പഞ്ചാബ് മുഖ്യമന്ത്രിയുടെ മരുമകനെ ഇ.ഡി അറസ്റ്റ് ചെയ്തു
ന്യൂഡൽഹി
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയുടെ മരുമകൻ ഭൂപേന്ദ്ര സിങ് ഹണിയെ ഇ.ഡി അറസ്റ്റ് ചെയ്തു. അനധികൃത മണൽ ഖനന കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ഹണിയെ ഇന്നലെ സി.ബി.ഐ കോടതിയിൽ ഹാജരാക്കി. ജലന്ധറിൽ നിന്നാണ് ഹണിയെ കസ്റ്റഡിയിലെടുത്തത്. ഒരു ദിവസം നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു നടപടി. രാത്രി വൈകിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ മാസം 20 ന് പഞ്ചാബ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അറസ്റ്റ്. നിയമം നടപ്പാക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നാണ് അറസ്റ്റിനെ കുറിച്ച് ചന്നിയുടെ പ്രതികരണം. കഴിഞ്ഞ മാസം ഹണിയുടെ സ്ഥാപനത്തിൽ നിന്ന് എട്ട് കോടി രൂപ ഇ.ഡി റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. പഞ്ചാബിലെ അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ് ഹണി.
ഇതുമായി ബന്ധപ്പെട്ട രേഖകൾ, പണമിടപാട് രേഖകൾ, 21 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം, 12 ലക്ഷം രൂപയുടെ റോളക്‌സ് വാച്ച്, മൊബൈൽ ഫോൺ തുടങ്ങിയ വസ്തുക്കളും പിടിച്ചെടുത്തു. 2018 ൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലാണ് അറസ്റ്റ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."