മലബാറില്‍ സീറ്റുകള്‍ വച്ചുമാറാനില്ലെന്ന് സി.പി.ഐ
കോഴിക്കോട്: മലബാറില്‍ പരമ്പരാഗതമായി മത്സരിച്ചുപോരുന്ന സീറ്റുകളില്‍ ചിലത് സി.പി.എമ്മുമായി വച്ചുമാറാനുള്ള ചര്‍ച്ചകളെ തള്ളി സി.പി.ഐ. വച്ചുമാറ്റം നഷ്ടക്കച്ചവടമാകുമെന്ന വിലയിരുത്തലിലാണ് സി.പി.ഐ. നാദാപുരം, മണ്ണാര്‍ക്കാട്, ഇരിക്കൂര്‍ മണ്ഡലങ്ങള്‍ വച്ചുമാറാനുള്ള നിര്‍ദേശമാണ് ഇതില്‍ പ്രധാനം. ഇതില്‍ സിറ്റിങ് മണ്ഡലമായ നാദാപുരത്തിന് പകരം സി.പി.എമ്മിന്റെ സിറ്റിങ് മണ്ഡലമായ ബാലുശ്ശേരി സി.പി.ഐക്ക് നല്‍കാമെന്നായിരുന്നു ചര്‍ച്ച. കഴിഞ്ഞ തവണ യു.ഡി.എഫില്‍ നിന്ന് കടുത്ത മത്സരം നേരിട്ടാണ് നാദാപുരത്ത് വിജയിച്ചത്. ഇത്തവണ നഷ്ടപ്പെടാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് മണ്ഡലം ഏറ്റെടുക്കാന്‍ സി.പി.എം നീക്കം ശക്തമാക്കിയത്.
ആദ്യഘട്ടത്തില്‍ സി.പി.ഐ ഇതിന് സമ്മതം മൂളിയിരുന്നു. സംവരണ മണ്ഡലമായ ബാലുശ്ശേരിയില്‍ ജില്ലാ സെക്രട്ടറി ടി.വി ബാലനെ മത്സരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ സി.പി.ഐയിലും സജീവമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗം സീറ്റ് വച്ചുമാറ്റം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. നാദാപുരത്ത് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും മഹിളാ സംഘം ജന. സെക്രട്ടറിയുമായ പി. വസന്തം, ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ പി. ഗവാസ് എന്നിവരുടെ പേരാണ് സി.പി.ഐ പരിഗണിക്കുന്നത്.
മണ്ണാര്‍ക്കാടിന് പകരം തൃത്താല നല്‍കാമെന്നാണ് പാലക്കാട്ടെ സി.പി.എം ജില്ലാ നേതൃത്വം മുന്നോട്ടുവച്ച ഫോര്‍മുല. ഇത് സ്വീകാര്യമല്ലെന്നാണ് സി.പി.ഐയുടെ നിലപാട്. പട്ടാമ്പിയില്‍ സിറ്റിങ് എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്‍ തന്നെ മത്സരരംഗത്തുണ്ടാവുമെന്ന് സി.പി.ഐ ഉറപ്പിക്കുന്നു. കണ്ണൂരിലെ ഇരിക്കൂറിന് പകരം പേരാവൂര്‍ നല്‍കാമെന്നാണ് സി.പി.എം നിര്‍ദേശം.
പുതുതായി മുന്നണിയിലെത്തിയ കേരള കോണ്‍ഗ്രസ് എമ്മിന് ഇരിക്കൂര്‍ നല്‍കാനാണ് നീക്കം. എന്നാല്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റില്‍ മത്സരിക്കാന്‍ നിര്‍ദേശിക്കുന്നതിന് പകരം കണ്ണൂരിലെ ജയം ഉറപ്പുള്ള സീറ്റുകളില്‍ ഒന്ന് നല്‍കണമെന്നാണ് സി.പി.ഐയുടെ ആവശ്യം. മലബാറില്‍ ആറ് മണ്ഡലങ്ങളിലാണ് കഴിഞ്ഞ തവണ സി.പി.ഐ മത്സരിച്ചത്. ഇതില്‍ പട്ടാമ്പി, നാദാപുരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ ജയിച്ചു. മണ്ണാര്‍ക്കാട്, മഞ്ചേരി, ഇരിക്കൂര്‍ എന്നിവിടങ്ങളില്‍ പരാജയപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."