53ാമത്തെ വയസില്‍ പിറന്നുവീണയാളല്ല സ്പീക്കര്‍: പ്രതിപക്ഷത്തിനെതിരേ തിരിച്ചടിച്ച് എം സ്വരാജ്
തിരുവന്തപുരം: സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരായ പ്രമേയം അവതരിപ്പിച്ചതില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് എം സ്വരാജ് എം.എല്‍.എ. സഭയില്‍ നടക്കുന്നത് അര്‍ത്ഥരഹിതമായ ബഹളമായിരുന്നെന്നും എന്തെങ്കിലും കഴമ്പുള്ള ഒരു വാക്ക്, ഗൗരവമായ ഒരു വിമര്‍ശനം,സൃഷ്ടിപരമായ ഒരു നിര്‍ദേശം നാളിതുവരെ ഉന്നയിക്കാന്‍ ഈപ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്നും സ്വരാജ് പറഞ്ഞു.
കള്ളപ്പണ ഇടപാടില്‍ ഇടനില നിന്നിട്ട് ഇ.ഡി ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ ഓടിരക്ഷപ്പെടേണ്ടി വന്ന പാരമ്പര്യമല്ല ഈ സഭയില്‍ ഭരണപക്ഷത്തിരിക്കുന്നവരും സ്പീക്കര്‍ കസേരയിലിരിക്കുന്നവര്‍ക്കുമുള്ളത്. എല്ലാം കഴിഞ്ഞ് സ്പീക്കര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. 53ാമത്തെ വയസില്‍ പിറന്നുവീണയാളല്ല സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഈ രാജ്യത്തെ ഐഡിയല്‍ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട സ്പീക്കറെ കേട്ടുകള്‍വികളുടെ അടിസ്ഥാനത്തിലും വലതുപക്ഷ മാധ്യമങ്ങളിലെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലും കുറ്റവിചാരണ ചെയ്യാന്‍ വേണ്ടി മാത്രം പ്രമേയം അവതരിപ്പിച്ചതാണെന്ന് സ്വരാജ് കുറ്റപ്പെടുത്തി.
കഴിഞ്ഞ നിയസഭാ സമ്മേളത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ എന്തൊക്കെ ബഹളങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തി. എന്തൊക്കെ നീചമായ ആരോപണങ്ങള്‍ ഉന്നയിച്ചു. ഖുറാന്‍ കള്ളക്കടത്ത് നടത്തി. സ്വര്‍ണക്കടത്തില്‍ ബന്ധം. ഒരു തരിപൊന്നുപോലുമില്ലാത്ത കുടുംബത്തിലെ അംഗമെന്ന നിലയില്‍ ഈ മന്ത്രിസഭയില്‍ സംശുദ്ധനായി നില്‍ക്കുന്ന ഒരാളെ നിങ്ങള്‍ എങ്ങനെയൊക്കെ ക്രൂശിച്ചു. 20 കൊല്ലത്തെ അദ്ദേഹത്തിന്റെ അക്കൗണ്ട് പരിശോധിച്ചു. 10 പൈസയുടെ ക്രമവിരുദ്ധ ഇടപാട് കണ്ടെത്താന്‍ കഴിഞ്ഞോ, ജനാധിപത്യത്തിലെ കുറ്റകരമായ നടപടികളാണ് പ്രതിപക്ഷം അനുവര്‍ത്തിക്കുന്നത്. ഇതിന് ജനങ്ങളുടെ മുന്‍പില്‍ മറുപടി പറയേണ്ടി വരുമെന്നും സ്വരാജ് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."