കർണാടകയിലെ ഹിജാബ് വിലക്ക് വിദ്യാർഥിനികൾക്ക് പ്രത്യേക ക്ലാസ് മുറി, അധ്യയനം ഇല്ല
ബംഗളൂരു
ഹിജാബ് ധരിച്ച വിദ്യാർഥിനികളെ കോളജുകളിൽ നിന്ന് പുറത്താക്കിയ നടപടിയുമായി ബന്ധപ്പെട്ട വിവാദം തുടരവെ, ചില കോളജുകളിൽ ഹിജാബ് ധരിച്ചവർക്ക് പ്രത്യേക ക്ലാസ് മുറി ഏർപ്പെടുത്തി. രണ്ട് കോളജുകൾക്ക് ഇന്നലെ അവധിയും പ്രഖ്യാപിച്ചു.
ഹിജാബ് ധരിച്ചതിന് വിദ്യാർഥിനികളെ ഗേറ്റിനു പുറത്താക്കിയ കുന്ദാപൂരം ഗവ. ജൂനിയർ പി.യു കോളജിൽ വിദ്യാർഥിനികളെ ഇന്നലെ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും പ്രത്യേക ക്ലാസ് മുറികളിലാക്കി. എന്നാൽ അവർക്ക് ക്ലാസെടുത്തില്ല. ഗേറ്റിനു പുറത്തുള്ള തിരക്ക് ഒഴിവാക്കാനാണ് ഇതെന്ന് കോളജ് അധികൃതർ അറിയിച്ചു.
ഹിജാബ് ഒഴിവാക്കിയ ശേഷം മാത്രമേ വിദ്യാർഥിനികൾക്ക് ക്ലാസിലിരിക്കാൻ അനുമതിയുള്ളൂവെന്ന് പ്രിൻസിപ്പൽ ജി.ജെ രാമകൃഷ്ണ പറഞ്ഞു. എന്നാൽ ക്ലാസിൽ ഹിജാബ് ഒഴിവാക്കില്ലെന്നാണ് വിദ്യാർഥിനികൾ പറയുന്നത്.
അതേസമയം, കുന്ദാപൂരിലെ കലാവാര വരദരാജ് എം ഷെട്ടി ഗവ. ഫസ്റ്റ് ഗ്രേഡ് കോളജിൽ ഹിജാബ് ധരിച്ച വിദ്യാർഥിനികളെ വീട്ടിലേക്ക് തിരികെ അയച്ചു. ഹിജാബ് ഒഴിവാക്കി ക്ലാസിൽ കയറാൻ അവരോട് പറഞ്ഞെങ്കിലും വിദ്യാർഥിനികൾ തയാറായില്ലെന്നും അതിനാൽ വീട്ടിലേക്ക് അയച്ചുവെന്നും വൈസ് പ്രിൻസിപ്പൽ ഉഷാ ദേവി പറഞ്ഞു.
ഇന്ന് ഹൈക്കോടതി ഉത്തരവ് വരുന്നതുവരെ കാത്തിരിക്കാൻ വിദ്യാർഥിനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോളജ് അധികൃതർ പറഞ്ഞു.
ഇന്ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് കൊണ്ടാണ് അവധി നൽകിയതെന്ന് അവധി നൽകിയ കോളജുകളുടെ അധികൃതർ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."