ആഭ്യന്തര കലാപ ഭീഷണി: യു.എസില്‍ ടെറര്‍ അലര്‍ട്ട്
വാഷിങ്ടണ്‍: ആഭ്യന്തര കലാപത്തിന് സാധ്യത മുന്നില്‍ കണ്ട് യു.എസില്‍ ടെറര്‍ അലര്‍ട്ട് പ്രഖ്യാപിച്ചതായി യു.എസ്.ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി അറിയിച്ചു.
കലാപത്തിന് ശ്രമിച്ചതായി വ്യക്തമായ തെളിവുകള്‍ ഒന്നും ചൂണ്ടിക്കാണിക്കാതെയാണ് ഉത്തരവിറക്കിയത്. ജോ ബൈഡന് പ്രസിഡന്റാകുന്നതിനെ എതിര്‍ത്ത് സര്‍ക്കാര്‍ വിരുദ്ധ ശക്തികളില്‍ നിന്നാണ് ഭീഷണിയുയര്‍ന്നിട്ടുണ്ടെന്നും ജനുവരി 20 മുതല്‍ ഈ സാഹചര്യം നിലനില്‍ക്കുകയാണെന്നും ഹോംലാന്റ് സെക്യൂരിറ്റി ബുള്ളറ്റിനില്‍ പറയുന്നു.
സംശയാസ്പദമായ രീതിയില്‍ ആരെയെങ്കിലും ഏതെങ്കിലും സാഹചര്യത്തില്‍ കണ്ടെത്തുകയാണെങ്കില്‍ ഉടനെ ബന്ധപ്പെട്ടവരെയും പൊലിസിനെയോ വിളിച്ചുവിവരം അറിയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായും ഡി.എച്ച്.എസ് അറിയിച്ചിട്ടുണ്ട്.
സമീപദിവസങ്ങളില്‍ അക്രമാസക്തമായ ലഹളകള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വര്‍ധിച്ചുവരുന്നുണ്ടെന്നും ഇത് വ്യാപിക്കാതിരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും ഡി.എച്ച്.എസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി നൂറ്റി അമ്പതില്‍പ്പരം തീവ്രവാദി ഗ്രൂപ്പില്‍പ്പെട്ടവരെ ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊവിഡ്19 വ്യാപിക്കാതിരിക്കുന്നതിനുള്ള ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിച്ചപ്പോഴും അതിനെതിരേ തീവ്രവാദഗ്രൂപ്പില്‍പ്പെട്ടവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതും അഭ്യന്തര സുരക്ഷയെ ബാധിക്കുന്നതാണെന്നും ബുള്ളറ്റിനില്‍ ചൂണ്ടിക്കാണിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."