എന്തുകൊണ്ട് കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുന്നു?; സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളെ ചൂണ്ടി മുഖ്യമന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാധീതമായ വര്‍ധനവാണുണ്ടാകുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്. എന്തുകൊണ്ട് കേരളത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളെ താരതമ്യപ്പെടുത്തിയായിരുന്നു. അതേസമയം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുന്നതാണ് രോഗികളുടെ എണ്ണത്തിലെ വര്‍ധനവിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഉയര്‍ന്നിരിക്കുന്നു.
പൊതുആരോഗ്യത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച മാതൃകയായി കാണുന്നത് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളെയാണ്. അവിടം ഉള്‍പ്പടെ കൊവിഡിന്റെ രണ്ടും മൂന്നും തരംഗങ്ങള്‍ ഉണ്ടായതാണ്. അവിടങ്ങളില്‍ ഇപ്പോഴും രോഗവ്യാപനം കുറഞ്ഞുവെന്ന് പറയാറായിട്ടില്ല. കൊവിഡ് പോലെ അതിവേഗം പടരുന്ന മഹാമാരിയുടെ കാര്യത്തില്‍ വളരെ സ്വാഭാവികമായ രീതിയാണ് സംഭവിച്ചിരിക്കുന്നത്. രോഗവ്യാപനം വര്‍ധിക്കുന്നുവെന്നത് അത്തരം ഇടങ്ങളിലെല്ലാം രോഗികളാവാന്‍ സാധ്യതയുള്ള,ഇതുവരെ രോഗബാധിതരാകാത്ത ഒരുപാട് ആളുകള്‍ ഉള്ളതുകൊണ്ടാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം കേരളത്തിലെ സ്ഥിതി കണക്കിലെടുത്താല്‍ ഇതുവരെ ജനസംഖ്യയുടെ മൂന്ന് ശതമാനത്തില്‍ താഴെ ആളുകള്‍ക്കാണ് ഔദ്യോഗിക കണക്ക് പ്രകാരം കൊവിഡ് ബാധിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രോഗികളെ കണ്ടെത്താനും ചികിത്സിക്കാനും ശേഷിയുള്ള ആരോഗ്യസംവിധാനവും രോഗത്തെക്കുറിച്ച് അവബോധമുള്ള സമൂഹവും കേരളത്തിലുള്ളതുകൊണ്ടാണിതെന്ന് മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.
ഐ.സി.എം.ആര്‍ ഇതുവരെ നടത്തിയ സീറോ പ്രിവൈലന്‍സ് പഠനങ്ങളിലെല്ലാം കൊവിഡ് വന്ന് മാറിയവരുടെ എണ്ണം ഏറ്റവും കുറച്ചുണ്ടായ പ്രദേശം കേരളമാണ്. അതുകൊണ്ട് തന്നെ സീറോ പ്രിവൈലന്‍സ് പഠനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കേരളത്തില്‍ നിലവില്‍ കൊവിഡ് വ്യാപനം അസ്വാഭാവികമായി ഉണ്ടായെന്ന് പറയാന്‍ സാധിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആരോഗ്യവ്യവസ്ഥയ്ക്ക് കൈകാര്യം ചെയ്യാനാവാത്ത സ്ഥിതിയിലേക്ക് രോഗവ്യാപനമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."