കാലാവധി കഴിഞ്ഞ റീ എൻട്രി ഇന്നും പുതുക്കി; കൂടുതൽ കാത്തിരിക്കുന്നത് ഉചിതമായിരിക്കില്ല
റിയാദ്: സഊദിയിൽ നിന്നും റീ എൻട്രിയിൽ നാട്ടിലേക്ക് പോയ പ്രവാസികൾ കാലാവധിക്കുള്ളിൽ തിരിച്ചെത്തിയില്ലെങ്കിൽ മൂന്ന് വർഷത്തേക്ക് പുതിയ വിസയിൽ വരാനാകില്ലെന്ന വാർത്ത പുറത്ത് വന്നതോടെ ആശങ്കയിലായ പ്രവാസികൾക്ക് താത്കാലികാശ്വാസം. സഊദി ജവാസാത് കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു പ്രതികരണം നടത്തിയിരുന്നെങ്കിലും കാലാവധി കഴിഞ്ഞ റീ എൻട്രി ഇപ്പോഴും പുതുക്കി നൽകുന്നുണ്ട്. എന്നാൽ, ജവാസാത് ഇത്തരത്തിലൊരു പ്രസ്താവന പുറത്തിറക്കിയ സ്ഥിതിക്ക് കൂടുതൽ കാത്ത് നിൽക്കാതെ ഇത്തരത്തിലുള്ളവർ റീ എൻട്രി വിസ പുതുക്കാനുള്ള മാർഗ്ഗങ്ങൾ തേടുന്നത് ഉചിതമായിരിക്കും. ഇത് കർശനമാക്കിയാൽ പിന്നീട് പുതുക്കാൻ സാധിച്ചേക്കില്ല.
ഇന്നലെയാണ് സഊദി പാസ്പോർട്ട് വിഭാഗം റീ എൻട്രി വിസ കാലാവധി കഴിഞ്ഞാൽ മൂന്ന് വർഷം കഴിയാതെ പുതിയ വിസയിൽ രാജ്യത്തേക്ക് പ്രവേശിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയത്. നേരത്തെ തന്നെ ഇത് നിലവിലുണ്ടെങ്കിലും ജവാസാത് ഒരു ചോദ്യത്തിന് മറുപടിയായി നൽകിയതോടെ കൊവിഡ് പ്രതിസന്ധിയിൽ നാട്ടിൽ കുടുങ്ങിയ പ്രവാസികളിൽ റീ എൻട്രി കാലാവധി കഴിഞ്ഞവർ ആശങ്കയിലായിരുന്നു. റീ എൻട്രി വിസ കാലാവധി കഴിഞ്ഞവക്ക് മൂന്ന് വർഷം കഴിയാതെ സഊദിയിലേക്ക് പ്രവേശനം സാധ്യമല്ലെന്നും എന്നാൽ, അതെ സ്പോൺസറുടെ കീഴിൽ പുതിയ വിസയിൽ വരുന്നതിനു തടസമില്ലെന്നുമായിരുന്നു ജവാസാത് അറിയിച്ചത്.
എന്നാൽ, റീ എൻട്രി വിസ കാലാവധി തീർന്നവർ ഇന്ന് സ്പോൺസറുമായി ബന്ധപ്പെട്ടതിനെ തുടർന്ന് വീണ്ടും പുതുക്കി ലഭ്യമായിട്ടുണ്ട്. കാലാവധി കഴിഞ്ഞ തന്റെ റീ എൻട്രി വിസ സ്പോൺസർ ഇന്ന് പുതുക്കി നൽകിയതായി നിലമ്പൂർ ചുങ്കത്തറ സ്വദേശി പങ്കു വെച്ചു. അതേസമയം, ജവാസാത് ഇത്തരത്തിലൊരു പ്രതികരണം പുറത്ത് വിട്ടതിനാൽ പരീക്ഷണത്തിന് മുതിരാതിരിക്കുന്നതാണ് അഭികാമ്യം. കാലാവധി തീർന്നവരും ഉടൻ തീരുന്നവരും തങ്ങളുടെ സ്പോൺസർമാരുമായി ബന്ധപ്പട്ട് ഇവ പുതുക്കാൻ ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."