സ്വപ്നയുടെ വെളിപ്പെടുത്തലിൽ അന്വേഷണത്തിനു വേഗംകൂടും, ലൈഫ് മിഷൻ കമ്മിഷൻ കേസും സജീവമാകും
സുനി അൽഹാദി
കൊച്ചി
നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനിടെ കഴിഞ്ഞദിവസം സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾ നിർണായകമായി മാറുന്നു. വരുംദിവസങ്ങളിൽ അന്വേഷണം പുതിയ തലങ്ങളിലേക്ക് നീങ്ങും. നിലവിൽ കേസ് അന്വേഷിക്കുന്ന കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ ഇതു സംബന്ധിച്ച് അനൗപചാരിക കൂടിയാലോചനകൾ നടത്തിയതായാണ് വിവരം.
ഇതോടൊപ്പം സർക്കാരിന്റെ ഭവനപദ്ധതിയായ ലൈഫ് മിഷനുമായി ബന്ധപ്പെട്ട കമ്മിഷൻ ഇടപാടുകേസും സജീവമാകുകയാണ്.
സ്വർണക്കടത്തു കേസിൽ ആരോപണ വിധേയനായ യു.എ.ഇ മുൻ കോൺസുൽ ജനറൽ, അറ്റാഷെ എന്നിവർക്ക് നോട്ടിസ് നൽകുന്നതിന് അന്വേഷണ ഏജൻസിയായ കസ്റ്റംസിന് വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയതാണ് ഈ കേസിൽ ഏറ്റവും ഒടുവിലുണ്ടായ സംഭവവികാസം.ആഴ്ചകൾ പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയൊന്നും ഇല്ലാതിരിക്കെയാണ് നിർണായക വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ് രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ കേസിൽ സർക്കാരും പ്രതിരോധത്തിലായി. ഇതിനുപുറമേ കേസിൽ എൻ.ഐ.എയുടെ ഇടപെടൽ, കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിക്കും സർക്കാരിനും കേസിൽ പങ്കില്ലെന്ന് പറയുന്ന സ്വപ്നയുടെ ടെലിഫോൺ സംഭാഷം പുറത്തുവന്നത്, തുടങ്ങിയ കാര്യങ്ങളിലൊക്കെ ശിവശങ്കർ ഇടപെടൽ നടത്തിയതായി പുറത്തുവന്നിരിക്കുന്ന വെളിപ്പെടുത്തലുകളും ഗൗരവമേറിയതാണ്. സ്വപ്നയുമായി തനിക്ക് സുഹൃദ് ബന്ധം മാത്രമേയുള്ളുവെന്നും സ്വർണക്കടത്ത് അടക്കമുള്ള അവരുടെ മറ്റ് ഇടപാടുകൾ തനിക്ക് അറിയില്ലായിരുന്നുവെന്നുമാണ് ശിവശങ്കർ അന്വേഷണ ഏജൻസികൾക്കുമുന്നിൽ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നത്. കസ്റ്റഡിയിലിരിക്കെ സ്വപ്നയും അന്വേഷണസംഘത്തിനുമുന്നിൽ ഇതു സംബന്ധിച്ചു കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നില്ല. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കേസിൽ ജാമ്യംകിട്ടി ജയിലിൽ നിന്നു പുറത്തിറങ്ങിയശേഷം ശിവശങ്കറിന് വീണ്ടും സർക്കാർ സർവിസിൽ തിരിച്ച് കയറാൻ കഴിഞ്ഞത്. എന്നാൽ സ്വർണക്കടത്ത്, ലൈഫ് മിഷൻ കമ്മിഷൻ എന്നിവ സംബന്ധിച്ച് അറിവു മാത്രമല്ല ആസൂത്രണത്തിൽ പങ്കാളിത്തമുണ്ടെന്ന വെളിപ്പെടുത്തൽകൂടി സ്വപ്ന നടത്തിയതോടെ ശിവശങ്കറിനെ വീണ്ടും ചോദ്യംചെയ്യേണ്ടിവരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."