പഞ്ചാബ് മുഖ്യമന്ത്രിയുടെ ബന്ധുവീട്ടിൽ ഇ.ഡി റെയ്ഡ് ; രാഷ്ട്രീയ നീക്കമെന്ന് മുഖ്യമന്ത്രി ചന്നി
ചണ്ഡിഗഢ്
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പഞ്ചാബ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ചരൺജീത് സിങ് ചന്നിയുടെ ബന്ധുവിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് റെയ്ഡ് നടത്തി. അനധികൃത ഖനനവുമായി ബന്ധപ്പെട്ടാണ് ചന്നിയുടെ സഹോദരീ പുത്രൻ ഭൂപീന്ദർ സിങ് ഹണി അടക്കമുള്ളവരുടെ വീടുകളിൽ ഇ.ഡി റെയ്ഡ് നടത്തിയത്.
ഇന്നലെ രാവിലെയായിരുന്നു ഭൂപീന്ദർ സിങ്ങിന്റെ മൊഹാലിയിലെ വീട്ടിൽ ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്. ഇവിടെയടക്കം പഞ്ചാബിലെ പത്തിലേറെ സ്ഥലങ്ങളിൽ റെയ്ഡ് നടന്നു. ഇതിനു പിന്നാലെ, പഞ്ചാബ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ബന്ധുക്കളും അനധികൃത ഖനനത്തിനു നേരത്തേതന്നെ പേരുകേട്ടവരാണെന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ് രിവാൾ രംഗത്തെത്തി. എന്നാൽ, തെരഞ്ഞെടുപ്പ് സമയത്ത് എതിരാളികളെ ലക്ഷ്യം വച്ചുള്ള ബി.ജെ.പി നീക്കമാണിതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു.
രാഷ്ട്രീയപ്രേരിതമായ റെയ്ഡാണ് നടക്കുന്നതെന്നും കേന്ദ്ര ഏജൻസികളെ ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണെന്നും പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിങ് ചന്നി ആരോപിച്ചു. ഇത്തരം നീക്കങ്ങളെ നേരിടാനറിയാം. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നേരത്തെ ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇത്തരം നീക്കങ്ങൾ ബി.ജെ.പി നടത്തിയതാണെന്നും അതൊന്നും ജനങ്ങൾക്കു മുന്നിൽ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."