ആൾകൂട്ടം; മത്സ്യ മാർക്കറ്റുകൾ അടച്ചുപൂട്ടി
റിയാദ്: വൈറസ് വ്യാപന പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾക്കിടെ ആളുകൾ കൂട്ടം കൂടിയതിനെ തുടർന്ന് മത്സ്യ മാർക്കറ്റുകൾ അധികൃതർ അടച്ചു. തായിഫ് മുനിസിപ്പാലിറ്റിയാണ് കൊവിഡ് പ്രതിരോധ നടപടികളിലെ പാളിച്ച ചൂണ്ടിക്കാട്ടി ഫിഷ്‌മാർക്കറ്റ് പൂർണ്ണമായും അടച്ചത്. ആളുകൾ കൂട്ടം കൂടുന്നതിന് കാരണക്കാരായ കടകൾക്കെതിരെ പിഴ ചുമത്തുമെന്നും തായിഫ് ഗവർണറേറ്റ് മേയർ എഞ്ചിനീയർ മുഹമ്മദ് അൽ ഹാമിൽ അറിയിച്ചു.
റിയാദിലും ആളുകളുടെ തിരക്ക് കാരണം മത്സ്യ മാർക്കറ്റ് അടച്ചു പൂട്ടിയിട്ടുണ്ട്. വെള്ളിയാഴ്ച്ച ജുമുഅക്ക് ശേഷം ആളുകൾ കൂട്ടമായി മാർക്കറ്റിൽ എത്തിയതോടെയാണ് അധികൃതർ മുൻകരുതൽ നടപടിയെന്നോണം ഷോപ്പുകൾ അടപ്പിച്ചത്. വടക്കൻ റിയാദിലെ അൽ ഉൽയ ബാലദിയക്ക് കീഴിലെ മത്സ്യ മാർക്കറ്റിലാണ് ആളുകൾ കൂട്ടം കൂടിയതായി കണ്ടെത്തിയത്. സംഭവം വാർത്തയായതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചതായും ഏതാനും കടകൾ അടപ്പിച്ചതായും പിഴ ചുമത്തിയതായും മുനിസിപ്പാലിറ്റി വക്താവ് മുഹമ്മദ് ഇബ്‌റാഹീം അൽ ഇഖ്‌ബാരിയ ചാനലിനോട് വ്യക്‌തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."