്ല്‍ നിരീക്ഷിച്ചിട്ടുള്ളത്. എന്നാല്‍ ഈ റിയലിസ്റ്റിക് രചനാ സങ്കേതത്തോട് പൂര്‍ണമായും വിടപറഞ്ഞുകൊണ്ട് തീര്‍ത്തും 'അലിഗറിക്കലായി' എഴുതിയ നോവലാണ് ഔലാദ് ഹാറതിനാ.


പുരാതന കൈറോയ്ക്ക് സമീപമുള്ള മുഖത്തം മരുഭൂമിയോട് ചേര്‍ന്നുകിടക്കുന്ന ഒരു സാങ്കല്‍പ്പിക തെരുവിന്റെ കഥയാണ് നോവലിന്റെ ഇതിവൃത്തം. ജബലാവി തെരുവിന്റെ കഥ! ഏത് കാലഘട്ടത്തിലാണ് കഥ നടക്കുന്നതെന്നതിന് വ്യക്തമായ സൂചനകളൊന്നും നോവല്‍ വായനക്കാരന് നല്‍കുന്നില്ല. ഭൂപ്രഭുവായ ജബലാവിയുടെയും അദ്ദേഹത്തിന്റെ മക്കളുടെയും പിന്നെ ആ തെരുവില്‍ വിവിധ കാലങ്ങളില്‍ ജീവിച്ചിരുന്ന ജനവിഭാഗങ്ങളുടെയും കഥയാണ് നോവല്‍ പങ്കുവയ്ക്കുന്നത്. സെമിറ്റിക്ക് മതങ്ങളായ ജൂതമതം, ക്രിസ്തുമതം, ഇസ്‌ലാം എന്നിവയുടെ ദിവ്യപുരുഷന്മാരായ മോശ (മൂസ), യേശുക്രിസ്തു (ഈസ), മുഹമ്മദ് നബി എന്നിവരുടെ ജീവിതത്തിലെ വിവിധ ചരിത്ര മുഹൂര്‍ത്തങ്ങളെ പ്രതീകാത്മകമായി നോവലിലെ പ്രധാന കഥാപാത്രങ്ങളിലൂടെ പുനരാഖ്യാനം ചെയ്യുന്നുവെന്നതാണ് ഏറ്റവും വലിയ സവിശേഷത. എന്നാല്‍ നോവലിന് മതവുമായോ മതചിഹ്നങ്ങളുമായോ നേരിട്ട് യാതൊരു ബന്ധവുമില്ല. മതവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും പരാമര്‍ശിക്കാതിരിക്കാന്‍ നോവലിസ്റ്റ് പ്രത്യേകം ശ്രദ്ധിച്ചുവെന്ന് തോന്നിപ്പോകും. മതവ്യക്തിത്വങ്ങളെ കുറിച്ച് ബൈബിള്‍, വിശുദ്ധഖുര്‍ആന്‍ തുടങ്ങിയവയില്‍ പരാമര്‍ശിച്ച സംഭവങ്ങളല്ലാതെ യാതൊരു വളച്ചൊടിക്കലും നോവലിസ്റ്റ് നടത്തിയിട്ടില്ല. മാത്രമല്ല സര്‍വ്വരും മാതൃകാ യോഗ്യരായി കണ്ടിരുന്ന ഉത്തമ പുരുഷന്മാരും തെരുവിന്റെ വിമോചകരുമായാണ് ഇവര്‍ ചിത്രീകരിക്കപ്പെടുന്നത് തന്നെ. നോവലിലെ കഥാപാത്രങ്ങള്‍ക്ക് പ്രവാചകരുമായോ, അവരുടെ ആശയങ്ങളുമായോ യാതൊരു ബന്ധവുമില്ല. മറിച്ച് പ്രവാചകരുടെ ജീവിതത്തിലെ വിവിധ മുഹൂര്‍ത്തങ്ങളെ നോവലിലെ കഥാപാത്രങ്ങളുടെ ജീവിതത്തില്‍ പുതിയ രീതിയില്‍ പുനരാഖ്യാനം ചെയ്യുകയാണ്. അതേ സമയം ജബലാവി എന്ന ഭൂപ്രഭു സെമിറ്റിക് മതങ്ങളുടെ ദൈവ സങ്കല്‍പ്പത്തിന്റെ ചിത്രീകരണമാണെന്ന വിമര്‍ശനം നോവലിസ്റ്റ് തന്നെ വിവിധ അഭിമുഖങ്ങളില്‍ നിഷേധിച്ചിട്ടുള്ളതുമാണ്. എന്നാല്‍ ദൈവനിന്ദ എന്ന ആരോപണമാണ് ഈ നോവല്‍ കാരണം എഴുത്തുകാരന് മേല്‍ ചാര്‍ത്തപ്പെട്ടത്.


1952ലെ ഈജിപ്ഷ്യന്‍ പട്ടാളവിപ്ലവം ജനമനസുകളിലുണ്ടാക്കിയ പ്രതീക്ഷകള്‍ തകര്‍ന്നപ്പോഴുണ്ടായ നിരാശയുടെ പ്രതികരണമായാണ് മഹ്ഫൂസ് 'ഔലാദ് ഹാറതിനാ' എഴുതുന്നത്. വിപ്ലവത്തിനെ മറയാക്കി അധികാരികളും പൊലിസും ചേര്‍ന്ന് ഈജിപ്തില്‍ നടത്തിയ കിരാതവാഴ്ചയെ പ്രതിനിധാനം ചെയ്യാനായിരുന്നു നോവല്‍ ശ്രമിച്ചത്. അക്കാലത്ത് നിലവിലുണ്ടായിരുന്ന സാമൂഹിക അനീതിയായിരുന്നു ജബലാവി തെരുവിലെ ജനങ്ങളുടെ യാതനയായും, തെരുവ് ഗുണ്ടകളുടെയും കങ്കാണിമാരുടെയും ചൂഷണങ്ങളായും ചിത്രീകരിക്കപ്പെട്ടത്. വസ്തുതകള്‍ ഇതായിട്ടും 'ഔലാദ് ഹാറതിനാ' വന്‍ വിവാദച്ചുഴിയിലാണ് അകപ്പെട്ടത്. 1952ലെ വിപ്ലവാനന്തരം നീണ്ടകാലം ഒന്നും എഴുതാതിരുന്ന നജീബ് മഹ്ഫൂസിന്റെ പുതിയ നോവല്‍ തങ്ങളുടെ പത്രത്തില്‍ പരമ്പരയായി പ്രസിദ്ധീകരിക്കുവാന്‍ പോകുന്നുവെന്ന വാര്‍ത്ത ഈജിപ്തിലെ 'അല്‍അഹ്‌റാം' പത്രം പുറത്തുവിട്ടു. പത്രത്തിന്റെ എട്ടാം പേജില്‍ 1959ല്‍ പ്രസിദ്ധീകരണമാരംഭിച്ചതോടെ നോവല്‍ ഒരേസമയം വളരെയേറെ വായനക്കാരെ ആകര്‍ഷിക്കുകയും ഒപ്പം വിവാദമാവുകയും ചെയ്തു. നോവലിന്റെ പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കണമെന്ന് ശക്തമായ വാദങ്ങളുയര്‍ന്നെങ്കിലും പ്രമുഖ ചരിത്രകാരന്‍കൂടിയായ പത്രാധിപര്‍ മുഹമ്മദ് ഹസനൈന്‍ ഹൈകല്‍ ശക്തമായ നിലപാടെടുക്കുകയും തുടര്‍ന്ന് നോവല്‍മുഴുവന്‍ പത്രത്തില്‍ ഖണ്ഡശയായി അച്ചടിച്ചുവരികയും ചെയ്തു. എന്നാല്‍ നോവല്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധങ്ങളുയര്‍ന്നപ്പോള്‍ പ്രസിഡന്റ് ജമാല്‍ അബ്ദുല്‍ നാസര്‍ അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ പ്രമുഖ പണ്ഡിതന്മാരടങ്ങുന്ന ഒരു സമിതിയെ വിഷയം പഠിക്കാന്‍ ചുമതലപ്പെടുത്തി. സമിതിയുടെ തീരുമാനം നജീബ് മഹ്ഫൂസിനെതിരായിരുന്നു. അതിനെ തുടര്‍ന്ന് പ്രസിഡന്റിന്റെ ദൂതനായ ഹസന്‍ സ്വബ്‌രി അല്‍- ഖൂരി മഹ്ഫൂസിനെ കാണുകയും അല്‍ അസ്ഹറിന്റെ അനുമതിയോടെയല്ലാതെ നോവല്‍ ഈജിപ്തിനുള്ളില്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.


മഹ്ഫൂസ് ഇത് അംഗീകരിച്ചെന്ന് മാത്രമല്ല മരണം വരെ ആ വാക്കില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. എന്നാല്‍ ലബനോനിലെ ദാര്‍ അല്‍- ആദാബ് 1967ല്‍ 'ഔലാദു ഹാറതിനാ' ബൈറൂത്തില്‍ നിന്നു പ്രസിദ്ധീകരിച്ചു. ഈജിപ്തില്‍ നിരോധനമുണ്ടായിരുന്നെങ്കില്‍ പോലും പുസ്തകത്തിന്റെ ആയിരക്കണക്കിന് പതിപ്പുകള്‍ ബ്ലാക്ക് മാര്‍ക്കറ്റിലൂടെ വിറ്റഴിക്കപ്പെട്ടു. പിന്നീട് ഈ പുസ്തകത്തിന്റെ പ്രസാധനവുമായി ബന്ധപ്പെട്ട് പ്രമുഖ പ്രസാധകര്‍ തമ്മില്‍ ഒരു യുദ്ധം തന്നെയാണ് നടന്നത്. അല്‍- അസ്ഹറിന്റെ അനുവാദത്തോടെയല്ലാതെ ഈജിപ്തില്‍ തന്റെ കൃതി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുവാന്‍ അനുവദിക്കുകയില്ലെന്ന് മഹ്ഫൂസും വാശിപിടിച്ചു. അതോടെ പത്രങ്ങള്‍ വീണ്ടും പരമ്പരയായി പ്രസിദ്ധീകരിക്കാന്‍ മത്സരമായി. 'അല്‍- അഹാലി' എന്ന ഇടതുപക്ഷ പ്രസിദ്ധീകരണം 1994ല്‍ ഒറ്റലക്കമായി നോവല്‍ മുഴുവന്‍ പുറത്തിറക്കിയെങ്കിലും മുഴുവന്‍ പ്രതികളും വിറ്റുപോയി എന്ന അറിയിപ്പാണ് പിന്നാലെയെത്തിയത്. പതിപ്പുകള്‍ കണ്ടുകെട്ടുകയായിരുന്നോ എന്നുമറിയില്ല.
2005ല്‍ ഈജിപ്തിലെ ഏറ്റവും വലിയ പ്രസാധക കമ്പനിയായ അല്‍ഹിലാല്‍ പബ്ലിഷിങ് ഹൗസ് നോവലിസ്റ്റിന്റെ അനുവാദമില്ലെങ്കില്‍ പോലും തങ്ങള്‍ കൃതി പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുമെന്ന് വാദിച്ച് രംഗത്തെത്തി. നിശ്ചിത കാലം കഴിയുമ്പോള്‍ സാഹിത്യസൃഷ്ടികള്‍ പൊതുസ്വത്തായി മാറുമെന്ന ന്യായമാണവര്‍ പറഞ്ഞത്. എന്നാല്‍ പ്രസാധന അവകാശം ലഭിച്ചിട്ടുള്ളത് തങ്ങള്‍ക്കാണെന്ന് അവകാശപ്പെട്ട് ദാര്‍ അല്‍-ഷുറൂഖ് എന്ന പ്രസാധകര്‍ രംഗത്തെത്തിയതോടെ ആ ശ്രമവും വിഫലമായി. 2006 ഓഗസ്റ്റില്‍ മഹ്ഫൂസ് നിര്യാതനായി. പിന്നീട് അതേവര്‍ഷം തന്നെ ദാര്‍ അല്‍-ഷുറൂഖ് 'ഔലാദു ഹാറതിനാ' യുടെ പുസ്തകരൂപത്തിലുള്ള അറബി പതിപ്പ് ഈജിപ്തിലാദ്യമായി പ്രസിദ്ധീകരിച്ചു. ആ വാര്‍ത്ത അക്കാലത്ത് കേരളത്തിലെ പത്രങ്ങളില്‍ പോലും പ്രാധാന്യത്തോടെ അച്ചടിച്ചുവന്നിരുന്നു. 2019ല്‍ തൃശൂര്‍ ആസ്ഥാനമായുള്ള ഗ്രീന്‍ബുക്‌സ് 'തെരുവിന്റെ മക്കള്‍' എന്ന പേരില്‍ അറുനൂറോളം പേജുകളുള്ള ഈ നോവലിന്റെ മലയാള വിവര്‍ത്തനം പ്രസിദ്ധീകരിച്ചു. വര്‍ഗസമരത്തിന്റെ അനന്തമായ സംഘര്‍ഷങ്ങളെ സെമിറ്റിക് ചരിത്രത്തിലെ മഹത്തായ മൂഹൂര്‍ത്തങ്ങളെ പശ്ചാത്തലമാക്കി പുനരാവിഷ്‌ക്കരിച്ചു എന്നതാണ് ഈ നോവലിനെ പ്രിയപ്പെട്ടതാക്കുന്നതും അരനൂറ്റാണ്ടിനിപ്പുറവും വിവാദ കൃതിയായി നിലനിര്‍ത്തുന്നതും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറ വാര്‍ഷികാഘോഷങ്ങള്‍ വെള്ളിയാഴ്ച

oman
  •  17 days ago
No Image

മദീനയിൽ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു

Saudi-arabia
  •  17 days ago
No Image

കൊയിലാണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ സംഭവം: മരണം മൂന്നായി

Kerala
  •  17 days ago
No Image

2034 ലോകകപ്പില്‍ മദ്യം ഉണ്ടാകില്ല, സ്ഥിരീകരിച്ച് സഊദി, മദ്യപിക്കാനായി ആരും വണ്ടി കയറേണ്ട

latest
  •  17 days ago
No Image

ജനാധിപത്യ വിരുദ്ധ വഖഫ് ബില്‍ ഉപേക്ഷിക്കുക; പി.ഡി.പി

Kerala
  •  17 days ago
No Image

കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ ആനകള്‍ ഇടഞ്ഞു; രണ്ട് മരണം 

Kerala
  •  18 days ago
No Image

കോട്ടയം നഴ്‌സിങ് കോളജിലെ റാഗിങ്: ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  18 days ago
No Image

ഒന്നര മാസത്തെ ചികിത്സയ്ക്ക് ശേഷം ഉമ തോമസ് എംഎല്‍എ ആശുപത്രി വിട്ടു

Kerala
  •  18 days ago
No Image

റീന വധക്കേസ്: ഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും 

Kerala
  •  18 days ago
No Image

കോട്ടയം നഴ്‌സിങ് കോളജിലെ റാഗിങ്: കോളജ് അധികൃതരുടെ മൊഴിയെടുത്ത് പൊലിസ്

Kerala
  •  18 days ago