ബജറ്റ് പ്രഖ്യാപനം ഐസക്കിന്റെ തള്ള്; ജനങ്ങള്‍ക്ക് കിറ്റ് മാത്രം കിട്ടിയാല്‍ പോര: കുഞ്ഞാലിക്കുട്ടി
മലപ്പുറം: പണ്ട് നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാതെ പോകുന്ന പോക്കില്‍ ഐസക് നടത്തിയ അസ്സല്‍ തള്ളാണ് ബജറ്റ് പ്രഖ്യാപനങ്ങളെന്ന് മുസ്്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മൂന്നര ലക്ഷത്തിലധികം കോടി രൂപ കടം വരുത്തിവച്ചിട്ട് വയറ് നിറച്ച് പ്രസംഗം നടത്തി എന്നല്ലാതെ ബജറ്റില്‍ ഒന്നുമുണ്ടായില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഒരിക്കല്‍ കിറ്റ് കൊടുത്ത് രക്ഷപ്പെടാന്‍ കഴിയും. എല്ലാ കാലത്തും കേരളത്തിലെ ജനങ്ങള്‍ക്ക് കിറ്റ് മാത്രം കിട്ടിയാല്‍ പോര. അവര്‍ക്ക് തൊഴിലും സമ്പത്തുമടക്കമുള്ളവ വേണമെന്നും അദ്ദേഹം പറഞ്ഞു.
'ഐസകിന്റെ പ്രഖ്യാപനങ്ങള്‍ കേട്ടാല്‍ തോന്നും പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ബജറ്റ് അവതരിപ്പിക്കുകയാണെന്ന്. കടംകൊണ്ട് ജനങ്ങളുടെ നടുവൊടിഞ്ഞു. തൊഴിലില്ല. ഐടി മേഖല തകര്‍ന്നു. കാര്‍ഷിക മേഖലയെ കുറിച്ച് പറയുകയേ വേണ്ട. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു നേട്ടവും എടുത്ത് കാണിക്കാനില്ല. യുഡിഎഫ് സര്‍ക്കാരിന് ഓരോ വര്‍ഷവും നേട്ടങ്ങള്‍ എടുത്ത് കാണിക്കാനുണ്ടായിരുന്നു' കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജനങ്ങളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കി അവസാനിക്കാന്‍ പോകുന്ന ഒരു ഭരണമാണ് ഇത്. കിഫ്ബിയില്‍ കോടി ശേഖരിക്കുമെന്ന് പറഞ്ഞിട്ട് ഒന്നും എത്തിയില്ല. കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ഉതകുന്നതും നിരക്കുന്നതുമല്ല ബജറ്റെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."