സാദരം, സാനിയ
സിഡ്‌നി
ലോക ടെന്നീസ് കോർട്ടുകളിൽ നിന്നും ഇന്ത്യക്ക് കിരീടങ്ങൾ സമ്മാനിച്ച ടെന്നീസ് രാജകുമാരി സാനിയ മിർസ കളമൊഴിയുന്നു. ആസ്‌ത്രേലിയൻ ഓപ്പൺ ഡബിൾസ് പോരാട്ടത്തിലെ തോൽവിക്ക് പിന്നാലെയായിരുന്നു ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ വിരമിക്കൽ പ്രഖ്യാപനം എത്തിയത്.
2022 തന്റെ തന്റെ കരിയറിലെ അവസാന സീസണാണെന്ന് സാനിയ പ്രഖ്യാപിച്ചു. 18 വർഷം നീണ്ട പ്രൊഫണൽ ടെന്നീസ് കരിയറിനാണ് സാനിയ ഈ സീസണോടെ വിരാമം കുറിക്കുന്നത്. ഉക്രെയ്ൻ താരം നാദിയ കിചെനോക്കായിരുന്നു ആസ്‌ത്രേലിയൻ ഓപ്പൺ ഡബിൾസിൽ സാനിയയുടെ കൂട്ടുക്കാരി. 12 ാം സീഡുകാരയ ഇരുവരും ഒരു മണിക്കൂറും 37 മിനിട്ടും നീണ്ട പോരാട്ടത്തിൽ സ്ലൊവേനിയൻ ജോഡി തമാര സിദാൻസെക് - കജ ജുവാൻ സഖ്യത്തിന് മുന്നിൽ തോറ്റു. രണ്ടു സെറ്റ് പോരാട്ടത്തിലാണ് സ്ലൊവേനിയൻ ജോഡി സാനിയ - നാദിയ സഖ്യത്തെ വീഴ്ത്തിയത്. ആറാം വയസിൽ ലോൺ ടെന്നീസ് കളിച്ചായിരുന്നു സാനിയയുടെ തുടക്കം. ടെന്നീസ് താരം മഹേഷ് ഭൂപതിയുടെ പിതാവ് സി.ജി കൃഷ്ണ ഭൂപതി ആയിരുന്നു ഹൈദരാബാദിലെ നിസാം ക്ലബ്ബിൽ കളിച്ചു തുടങ്ങിയപ്പോൾ സാനിയയുടെ പരിശീലകൻ. സെക്കന്തരാബാദിലെ സിന്നറ്റ് ടെന്നീസ് അക്കാദമിയിൽ നിന്നാണ് പ്രഫഷണൽ ടെന്നീസ് പഠിച്ചത്.
പിന്നാലെ അമേരിക്കയിലെ ഏയ്‌സ് ടെന്നീസ് അക്കാദമിയിൽ ചേർന്നു. 1999 ൽ ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന ലോക ജൂനിയർ ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി റാക്കറ്റേന്തിയാണ് സാനിയ ആദ്യ രാജ്യാന്തര മത്സരത്തിന് തുടക്കമിട്ടത്.
2003 ൽ വിംബിൾഡൺ ജൂനിയർ ഗ്രാൻഡ്സ്ലാം ഡബിൾസ് കിരീടം നേടി വരവറിയിച്ചു. വിംബിൾഡൺ പോരാട്ടത്തിൽ ഏതെങ്കിലും വിഭാഗത്തിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതി സാനിയ സ്വന്തമാക്കി. 2005 ൽ ആസ്‌ത്രേലിയൻ ഓപ്പണിൽ മൂന്നാം റൗണ്ടിലെത്തി.
യു.എസ് ഓപ്പണിൽ നാലാം റൗണ്ട് വരെ കുതിപ്പ് നടത്തിയ സാനിയ റാങ്കിങ്ങിൽ വൻമുന്നേറ്റമാണ് സൃഷ്ടിച്ചത്. ഏതെങ്കിലുമൊരു ഗ്രാൻഡ്സ്ലാം ടൂർണമെന്റിന്റെ അവസാന 16 ൽ എത്തുന്ന ആദ്യ ഇന്ത്യൻ താരമായി. ഹൈദരാബാദ് ഓപ്പൺ ഡബിൾസ് ടൂർണമെന്റിന്റെ ഫൈനൽ കളിച്ച സാനിയ ദക്ഷിണാഫ്രിക്കൻ താരം ലിസൽ ഹ്യൂബറുമായി ചേർന്ന് കിരീടം നേടി.
വനിത ടെന്നീസ് അസോസിയേഷൻ കിരീടം ഒരു ഇന്ത്യൻ താരം ആദ്യമായി നേടുന്നതും അന്നായിരുന്നു. 2007 ൽ ലോക റാങ്കിങ്ങിൽ 30 ൽ എത്തി സാനിയ. 2007 ൽ ഈസ്റ്റ് വെസ്റ്റ് ബാങ്ക് ക്ലാസിക് ടെന്നീസ് ടൂർണമെന്റിൽ മുൻ ലോക ഒന്നാം നമ്പർ താരം മാർട്ടിന ഹിൻഗിസിനെ അട്ടിമറിച്ചു. ഡബിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരമായിരുന്ന സാനിയ ആറു ഗ്രാൻസ്ലാം കിരീടങ്ങൾ സ്വന്തമാക്കി. സിംഗിൾസിൽ 27 ആണ് ഏറ്റവും ഉയർന്ന റാങ്കിങ്. ടെന്നീസ് ചരിത്രത്തിൽ ഒരു ഇന്ത്യൻ വനിതയുടെ ഏറ്റവും ഉയർന്ന റാങ്കിങ് നേട്ടമാണിത്. സ്വെറ്റ്‌ലാന കുറ്റ്‌നെസോവ, വെര സ്വനരേവ, മരിയൻ ബർതോളി, മാർട്ടിന ഹിംഗിസ്, ദിനാര സഫീന, വിക്ടോറിയ അസരങ്ക തുടങ്ങിയ സൂപ്പർ താരങ്ങളെ തോൽപ്പിച്ചു.
കണങ്കൈയ്ക്ക് ഏറ്റ പരുക്ക് വിട്ടു മാറാതെ വന്നതോടെയാണ് സിംഗിൾസ് കരിയർ ഉപേക്ഷിച്ചത്. ആഫ്രോ ഏഷ്യൻ ഗെയിംസിൽ നാല് സ്വർണ മെഡലുകൾ. ഏഷ്യൻ ഗെയിംസ് മിക്‌സഡ് ഡബിൾസിൽ സാനിയ - ലിയാൻഡർ പേസ് സഖ്യം വെങ്കലവും നേടി. 2004 ൽ അർജുന അവാർഡും 2006 ൽ പത്മശ്രീയും 2015 ൽ ഖേൽരത്‌നയും 2016 ൽ പത്മഭൂഷണും നൽകി രാജ്യം സാനിയ മിർസയെ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."