ദിഷ; പ്രാഥമിക യോഗം ഇന്ന്
കൊല്ലം: കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനും അവലോകനം നടത്തുന്നതിനുമായി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ചെയര്‍മാനായി രൂപീകരിച്ചിട്ടുള്ള ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കോഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ (ദിഷ) പ്രഥമയോഗം ഇന്നു രാവിലെ 11.30 ന് കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസില്‍ ചേരും.
ജില്ലാ കലക്ടര്‍, മെമ്പര്‍, സെക്രട്ടറിയായിട്ടുള്ള കമ്മിറ്റിയില്‍ ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മേയര്‍ തുടങ്ങി ജനപ്രതിനിധികളും ജില്ലയിലെ പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള വകുപ്പ് മേധാവികളും അംഗങ്ങളാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുവാനും തടസ്സങ്ങള്‍ നീക്കുവാനുമുള്ള ചുമതല കമ്മിറ്റിക്കുണ്ട്.
ജില്ലയിലെ വികസനം മുന്‍നിര്‍ത്തി കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ രൂപകല്‍പന മുതല്‍ നടത്തിപ്പ് വരെയുള്ള വിവിധ ഘട്ടങ്ങളില്‍ കമ്മിറ്റിയുടെ മേല്‍നോട്ടവും നിരീക്ഷണവും ഉറപ്പുവരുത്തുന്ന അധികാരങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. സുതാര്യമായ പദ്ധതി ആവിഷ്‌കരണവും നടത്തിപ്പും ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്വം കാര്യക്ഷമമായി വിനിയോഗിക്കുവാനുള്ള അധികാരവും കമ്മിറ്റിയില്‍ നിക്ഷിപ്തമാണെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. കമ്മിറ്റിയിലെ ചര്‍ച്ചയുടെയും തീരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ കൊല്ലം ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള പരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."