സിൽവർലൈൻ ഡി.പി.ആർ ; വെള്ളപ്പൊക്ക സാധ്യത ചൂണ്ടിക്കാട്ടി റിപ്പോർട്ട്
തിരുവനന്തപുരം
സിൽവർലൈനിന്റെ സമ്പൂർണ പദ്ധതി റിപ്പോർട്ടിൽ (ഡി.പി.ആർ) സർക്കാരിന്റെ അമിത ആത്മവിശ്വാസത്തോടൊപ്പം ആശങ്കപങ്കുവയ്ക്കലും. കേരളം വിഭജിക്കപ്പെടില്ലെന്ന് ആവർത്തിക്കുന്ന റിപ്പോർട്ടിൽ നിർമാണഘട്ടത്തിൽ പരിസ്ഥിതി ദുരന്തങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുംചൂണ്ടിക്കാട്ടുന്നു.
നിർമാണം പുരോഗമിക്കുമ്പോൾ നീരൊഴുക്ക് തടസപ്പെടുന്നതിനാൽ വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പദ്ധതി പരിസ്ഥിതിയെ ബാധിക്കുന്നതു സംബന്ധിച്ച് പറയുന്ന സ്ഥലത്താണ് ഈ മുന്നറിയിപ്പുള്ളത്. പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളുടെ ചിത്രങ്ങളും ഗൂഗിൾമാപ്പും ഉൾപ്പെടെ റിപ്പോർട്ടിൽ വിശദമായി തന്നെ കൊടുത്തിട്ടുണ്ട്. പദ്ധതിക്കായി തീരദേശമേഖലയാണ് ആദ്യം പരിഗണിച്ചിരുന്നത്. ജനവാസമേഖലയും ആരാധനാലയങ്ങളും പരമാവധി ഒഴിവാക്കാൻ ശ്രമിച്ചു.
ഉദ്ദേശിച്ച വേഗത നിലനിർത്താൻ നേരായ പാതയ്ക്ക് മുൻഗണന നൽകി. സംസ്ഥാനത്ത് നിലവിലുള്ള റെയിൽ, റോഡ് ഗതാഗത സംവിധാനങ്ങൾ കേരളത്തിലെ ജനസംഖ്യയുമായി താരതമ്യംചെയ്യുമ്പോൾ തീർത്തും അപര്യാപ്തമാണ്.
തൊട്ടടുത്ത കർണാടകയിലും തമിഴ്‌നാട്ടിലും ഉള്ളതിനെക്കാൾ 30 -40 ശതമാനം വരെ സഞ്ചാരവേഗത കേരളത്തിൽ കുറവാണെന്നും പദ്ധതിയുടെ ആവശ്യകത ചൂണ്ടിക്കാട്ടി റിപ്പോർട്ടിൽ എടുത്തുപറയുന്നു. ഡി.പി.ആർ പുറത്തുവന്നെങ്കിലും വിവാദം തീരില്ല. പദ്ധതിയുടെ സാമൂഹിക ആഘാതം സംബന്ധിച്ച പഠനമടക്കം ഇനി വരാനുണ്ട്. പലഭാഗങ്ങളിലും പ്രതിഷേധം കനക്കുകയാണ്. ചിലസ്ഥലങ്ങളിൽ ബലപ്രയോഗം സംഘർഷത്തിലും കലാശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."