ശരീരം മനുഷ്യനെ ഓര്‍മപ്പെടുത്തുന്നത്
അമൂല്യമായ വൈരക്കല്ല് അലസമായി കൈയില്‍പിടിച്ച് കളിക്കുകയായിരുന്നു ആ കൊച്ചുബാലന്‍. ബാലന്റെ കൈയിലെ വൈരക്കല്ല് അതുവഴി കടന്നുപോയ ഒരു വിദ്വാന്റെ ദൃഷ്ടിയില്‍പെട്ടു. ചെറിയ വിലകൊടുത്ത് അതയാള്‍ സ്വന്തമാക്കി. അമൂല്യവും അതിമനോഹരവമായ വൈരക്കല്ലുമായി കമ്പോളത്തിലെത്തിയ അയാള്‍ക്കു ചുറ്റും ആവശ്യക്കാര്‍ തടിച്ചുകൂടി. അതു കൈവശപ്പെടുത്താന്‍ അവരെല്ലാം മത്സരിച്ചു. എല്ലാവരെയും അമ്പരപ്പിക്കുന്ന വിലകൊടുത്ത് കൂട്ടത്തിലൊരാള്‍ അതു വാങ്ങി. ചെറിയ വിലമുടക്കി സ്വപ്നതുല്യമായ സമ്പാദ്യവുമായി കമ്പോളം വിട്ട വിദ്വാനെ ബാലന്‍ കാണാനിടയായി. തനിക്ക് കൈമോശംവന്ന സൗഭാഗ്യത്തെ അപ്പോഴാണ് അവന്‍ തിരിച്ചറിഞ്ഞത്.
ഇതില്‍ വലിയൊരു സന്ദേശമുണ്ട്. തിരിച്ചറിവില്ലാത്ത കൊച്ചുബാലന്‍ അമൂല്യമായ രത്‌നത്തെ ചെറിയ വിലയ്ക്ക് വിറ്റതുപോലെ വിനിയോഗിക്കാനുള്ളതല്ല മനുഷ്യന്റെ ജീവിതം. ആരോഗ്യമുള്ള ശരീരം മനുഷ്യജീവിതത്തിലെ അമൂല്യസമ്പത്താണ്. അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് മനോഹരമായ ഘടനയിലാണെന്നപോലെ പൂര്‍ണ ആരോഗ്യത്തോടെയുമാണ്. ആരോഗ്യം അല്ലാഹുവിന്റെ അനുഗ്രഹമാണെന്നത്രെ പ്രവാചകാധ്യാപനം.
നബി (സ) പറഞ്ഞു: ആരോഗ്യമുള്ള ശരീരവും സുരക്ഷിതത്വമുള്ള വീടും അന്നന്നത്തെ ഭക്ഷണവും ഒരാളുടെ കൈവശമുണ്ടെങ്കില്‍ അവന്‍ പ്രപഞ്ചം മുഴുവന്‍ സമ്പാദിച്ചവനപ്പോലെയാണ്. (തുര്‍മുദി, മിശ്കാത്ത്)
ആരോഗ്യം ക്ഷയോന്മുഖമാകുമ്പോഴാണ് അതിന്റെ വില നാം തിരിച്ചറിയുന്നത്. രോഗം അല്ലാഹുവിന്റെ പരീക്ഷണമാണ്. രോഗിക്കു മാത്രമല്ല, ആരോഗ്യവാനും അതില്‍ പാഠങ്ങളുണ്ട്. കഠിനമായ രോഗപീഡയിലാണ് പലപ്പോഴും നാം ഒരു പുനരാലോചനയ്ക്ക് തയാറാവുന്നത്. ആ തിരിച്ചറിവ് അവന് ഫലം ചെയ്യണമെന്നില്ല. ആരോഗ്യമുള്ളപ്പോള്‍ തന്നെ അതിന്റെ പിന്നിലെ ശക്തിയെ നാം തിരിച്ചറിയണം.
ധൈഷണിക വൈഭവം കൊണ്ട് അല്ലാഹുവിലെത്താന്‍ മനുഷ്യനോട് ഖുര്‍ആന്‍ നിരവധി തവണ ആഹ്വാനം ചെയ്യുന്നുണ്ട്. പ്രാപഞ്ചിക വിസ്മയങ്ങളിലേക്ക് നോക്കാനാവശ്യപ്പെടുന്നതിനിടയില്‍ സ്വന്തം ശരീരത്തെ നിരീക്ഷിക്കാന്‍ അല്ലാഹു ആവശ്യപ്പെടുന്നുണ്ട്. ''ദൃഢവിശ്വാസികള്‍ക്ക് ഭൂമിയില്‍ ദൃഷ്ടാന്തങ്ങളുണ്ട്. നിങ്ങളില്‍തന്നെയും. അവ കണ്ടറിയുന്നില്ലേ? വാനലോകത്ത് നിങ്ങളുടെ ഉപജീവനവും വാഗ്ദത്ത വിഷയങ്ങളുമുണ്ട്. (അദ്ദാരിയാത് 20-22). ഭൂമിക്കു മുകളിലും ആകാശത്തിനു കീഴിലും താമസിക്കുന്ന മനുഷ്യന് ചുറ്റുപാടുകളില്‍ മാത്രമല്ല, സ്വന്തം ശരീരത്തില്‍ തന്നെയും പാഠങ്ങളുണ്ടെന്നാണല്ലോ ഖുര്‍ആന്റെ ഭാഷ്യം.
എന്താണ് മനുഷ്യശരീരം? ജൈവശാസ്ത്രജ്ഞര്‍ക്ക് കൃത്യമായ ഒരുത്തരം നല്‍കാന്‍ കഴിഞ്ഞിട്ടില്ലാത്ത ചോദ്യമാണിത്. വെള്ളം, കൊഴുപ്പ്, കാര്‍ബണ്‍, ഫോസ്ഫറസ്, ഇരുമ്പ്, ചുണ്ണാമ്പ്, സള്‍ഫര്‍, മഗ്നീഷ്യം തുടങ്ങി രാസപദാര്‍ഥങ്ങളുടെ സംയുക്തമാണ് മനുഷ്യശരീരമെന്ന് ശാസ്ത്രം നിര്‍വചിക്കുന്നു. എന്നാല്‍ ഈ പദാര്‍ഥങ്ങളത്രയും ശരിയായ അനുപാതത്തില്‍ കൂട്ടിക്കുഴച്ചാല്‍ മനുഷ്യശരീരം ഉണ്ടാക്കാന്‍ ശാസ്ത്രത്തിനു കഴിയുമോ? ഇല്ല.
അതിസൂക്ഷ്മമായ ഒരു ബീജം സൂക്ഷ്മമായ അണ്ഡത്തില്‍ ചേര്‍ന്ന് ഗര്‍ഭപാത്രത്തിന്റെ ഉള്ളറയില്‍ വച്ചുകൊണ്ടാണ് മനുഷ്യ സൃഷ്ടിപ്പ് തുടങ്ങുന്നത്. നിശ്ചിതമായ കാലയളവില്‍ ക്രമാനുഗതമായി ഭ്രൂണം വളരുന്നു. ശരീരത്തിന്റെ അതുല്യമായ ഘടന പ്രാപിച്ച് നിശ്ചിത വളര്‍ച്ചയെത്തുമ്പോള്‍ അത് പുറത്തുവരുന്നു. ഗര്‍ഭാശയത്തിന്റെ സങ്കുചിതത്വത്തില്‍ നിന്ന് വിശാലമായ ലോകത്ത് പിറന്നുവീഴുന്ന മനുഷ്യശരീരം പടിപടിയായാണ് വളരുന്നത്. ഒന്നുമല്ലാത്ത ഒരവസ്ഥയില്‍ നിന്ന് ഒരുപാട് ദൗര്‍ബല്യങ്ങളെ അതിജീവിച്ചാണ് മനുഷ്യര്‍ പൂര്‍ണ ആരോഗ്യവാനാകുന്നത്. അഹന്തമൂലം വന്ന വഴിമറന്ന മനുഷ്യന്റെ ദൗര്‍ബല്യങ്ങളെ ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നതിങ്ങനെയാണ്: ''ഒട്ടുമേ പ്രസ്താവ്യ മല്ലാതിരുന്ന ഒരു കാലഘട്ടം മനുഷ്യനില്‍ സംജാതമായിക്കഴിഞ്ഞിട്ടില്ലേ? വ്യത്യസ്ത ഘട്ടങ്ങള്‍ സംഗമിച്ച ഒരു ശുക്ലബിന്ദുവില്‍ നിന്നാണ് അവനെ നാം സൃഷ്ടിച്ചത്. എന്നിട്ട് അവനെ നാം കേള്‍വിയും കാഴ്ചയുമുള്ളവനാക്കി (ഇന്‍സാന്‍-1,2).
മനുഷ്യ സൃഷ്ടിപ്പു പോലെത്തന്നെ മനുഷ്യശരീരത്തിലെ യാന്ത്രികതകളും ചിന്തനീയമാണ്. മരണം വരെയുള്ള ശ്വാസോഛാസം, ഭക്ഷണങ്ങളെ ദഹിപ്പിക്കല്‍, രക്തശുദ്ധീകരണം, ഞരമ്പുകളിലൂടെയുള്ള രക്തവിതരണം, വിസര്‍ജനം, ഉള്ളില്‍ നിന്നും പുറത്തുനിന്നും വരുന്ന ആപത്തുകളെ പ്രതിരോധിക്കല്‍, നാഡി വ്യവസ്ഥ, അന്തസ്രാവ വ്യവസ്ഥ തുടങ്ങി അനേകായിരം പ്രക്രിയകള്‍ നമ്മുടെ ശരീരത്തില്‍ ഓരോ നിമിഷവും നടന്നുകൊണ്ടിരിക്കുന്നു.
ഭ്രൂണത്തിന് ഇരുപത്തിരണ്ട് ദിവസം പ്രായമാകുമ്പോള്‍ നമ്മുടെയുള്ളിലെ സ്പന്ദിക്കാന്‍ തുടങ്ങുന്നു. അത് നിലക്കുന്നത് മരണത്തോടെയാണ്. ഒരു മിനുട്ടില്‍ 72 തവണയാണ് ഹൃദയസ്പന്ദനം നടക്കുന്നത്. ഒരു സ്പന്ദനത്തിന് വേണ്ട സമയം 0.32 സെക്കന്‍ഡാണ്. രണ്ട് സ്പന്ദനങ്ങള്‍ക്കിടയിലെ ഇടവേളയാകട്ടെ 0.48 സെക്കന്‍ഡും. ഹൃദയത്തിന്റെ ഈ സന്തുലിതാവസ്ഥയ്ക്ക് വേഗത കൂടുകയോ ക്രമാനുഗതം കുറയുകയോ ചെയ്താല്‍ ജീവന്‍ തന്നെ അപകടത്തിലാകും. ഒരു ചെലവും അധ്വാനവുമില്ലാതെയുള്ള ഹൃദയത്തിന്റെ ധര്‍മനിര്‍വഹണത്തില്‍ നമുക്കൊരു പങ്കാളിത്തവുമില്ല. ഹൃദ്‌രോഗങ്ങളെ ഭീതിയോടെയാണ് മനുഷ്യന്‍ കാണുന്നത്. ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും അതിനെ അതിജീവിക്കാന്‍ അവന്‍ ജാഗ്രത കാണിക്കുന്നു. രോഗാതുരമായ ഹൃദയത്തെ മാറ്റി ജീവന്‍ നിലനിര്‍ത്താന്‍ സഹായകമായ ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റേഷന്‍ അടക്കമുള്ള ചികിത്സാരീതികള്‍ ആധുനിക വൈദ്യശാസ്ത്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഭീമമായ ധന നഷ്ടം വരുത്തുന്ന അത്തരം ചികിത്സകളൊക്കെ കേവലം പരീക്ഷണങ്ങള്‍ മാത്രമാണ്. അതില്‍ വിജയപരാജയ സാധ്യതകള്‍ തുല്യം.
കണ്ണും കാതുമൊക്കെ അതിന്റെ പിന്നിലെ ആസൂത്രികന്റെ അജയ്യതയിലേക്ക് വെളിച്ചം വീശുന്ന ദൃഷ്ടാന്തങ്ങളാണ്. അറിവിന്റെ ഗ്രഹാതുരതയുടെയും പ്രധാന മാര്‍ഗങ്ങളാണ് അവരണ്ടും. അതിസൂക്ഷ്മമായിട്ടാണ് അല്ലാഹു ഈ രണ്ട് ഇന്ദ്രിയങ്ങളെയും അവയുടെ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. കാഴ്ചയേയും കേള്‍വിയേയും ബാധിക്കുന്ന അപകടങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ അവന്‍ അവകള്‍ക്കു ചുറ്റും ഒരുക്കിയിരിക്കുന്നു. ഈ അന്തഗ്രഹങ്ങളെ മനുഷ്യന്‍ തിരിച്ചറിയാതെ പോകുന്നു എന്നതാണ് അവന്റെ പരാജയം. ആരോഗ്യം പലപ്പോഴും മനുഷ്യനെ വഞ്ചനയിലകപ്പെടുത്തുന്നു. ആരോഗ്യവും ഒഴിവ് സമയവും അധികമനുഷ്യരുടെയും വഞ്ചനയില്‍ അകപ്പെടുത്തിയ രണ്ട് അനുഗ്രഹങ്ങളാണ് (ബുഖാരി) എന്ന പ്രവാചക അധ്യാപനം ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്.
മനുഷ്യന് ആരോഗ്യമുള്ള ശരീരം അല്ലാഹു നല്‍കിയത് കൃതജ്ഞാലുക്കളായി ജീവിക്കാനാണ്. അല്ലാഹു തന്ന അനുഗ്രഹങ്ങള്‍ക്ക് ആയുഷ്‌കാലം മുഴുവന്‍ ഒരു അവയവത്തിന്റെ ധര്‍മത്തോട് സമാനമായ നന്ദിപ്രകടനം നടത്താന്‍പോലും നാം അശക്തരാണ് എന്നതാണ് സത്യം. മരണശേഷമുള്ള ജീവിതത്തിനുവേണ്ടി ജീവിതകാലത്തും രോഗ്യാവസ്ഥയ്ക്കുമുമ്പ് ആരോഗ്യമുള്ളപ്പോഴും നിങ്ങള്‍ സമ്പാദിക്കണം. (ബുഖാരി) എന്ന നബി(സ്വ)യുടെ കല്‍പന കഴിയുംവിധം കര്‍മനിരതമായി ജീവിക്കാന്‍ വിശ്വാസിയെ പ്രചോദിപ്പിക്കുകയാണ്.
അനുസരണശീലരും നന്ദിയുള്ളവരുമാകാന്‍ നമ്മുടെ ജീവിതത്തെ എങ്ങനെ ക്രമീകരിക്കണമെന്ന് പഠിപ്പിക്കുന്ന ഒരു ഹദീസ് ഇവിടെ പ്രസക്തമാണ്. അബൂഹുറൈറ(റ)യില്‍നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു- ദിനംപ്രതി ശരീരത്തിലെ ഓരോ സന്ധികള്‍ക്കും പകരമായി ഓരോ ധര്‍മം ചെയ്യാന്‍ മനുഷ്യരുടെ ബാധ്യതയാണ്. രണ്ടാള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുന്നത് ധര്‍മമാണ്. വാഹനത്തില്‍ മറ്റൊരാളെ സഹയാത്രികനാക്കി സഹായിക്കുന്നതും അവന്റെ ചരക്ക് വാഹനത്തിലേക്ക് വഹിക്കുന്നതും ധര്‍മമാണ്. നല്ല വാക്ക് ധര്‍മമാണ്. നിസ്‌കാരത്തിലേക്കുള്ള ഓരോ ചവിട്ടടിയും ധര്‍മമാണ്. മാര്‍ഗതടസങ്ങള്‍ നീക്കുന്നതും ധര്‍മമാണ്. (ബുഖാരി, മുസ്‌ലിം). ളുഹാ സമയത്തെ രണ്ട് റക്അത്ത് നിസ്‌കാരം ഇതിനെല്ലാം പകരം നില്‍ക്കും (മുസ്‌ലിം) എന്ന് നബി(സ്വ) മറ്റൊരിക്കല്‍ പറഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."