HOME
DETAILS

സി.പി.എമ്മിന്റെ ന്യൂനപക്ഷ പ്രേമം: വർഗീയ ശക്തികളെ വളർത്താനുള്ള തന്ത്രം

  
backup
January 22 2022 | 19:01 PM

5623-5623-2022

 

കഴിഞ്ഞ മാസം ജയ്പൂരിൽ നടന്ന കോൺഗ്രസ് മഹാറാലിയിൽ ഹിന്ദുത്വത്തെ നിശിതമായി വിമർശിച്ചുകൊണ്ട് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിലെ ചില വാക്കുകൾ സന്ദർഭത്തിൽനിന്നും അടർത്തിമാറ്റി മതേതര ചിന്ത പുലർത്തുന്നവരിൽ തെറ്റിദ്ധാരണയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നതിന് സി.പി.എം കിണഞ്ഞു പരിശ്രമിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ ജയ്പൂർ പ്രസംഗവുമായി ബന്ധപ്പെട്ട് സംഘ്പരിവാർ പ്രതികരിച്ചതിനേക്കാൾ രൂക്ഷമായും നിരന്തരമായും സി.പി.എം കോൺഗ്രസിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ആസൂത്രിതമായ ഒരു അജണ്ടയുടെ ഭാഗമായിത്തന്നെയാണ് എന്ന് ഈ പ്രതീകങ്ങളിൽനിന്നും മനസ്സിലാക്കാൻ കഴിയും. കോൺഗ്രസിനെക്കുറിച്ച് മത ന്യൂനപക്ഷങ്ങളുടെ മനസ്സിൽ തെറ്റിധാരണ സൃഷ്ടിച്ചുകൊണ്ട് കോൺഗ്രസിന്റെ ചെലവിൽ ഇവിടെ സംഘ്പരിവാറിനെ വളർത്താനുള്ള ആസൂത്രിതമായ തന്ത്രമാണ് സി.പി.എം നടത്തുന്നത്.
കോൺഗ്രസ് നേതൃനിരയിൽ കേരളത്തിലും ദേശീയതലത്തിലും മതന്യൂനപക്ഷങ്ങളെ ഒഴിവാക്കുന്നുവെന്ന കോടിയേരി ബാലകൃഷ്ണന്റെ തുടർച്ചയായ പ്രസ്താവനകളും ഇതിനെ രാഹുൽ ഗാന്ധിയുടെ ജയ്പൂർ പ്രസംഗവുമായി കൂട്ടിക്കുഴക്കാനുള്ള ശ്രമങ്ങളും മതേതര കേരളത്തിന്റെ മണ്ണിൽ വർഗീയത ആളിക്കത്തിക്കാനുള്ള ഗൂഢലക്ഷ്യത്തിന്റെ ഭാഗമാണ്. മതവും ജാതിയും വർഗീയതയും കൂട്ടുചേർത്തുള്ള ഏതു പ്രചാരണവും ആത്യന്തികമായി തുണക്കുക സംഘ്പരിവാറിനെയാണ് എന്ന് കൃത്യമായി മനസ്സിലാക്കിയാണ് കേരളത്തിലെ സി.പി.എം നേതൃത്വം അപകടകരമായ ഈ തീക്കളിക്ക് മുതിരുന്നത് എന്നത് ശ്രദ്ധേയമാണ്. ഉത്തരേന്ത്യയിൽ കോൺഗ്രസിനെ ദുർബലപ്പെടുത്താൻ ബി.ജെ.പി ഉപയോഗിക്കുന്ന വർഗീയ കാർഡിനേക്കാൾ തീവ്രമായി സി.പി.എം കേരളത്തിൽ കോൺഗ്രസിന് എതിരേ ഉപയോഗിക്കുകയാണ്. വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ നിന്നും കണ്ണൂർ പാർട്ടി കോൺഗ്രസിൽ എത്തുമ്പോൾ ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഗണ്യമായ മാറ്റം വന്നുവെന്നും ഫാസിസം തീവ്രമായി പിടിമുറുക്കുന്നു എന്നുമുള്ള സത്യം ബോധപൂർവം മറച്ചുവെച്ചാണ് മതേതര ജനാധിപത്യ ചിന്തകളുടെ അവസാന തുരുത്തായ കോൺഗ്രസിനെ വർഗീയകാർഡ് ഉപയോഗിച്ചുകൊണ്ട് സംഘ്പരിവാറിനുവേണ്ടി ദുർബലപ്പെടുത്താൻ സി.പി.എം ശ്രമിക്കുന്നത്.
ഹിന്ദു, ഹിന്ദുത്വ, ദേശീയത:
രാഹുൽ ഗാന്ധി പറഞ്ഞത്
കോൺഗ്രസ് നേതാവായ സൽമാൻ ഖുർഷിദിന്റെ 'സൺറൈസസ് ഓവർ നേഷൻഹുഡ് ഇൻ അവർ ടൈംസ്' എന്ന പുസ്തകത്തിനെതിരേ സംഘ്പരിവാർ സംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങൾക്കിടയിൽ പുസ്തകത്തെ പിന്തുണച്ചുകൊണ്ട് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ കേരളത്തിലെ സി.പി.എം നേതൃത്വം മത ന്യൂനപക്ഷങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പടർത്താൻ വ്യാപകമായി ഉപയോഗിക്കുന്നത്. 'ഹിന്ദുമത ദർശനങ്ങളിൽ അഭിമാനിക്കുകയും എന്നാൽ ഹിന്ദുത്വത്തെ ചോദ്യം ചെയ്യുന്നതുമാണ് തന്റെ പുസ്തകമെന്ന' സൽമാൻ ഖുർഷിദിന്റെ നിലപാട് തന്നെയാണ് രാഹുൽ ഗാന്ധിയും സ്വീകരിച്ചുവരുന്നത്. താനൊരു സനാതന ഹിന്ദുവാണെന്ന് അഭിമാനിക്കുകയും ഇന്ത്യയിൽ രാമരാജ്യം വരണമെന്ന് ആഗ്രഹിക്കുകയും ചെയ്ത മഹാത്മാ ഗാന്ധിയുടെ നിലപാടുകളെ സന്ദർഭത്തിൽനിന്നും എടുത്തുമാറ്റി വിമർശിക്കുന്ന അതേ പശ്ചാത്തലത്തിൽ മാത്രം രാഹുൽ ഗാന്ധിക്കെതിരായ അഭിപ്രായങ്ങളെയും കണ്ടാൽ മതി. താനൊരു സനാതന ഹിന്ദുവാണ് എന്ന് ഗാന്ധി പറഞ്ഞതിനെ ഗാന്ധി വർഗീയത പറയുന്നുവെന്നും കോൺഗ്രസ് മതേതര മൂല്യങ്ങളിൽ വെള്ളം ചേർക്കുന്നുവെന്നും കടുത്ത വിമർശകർ ഒഴികെ മറ്റാരും നിരീക്ഷിച്ചിട്ടില്ല. ഹിന്ദുത്വ വർഗീയതക്കെതിരേ അന്ന് ഗാന്ധി പ്രതികരിച്ചതും ഇന്ന് രാഹുൽ ഗാന്ധി പ്രതികരിക്കുന്നതും അത് ഉയർത്തുന്ന ഭീഷണികളുടെ ആഴം കൃത്യമായി മനസ്സിലാക്കി തന്നെയാണ്. 'ദേശസ്‌നേഹത്തിന്റെ ആട്ടിൻതോലണിഞ്ഞ ഹിന്ദുത്വവാദികൾ ആയിരിക്കും ഭാവിയിൽ ഇന്ത്യ നേരിടാൻ പോകുന്ന ഏറ്റവും വലിയ ഭീഷണി'' എന്ന് ഹിന്ദു കോഡ് ബില്ലുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പണ്ട് നെഹ്‌റു പറഞ്ഞത് ഇന്ന് ഏറെക്കുറെ അന്വർഥമായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് വേണം രാഹുൽ ഗാന്ധിയുടെ വാക്കുകളെ കാണാൻ.
സംഘ്പരിവാറിന്റെ തീവ്ര ഹിന്ദുത്വത്തിനെതിരേ രാഹുൽ ഗാന്ധി മൃദു ഹിന്ദുത്വം പരീക്ഷിക്കുന്നു എന്നും ഇതിന്റെ ഭാഗമായി ന്യൂനപക്ഷ മതങ്ങളിൽനിന്നുമുള്ള നേതാക്കളെ ബോധപൂർവം കോൺഗ്രസ് ഒഴിവാക്കുന്നു എന്നുമാണല്ലോ സി.പി.എം വിമർശനങ്ങളുടെയെല്ലാം കാതൽ. എന്നാൽ യഥാർഥത്തിൽ രാഹുൽ ഗാന്ധി എന്താണ് പറഞ്ഞതെന്ന് ആഴത്തിൽ പരിശോധിക്കുമ്പോൾ വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇന്ത്യയിലെ സമകാലിക രാഷ്ട്രീയ പശ്ചാത്തലത്തിൽ അത്തരം പരാമർശങ്ങൾ അനിവാര്യമാണെന്നും മനസ്സിലാകും. സംഘ്പരിവാറിനും ആർ.എസ്.എസ്സിനും എതിരേ ഇന്ന് ഇന്ത്യയിൽ ഏറ്റവും ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന നേതാവാണ് രാഹുൽ ഗാന്ധി. 'ഗാന്ധിയെ വധിച്ചത് ആർ.എസ്.എസ്സാണ്' എന്ന് പരസ്യമായി പറഞ്ഞതിന്റെ പേരിൽ കോടതി നടപടികൾ നേരിടുന്ന ആളാണ് രാഹുൽ ഗാന്ധി. പരാമർശനത്തിന്റെ പേരിൽ മാപ്പ് പറയണം എന്ന ആവശ്യം ഉയർന്നപ്പോൾ 'മാപ്പ് പറയാൻ എന്റെ പേര് രാഹുൽ സവർക്കർ അല്ല' എന്ന് തിരിച്ചടിക്കുകയും ചെയ്തു.
'ഹിന്ദുവും ഹിന്ദുത്വവാദിയും വ്യത്യസ്ത അർഥങ്ങളുള്ള വാക്കുകളാണ്. ഞാൻ ഹിന്ദുവാണ്, ഹിന്ദുത്വവാദിയല്ല. മഹാത്മാ ഗാന്ധി ഒരു ഹിന്ദുവായിരുന്നു. ഗോഡ്‌സെ ഹിന്ദുത്വവാദിയും. മഹാത്മഗാന്ധി സത്യാന്വേഷണത്തിനായി ജീവിതം ചെലവഴിച്ചു. നാഥുറാം ഗോഡ്‌സെ മൂന്ന് വെടിയുണ്ടകൾകൊണ്ട് അദ്ദേഹത്തിന്റെ ജീവനെടുത്തു. ഹിന്ദുത്വവാദികൾ ജീവിതം മുഴുവൻ അധികാരം തേടിയാണ് ചെലവഴിക്കുന്നത്. അധികാരമല്ലാതെ അവർക്ക് മറ്റൊന്നുമില്ല. അതിനായി അവർ എന്തും ചെയ്യും. ഈ രാജ്യം ഹിന്ദുക്കളുടേതാണ്, ഹിന്ദുത്വവാദികളുടേതല്ല'. ഇതാണ് ജയ്പൂരിൽ നടന്ന കോൺഗ്രസ് മഹാറാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞ വാക്കുകൾ. ജനങ്ങളുടെ മനസ്സിൽ 'ഹിന്ദു' ആശയത്തെ ഹിന്ദുത്വ അജണ്ടയുമായി കൂട്ടിക്കുഴയ്ക്കാനുള്ള സംഘ്പരിവാറിന്റെ ഗൂഢ അജണ്ടക്കെതിരേയുള്ള ശക്തമായ പ്രതികരണം ആണ് രാഹുൽ ഗാന്ധിയുടെ വാക്കുകൾ.
ഹിന്ദുത്വ ഉയർത്തുന്ന ഭീഷണികൾ
ഇന്ത്യയിൽ സംഘ്പരിവാറിന്റെ ചരിത്രവുമായി ബന്ധപ്പെട്ട അതിനിർണായകമായ വർഷങ്ങളാണ് വരാനിരിക്കുന്നത്. സംഘ്പരിവാറിന്റെ പ്രത്യയശാസ്ത്ര തറകൾക്ക് അസ്ഥിവാരമിട്ട 'ഹിന്ദുത്വ' എന്ന ആശയത്തിന് ബീജാവാപം ചെയ്ത വി.ഡി സവർക്കറുടെ ഹിന്ദുത്വ എന്ന പുസ്തകം രചിക്കപ്പെട്ടിട്ട് 2023ൽ നൂറുവർഷങ്ങൾ തികയുകയാണ്. അതുപോലെ ഹിന്ദുത്വ ചിന്തകളുടെ സാക്ഷാത്കാരത്തിനുവേണ്ടി രൂപീകരിക്കപ്പെട്ട ആർ.എസ്.എസ്സും 2025ൽ നൂറു വർഷങ്ങൾ പിന്നിടുകയാണ്. ആശയത്തിന്റെയും പ്രസ്ഥാനത്തിന്റെയും നൂറു വർഷങ്ങൾ പിന്നിടുന്ന വേളയിൽ ഇന്ത്യയെ ഒരു ഹിന്ദു മതാഷ്ഠിത രാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള തിരക്കഥകൾ ആണ് അണിയറയിൽ ഒരുങ്ങുന്നത്. ഡോ. ജയന്ത് അതാവാലെ നയിക്കുന്ന തീവ്രഹിന്ദുത്വ സംഘടനയായ സനാതൻ സന്‌സ്ഥെ ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനായി കുറിച്ചിരിക്കുന്ന സമയപരിധി 2023 ആണ്. ഭാരതം ഒരു ഹിന്ദുരാഷ്ട്രമാണെന്ന കാഴ്ചപ്പാടിൽ രാഷ്ട്രീയ സ്വയംസേവക സംഘം ഉറച്ചു നിൽക്കുന്നതായി ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് കഴിഞ്ഞ വിജയദശമി ദിവസത്തിലും ആവർത്തിച്ചു പ്രഖ്യാപിച്ചിരുന്നു. 2019 മെയ് മാസം രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ ദോശ ചുടുന്ന ലാഘവത്തോടെ പാർലമെന്റ് പാസ്സാക്കിയത് മൂന്ന് സുപ്രധാന നിയമങ്ങൾ ആണ്. ഈ മൂന്നു നിയമങ്ങളിലും ഉള്ള പൊതുസ്വഭാവം ഇത് സംഘ്പരിവാറിന്റെ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാനുള്ള തീരുമാനങ്ങൾ ആയിരുന്നു എന്നതാണ്. ഭരണഘടന എന്നത് കേവലം കടലാസുപുസ്തകമായി മാറുന്ന ദയനീയ ചിത്രത്തിനാണ് രാജ്യത്തെ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റും പരമോന്നത നീതിപീഠവും ഇന്ന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത് . ഭരണഘടന വേദപുസ്തകമാണ് എന്ന് ആവർത്തിക്കുന്ന അതേ പ്രധാനമന്ത്രി തന്നെ നിർലജ്ജം ഭരണഘടനയെ കശാപ്പു ചെയ്യുന്നതിന് കൂട്ടുനിൽക്കുകയാണ്.
'ഹിന്ദുത്വ'ക്കെതിരേ
ചെറുത്തുനിൽപ്പുകൾ:
എവിടെയാണ് സി.പി.എം?
എന്നാൽ ദുഃഖകരമെന്നു പറയട്ടെ... കോൺഗ്രസിനെ ഉത്തരേന്ത്യയിൽ ദുർബലപ്പെടുത്താൻ ബി.ജെ.പിയും സംഘ്പരിവാറും പരീക്ഷിച്ച അതേ വർഗീയ തന്ത്രം അവരേക്കാൾ തീവ്രമായി സി.പി.എം കേരളത്തിൽ പരീക്ഷിക്കുകയാണ്. ശബരിമല വിഷയത്തിൽ ഭൂരിപക്ഷ വർഗീയകാർഡ് ഇറക്കി കോൺഗ്രസിനെ തളർത്താനും സംഘ്പരിവാറിനെ വളർത്താനും ശ്രമിച്ച സി.പി.എം ഇപ്പോൾ ന്യൂനപക്ഷകാർഡുമായി രംഗത്തുവന്നിരിക്കുകയാണ്. കോൺഗ്രസ് തകർന്നാൽ സി.പി.എമ്മിന് ഒപ്പം ബി.ജെ.പിയും അതിന്റെ ഗുണഭോക്താവ് ആകും എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ബോധപൂർവം സംഘ്പരിവാറിനെയും മറ്റ് ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയസംഘടനകളെയും കേരളത്തിന്റെ മതേതരമണ്ണിൽ വളർത്തുവാൻ സി.പി.എം ബോധപൂർവം ശ്രമിക്കുന്നത്. ഒരേ സമയംതന്നെ ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയത ആളിക്കത്തിക്കാനാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ശ്രമിക്കുന്നത്.
അന്ധമായ കോൺഗ്രസ് വിരോധം പുലർത്തിക്കൊണ്ട് ദേശീയതലത്തിൽത്തന്നെ ബി.ജെ.പിയുടെ ബി ടീമാകാൻ സി.പി.എം ശ്രമിക്കുന്ന കാഴ്ചയാണ് കാണുന്നത്. ദേശീയതലത്തിൽ പ്രധാനപ്പെട്ട മതേതര ജനാധിപത്യ പാർട്ടികൾ എല്ലാം കോൺഗ്രസ് നേതൃത്വം നൽകുന്ന ദേശീയ ബദലിന് ഒപ്പം നിന്നുകൊണ്ട് ബി.ജെ.പിക്കെതിരേ പ്രതിരോധം തീർക്കാൻ പരിശ്രമിക്കുമ്പോൾ ആ ദേശീയബദലിനെ തകർത്തുകൊണ്ട് ബി.ജെ.പിയെ സഹായിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ബി.ജെ.പിക്ക് ദേശീയ തലത്തിൽ ബദലാകാൻ ഇടതുപക്ഷത്തിന് ഒരിക്കലും കഴിയില്ല എന്ന് സി.പി.ഐ നേതാക്കൾപ്പോലും പലവട്ടം പറഞ്ഞിട്ടും സി.പി.എമ്മിന് ഇപ്പോഴും മുഖ്യശത്രു കോൺഗ്രസ് തന്നെയാണ്.
ഇന്ത്യയിൽ ഫാസിസം വന്നിട്ടില്ല എന്നും ചില സർവാധിപത്യ പ്രവണതകൾ മാത്രമാണ് പ്രകടമായിട്ടുള്ളത് എന്നും സൂചിപ്പിച്ചുകൊണ്ട് മുൻ പാർട്ടി സെക്രട്ടറി ആയിരുന്ന പ്രകാശ് കാരാട്ട് എഴുതിയ ലേഖനം മുതൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ദേശീയ ബദലിനെ പൊളിക്കാനുള്ള നീക്കവും ബി.ജെ.പി പോലും ആക്രമിക്കാത്ത രീതിയിൽ കോൺഗ്രസിനെതിരേ മൃദുഹിന്ദുത്വ ആരോപണംവരെ സി.പി.എമ്മിന്റെ സംഘ്പരിവാർ വിധേയത്വം കാണുവാൻ കഴിയും. കോൺഗ്രസിനെ ദുർബലപ്പെടുത്തി ബി.ജെ.പിയെ സഹായിക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗം തന്നെയാണ് സി.പി.എം ഇപ്പോൾ ഉപയോഗിക്കുന്ന ന്യൂനപക്ഷ വർഗീയ കാർഡ് എന്ന് നിസ്സംശയം പറയാൻ കഴിയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സഫിയുദ്ദീന്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago