
സി.എം അബ്ദുല്ല മൗലവിയെ ഓർക്കുമ്പോൾ
ഡോ. മോയിൻ ഹുദവി മലയമ്മ
1980കൾക്കുശേഷം കേരളത്തിൽ പ്രചുരപ്രചാരം നേടിയ സമന്വയവിദ്യാഭ്യാസ പദ്ധതിയുടെ ശിൽപികളെ അന്വേഷിക്കുമ്പോൾ നാം കണ്ടെത്തുന്ന പ്രധാനികളിലൊരാളാണ് ചെമ്പിരിക്ക ഖാസി സി.എം അബ്ദുല്ല മൗലവി (1933-2010). വിശ്രുതനായ പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന അദ്ദേഹം മികച്ച വിദ്യാഭ്യാസ ചിന്തകനും ബഹുഭാഷിയും സാമൂഹിക ശാക്തീകരണത്തിൽ കാഴ്ച്ചപ്പാടുള്ള ക്രാന്തദർശിയുമായിരുന്നു. മത-ഭൗതിക വിദ്യാഭ്യാസ സമന്വയത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിച്ച എൺപതുകളിലെ ചിന്തകൾക്കും വളരെ മുമ്പ്, എഴുപതുകളുടെ തുടക്കത്തിൽതന്നെ വടക്കൻകേരളത്തിൽ സമന്വയചിന്തയുടെ പരീക്ഷണ ശിലയിട്ടു അദ്ദേഹം. 1971ൽ കാസർകോട് ദേളിയിൽ സഅദിയ്യ എന്ന സ്ഥാപനം പണിയുകവഴി ഒമ്പതുവർഷത്തെ നൂതന കോഴ്‌സിലൂടെ ഇംഗ്ലീഷും സയൻസും ഗണിതവുമറിയുന്ന പണ്ഡിതരെ വാർത്തെടുക്കുന്ന പ്രക്രിയ ആരംഭിച്ചു. പുതിയ സിലബസുകളും പാഠ്യേതര പ്രവർത്തനങ്ങളുടെ വ്യവസ്ഥാപിത സംവിധാനങ്ങളും ആവിഷ്‌കരിക്കുക വഴി കേരള മുസ്‌ലിം വിദ്യാഭ്യാസ ചരിത്രത്തിൽ സമന്വയത്തിന്റെ പുതുയുഗത്തിനു നാന്ദി കുറിച്ചു.
കേരള മുസ്‌ലിം ചരിത്രത്തിൽ ധിഷണയുടെ വേറിട്ടവഴിയിൽ സഞ്ചരിച്ച പ്രതിഭകളിലൊരാളാണ് സി.എം അബ്ദുല്ല മൗലവി. ഉത്തരമലബാറിന്റെ മത-വൈജ്ഞാനിക തലങ്ങളിൽ മഹത്തരമായ സംഭാവനകളർപ്പിച്ച അദ്ദേഹം സ്വാതന്ത്ര്യാനന്തര കാസർകോടിന്റെ വിദ്യാഭ്യാസ-സാമൂഹിക പുരോയാനത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ചടുലമായ വാഗ്വിലാസങ്ങൾക്കപ്പുറം കർമങ്ങൾക്കാണ് പ്രാധാന്യമെന്ന് സ്വജീവിതത്തിലൂടെ തെളിയിച്ചു. ഉലമാ ആക്ടിവിസത്തിന്റെ റോൾമോഡലായി ഇരുപതാം നൂറ്റാണ്ടിന്റെ ഒടുക്കത്തിലും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിലും മതപ്രവർത്തന രംഗത്ത് നിറഞ്ഞുനിന്നു. പല കാരണങ്ങളാൽ പിന്നോക്കം തള്ളപ്പെട്ട കേരളത്തിന്റെ വടക്കൻ തീരത്തുനിന്ന് കേരളത്തിന്റെ മൊത്തം വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ച് സ്വപ്‌നം കാണാൻ അദ്ദേഹത്തിനു സാധിച്ചു. സാധാരണ പണ്ഡിതൻ എന്നതിലപ്പുറം വലിയ ഭൂമികയുടെ ആത്മീയ നേതാവും നൂറിലേറെ മഹല്ലുകളുടെ ഖാസിയും പത്തോളം ഗ്രന്ഥങ്ങളുടെ കർത്താവും ഗോളശാസ്ത്രജ്ഞനും സുപ്രധാന വിഷയങ്ങളിലെ അവസാന വാക്കും എല്ലാമായിരുന്നു അദ്ദേഹം.
ചെമ്പിരിക്ക ഖാസി എന്ന പേരിൽ പ്രസിദ്ധനായിരുന്ന മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരുടെയും ബീഫാത്തിമ ഹജ്ജുമ്മയുടെയും മകനായി 1933ൽ കാസർകോട് ജില്ലയിലെ തീരദേശമായ ചെമ്പിരിക്കയിലാണ് ജനനം. പിതാവ് പ്രഗത്ഭ പണ്ഡിതനും നാടിന്റെ ആത്മീയ തീരവുമായിരുന്നു. 25 വർഷത്തോളം ചെമ്പിരിക്ക ഒറവങ്കര പള്ളിയിൽ മുദരിസായി സേവനം ചെയ്ത അദ്ദേഹം അവിടത്തെ ഖാസിയും ജാതിമത ഭേദമന്യെ എല്ലാവരുടെയും അഭയകേന്ദ്രവുമായിരുന്നു. 1973ൽ പിതാവ് മരിച്ചപ്പോൾ തൽസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് മകൻ സി.എം അബ്ദുല്ല മൗലവിയാണ്. അന്നു മുതൽ തന്റെ വിയോഗം വരെ നാലു പതിറ്റാണ്ടിനടുത്ത കാലത്തോളം കീഴൂർ, ചെമ്പിരിക്ക ഭാഗങ്ങളിലും പിന്നീട് മംഗളൂരുവിലും ഖാസിയും ആത്മീയ നേതാവുമായി പ്രവർത്തിച്ചു.
തളങ്കര മുസ്‌ലിം ഹൈസ്‌കൂളിൽനിന്ന് ഇ.എസ്.എൽ.സി വരെ സ്‌കൂൾ പഠനം നടത്തിയ അദ്ദേഹം പിന്നീട് മതപഠനത്തിനായി ദർസ് മേഖലയിലേക്കു തിരിയുകയും 1962ൽ വെല്ലൂർ ബാഖിയാത്തിൽ പോയി ബാഖവി ബിരുദം നേടുകയും ചെയ്തു. ഒറവങ്കര, എട്ടിക്കുളം, മാടായി-പുതിയങ്ങാടി എന്നിവിടങ്ങളിൽ മുദരിസായും സേവനം ചെയ്തു. വിദ്യാഭ്യാസ മേഖലകളിൽ വടക്കൻ കേരളം അനുഭവിക്കുന്ന പരിമിതികളെ പരിഹരിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം ഉയർത്തിക്കൊണ്ടുവരലായിരുന്നു പഠന കാലം മുതലേയുള്ള ചിന്തകൾ. നിരന്തരമായ ശ്രമങ്ങളുടെ ഫലമെന്നോണം പല വാതിലുകളും മുട്ടി അവസാനം തന്റെ ശ്രമങ്ങൾ ഫലം കണ്ടു.1971ൽ പുതിയൊരു സമന്വയ സിലബസ് സ്വന്തമായി തയാറാക്കി, കല്ലട്ര അബ്ദുൽ ഖാദിർ ഹാജി എന്ന പ്രമാണിയുടെ സഹായത്തോടെ സഅദിയ്യ എന്ന സ്ഥാപനം പണിതു. കേരളത്തിലെ സമന്വയ വിദ്യാഭ്യാസ ചിന്തയിലെ പുതിയൊരു അധ്യായമായിരുന്നു ഇത്. പക്ഷേ, തന്റെ ചിന്താനിലവാരത്തോട് കിടപിടിക്കുന്ന സഹപ്രവർത്തകരുടെ അഭാവം ഇത് വിജയത്തിലെത്തിക്കുന്നതിനു മുമ്പിൽ തടസ്സമാവുകയായിരുന്നു. 1980കളിൽ എം.എം ബശീർ മുസ്‌ലിയാർ, സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാർ, യു. ബാപ്പുട്ടി ഹാജി തുടങ്ങിയവരുടെ കൂട്ടുകെട്ടാണ് ഇതിനെ വിജയിച്ച പരീക്ഷണമാക്കി പിന്നീട് പരിവർത്തിപ്പിച്ചത്. നീലേശ്വരം മർക്കസ്, ചട്ടഞ്ചാൽ മലബാർ ഇസ്‌ലാമിക് കോംപ്ലക്‌സ് തുടങ്ങി വേറെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പിന്നീട് സി.എമ്മിന്റെ കാർമികത്വത്തിൽ ഉയർന്നുവന്നു.
ഇൽമുൽ ഫലക്ക്, ഇൽമുൽ മീഖാത്ത്, ഇൽമുൽ ഖിബ്‌ല തുടങ്ങിയ മേഖലകളിൽ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി (1866-1919)ക്കു ശേഷം കേരളം കണ്ട ഏറ്റവും വലിയ പണ്ഡിതനായിരുന്നു സി.എം അബ്ദുല്ല മൗലവിയെന്ന് നിരീക്ഷിക്കാം. ഇവ്വിഷയകമായി പതിറ്റാണ്ടുകളോളം അദ്ദേഹം നടത്തിയ ഗഹനമായ പഠനങ്ങളും അന്വേഷണങ്ങളുമാണ് ഇതിന്റെ ഏറ്റവും വലിയ തെളിവ്. ദർസ് കാലം മുതൽ ഗോള-ഗണിത ശാസ്ത്ര പഠനങ്ങളിൽ തൽപരനായിരുന്ന അദ്ദേഹം ഈ വിഷയത്തിൽ ഉപരിപഠനം നടത്തുകയും പരമ്പരാഗതമായി, പഴയ ഗണിത ഫോർമുലകളിൽ പഠിപ്പിക്കപ്പെടുന്ന പല ഗ്രന്ഥങ്ങളുടെയും പരിമിതികളെ തുറന്നുകാട്ടുകയും ചെയ്തു. അരിസ്റ്റോട്ടിലിയൻ ഗണിത സിദ്ധാന്തങ്ങളിൽ അള്ളിപ്പിടിച്ചിരിക്കുന്ന പല ദിശാനിർണയ ഗണിത രീതികളും സമയം കൊല്ലികൾ മാത്രമാണെന്നും ലോഗരിതം പോലെയുള്ള ഗണിത രീതികളുപയോഗിച്ച് ഇത് എളുപ്പത്തിൽ കണ്ടെത്താൻ കഴിയുമെന്നും അദ്ദേഹം സമർഥിച്ചു. അതിനായി ഗ്രന്ഥരചന നടത്തുകയും ഖിബ്‌ല ദിശ നിർണയത്തിന്റെ പുതിയ രീതികൾ പണ്ഡിതന്മാർക്കിടയിൽ പരിചയപ്പെടുത്തുകയും ചെയ്തു. പള്ളിദർസുകളിലും അറബിക്കോളജുകളിലും ഗണിത-ഗോള ശാസ്ത്രം പഠിക്കുന്നവർക്ക്, ഈ പഠനമേഖല ഏറെ സുഖമമാക്കുന്നതിനായി ഒരു ആമുഖ പഠന ഗ്രന്ഥവും അദ്ദേഹം തയാറാക്കി. മാഗ്നറ്റിക് കോംപസിന്റെ ഉപയോഗത്തിൽ പൊതുവായി കണ്ടുവരാറുള്ള തെറ്റുകളെ തിരുത്തി, അദ്ദേഹം ഇംഗ്ലീഷിൽ പഠനം പ്രസിദ്ധീകരിച്ചു.
1960 മുതൽ കേരളത്തിലെ രചനാലോകത്ത് സജീവമായി നിറഞ്ഞുനിന്ന ഒരു പേരായിരുന്നു സി.എം അബ്ദുല്ല മൗലവിയുടേത്. അറബി, മലയാളം, ഇംഗ്ലീഷ്, അറബിമലയാളം എന്നീ ഭാഷകളിലെല്ലാം അദ്ദേഹം എഴുതിയിരുന്നു. 1962ൽ തിരൂരങ്ങാടി ആമിറുൽ ഇസ്‌ലാം പ്രസ്സിൽ അച്ചടിച്ച അദ്ദേഹത്തിന്റെ ചെമ്പരിക്ക മാല അറബിമലയാളത്തിലെ മനോഹരമായ ഒരു ആവിഷ്‌കാരമാണ്. കഴിഞ്ഞ നൂറ്റാണ്ടുകളിൽ മാപ്പിള ബൗദ്ധികതയുടെ നിലവറയായിരുന്ന അറബിമലയാള പൈതൃകത്തിലേക്ക് തന്റെ ക്രിയാത്മക ചിന്തയെ ചേർത്തുപിടിക്കുന്നതാണ് ഈ ചെറു രചന. കൂടാതെ, ഖുർആൻ, ഹദീസ്, ആത്മീയത, ചരിത്രം തുടങ്ങിയ വിഷയങ്ങളിലെല്ലാം അദ്ദേഹം വ്യാപകമായി എഴുതിയിരുന്നു. ഇമാം ബൂസ്വീരിയുടെ ബുർദക്ക് ഗദ്യ വിവർത്തനം തയാറാക്കിയിരുന്ന അദ്ദേഹം ഇബ്‌നു ഹജറുൽ അസ്ഖലാനിയുടെ ഒരു കൃതിയും മലയാളത്തിലേക്കു ഭാഷാന്തരം നടത്തിയിട്ടുണ്ട്. മുസ്‌ലിം സാമൂഹിക-കുടുംബ ജീവിതവുമായി സംവദിക്കുന്ന തരത്തിലുള്ള ധാരാളം കനപ്പെട്ട രചനകൾ പലപ്പോഴായി അദ്ദേഹത്തിൻ്റേത് വെളിച്ചം കണ്ടിട്ടുണ്ട്.
ഒരേസമയം പൈതൃക മൂല്യങ്ങളിൽ ഊന്നിനിന്ന് ആധുനിക സമൂഹത്തോട് സംവദിക്കാൻ ശ്രമിച്ച, പുതിയ കാലത്തിന്റെ സ്പന്ദനങ്ങൾ വായിച്ചറിഞ്ഞ പണ്ഡിതനായിരുന്നു സി.എം. ആധുനിക വിഷയങ്ങളിൽ സജീവമായി മതപക്ഷത്തുനിന്ന് ഇടപെട്ടിരുന്ന അദ്ദേഹം മൗലിദ് രചനയിലും തന്റെ കഴിവ് തെളിയിച്ചു. സ്വന്തം പിതാവിനെക്കുറിച്ചും മംഗളൂരുവിലെ പ്രഥമ ഖാസിയായിരുന്ന മൂസ ബിൻ മാലിക് (റ)നെക്കുറിച്ചും അദ്ദേഹം മൗലിദ് തയാറാക്കിയിട്ടുണ്ട്.
പ്രസിദ്ധീകരണ മേഖലയിലെ തന്റെയും സഹപ്രവർത്തകരുടെയും ശ്രദ്ധേയമായൊരു ഉദ്ദ്യമമായിരുന്നു അദ്ദഅ്‌വ മാസിക. 1983 മുതൽ സി.എമ്മിന്റെ പത്രാധിപത്യത്തിൽ കാസർകോട്ടുനിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ഇത് ഉത്തരമലബാറിലെ ശ്രദ്ധേയമായൊരു മുന്നേറ്റമായിരുന്നു. ഡോ. സി.കെ കരീം തന്റെ കേരള മുസ്‌ലിം ഡയറക്ടറിയിൽ കേരളത്തിലെ പ്രസിദ്ദീകരണങ്ങളെ പരിചയപ്പെടുത്തുന്നിടത്ത് ഇതിനെ പരാമർശിക്കുന്നുണ്ട്.
കോട്ട അബ്ദുൽ ഖാദിർ മുസ്‌ലിയാരുടെ വിയോഗത്തിനു ശേഷം 2009 ൽ മംഗളൂരു ഖാസിയായി നിയോഗിക്കപ്പെട്ട സി.എം ഒരു യുവാവിന്റെ പ്രസരിപ്പോടെയാണ് അവിടെ തന്റെ പ്രവർത്തനങ്ങൾ കാഴ്ച്ചവച്ചത്. ആ മുന്നേറ്റം കണ്ട് അറുപതോളം മഹല്ലുകൾ ദക്ഷിണ കന്നടയിൽ അന്നുതന്നെ അദ്ദേഹത്തിന്റെ കീഴിൽ വന്നു. അവിടെ വലിയ വിദ്യാഭ്യാസ പദ്ധതികൾ വരെ അദ്ദേഹമന്ന് പ്രഖ്യാപിച്ചിരുന്നു. മനസ് നിറയെ സ്വപ്‌നങ്ങളുമായി ഓടിനടന്ന ഒരു നവോത്ഥാന നായകനെയാണ് അന്ന് മംഗളൂരുകാർ കണ്ടിരുന്നത്. മാസങ്ങൾ മാത്രമായിരുന്നു ഈ പ്രവർത്തന കാലമെങ്കിലും വർഷങ്ങളുടെ സ്വാധീനം ജനമനസ്സുകളിൽ ബാക്കിവച്ചാണ് അദ്ദേഹം വിടപറഞ്ഞത്.
കാസർകോട് ജില്ലയിൽ സമസ്തയുടെ ജീവാത്മാവും പരമാത്മാവും സി.എമ്മായിരുന്നു. ജില്ലാ പ്രസിഡൻ്റായി പതിറ്റാണ്ടുകൾ സേവനം ചെയ്ത അദ്ദേഹം സമസ്ത കേന്ദ്ര കമ്മിറ്റി സീനിയർ വൈസ് പ്രസിഡൻ്റുകൂടിയായിരുന്നു. സുന്നത്ത് ജമാഅത്തിന് ഉത്തരമലബാറിൽ പ്രതാപവും വളർച്ചയും കൈവരുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. തന്റെ എഴുത്തുകളും പ്രസംഗങ്ങളും സ്ഥാപനങ്ങളുമെല്ലാം സുന്നത്ത് ജമാഅത്തിന്റെ പ്രചാരണത്തിനാണ് സി.എം വിനിയോഗിച്ചിരുന്നത്.
2010 ഫെബ്രുവരി 15ന് ഏതോ ഇരുട്ടിന്റെ ശക്തികൾ ആ വന്ദ്യവയോധികനെ കൊന്ന് കടലിൽ തള്ളുകയായിരുന്നു. സി.ബി.ഐ അടക്കം അന്വേഷിച്ചിട്ടും ഇതിനുപിന്നിൽ പ്രവർത്തിച്ച കുറ്റവാളികളെ നിയമത്തിനുമുമ്പിൽ കൊണ്ടുവരാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഉത്തരവാദപ്പെട്ടവർ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിച്ചാലും ഒരു നാൾ സത്യം മറനീക്കി പുറത്തുവരുമെന്നത് തീർച്ചയാണ്. ആ ദിവസത്തെ പ്രതീക്ഷിച്ചിരിക്കുകയാണ് വിയോഗത്തിന്റെ ഒരു വ്യാഴവട്ടക്കാലം പൂർത്തിയാകുമ്പോഴും ഉസ്താദിനെ സ്‌നേഹിക്കുന്നവർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോഴിക്കോട് ജില്ലയില്‍ ആന എഴുന്നള്ളിപ്പിന് വിലക്ക് ഏര്‍പ്പെടുത്തി
Kerala
• 16 days ago
പ്രാണികളേയേയും പുഴുക്കളേയും ഉപയോഗിച്ചുള്ള ഭക്ഷണം വിലക്കി കുവൈത്ത്
latest
• 16 days ago
മുന്‍കൂര്‍ വിസയില്ലാതെയും ഇന്ത്യക്കാര്‍ക്ക് ഇനി യുഎഇ സന്ദര്‍ശിക്കാം; ഇന്ത്യന്‍ സന്ദര്‍ശകര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള വിസ ഇളവ് പദ്ധതി വിപുലീകരിക്കാന്‍ യുഎഇ
uae
• 16 days ago
സഊദി അറേബ്യ; ഈ വര്‍ഷം ശമ്പള വര്‍ധനവിന് സാധ്യതയോ?
Saudi-arabia
• 16 days ago
മൃഗസംരക്ഷണ നിയമലംഘനങ്ങള്‍ ലംഘിച്ചാല്‍ അജ്മാനില്‍ ഇനിമുതല്‍ കര്‍ശനശിക്ഷ; 500,000 ദിര്‍ഹം വരെ പിഴ
uae
• 16 days ago
തൃശൂര്‍ ബാങ്ക് കവര്‍ച്ച: പ്രതി അങ്കമാലിയിലെന്ന് സൂചന
Kerala
• 16 days ago
ഗസ്സയില്‍ നിന്ന് ഹമാസ് പിന്‍മാറണമെന്ന് അറബ് ലീഗ്; പിന്തുണച്ച് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്
uae
• 16 days ago
ഉംറ പ്രവേശനം; പുത്തന്‍ വിസ ഓപ്ഷനുകള്‍ അവതരിപ്പിച്ച് സഊദി അറേബ്യ
latest
• 16 days ago
കവര്‍ച്ച നടത്തിയത് വെറും രണ്ടര മിനിറ്റുകൊണ്ട്; തൃശൂരിലെ ബാങ്ക് കൊള്ള ആസൂത്രിതമെന്ന് പൊലിസ്
Kerala
• 16 days ago
യുഎഇ വിസ ഗ്രേസ് പിരീഡ്; തൊഴില്‍ വിസ റദ്ദാക്കിയതിനു ശേഷം എത്ര കാലം യുഎഇയില്‍ താമസിക്കാം
uae
• 16 days ago
തൃശൂരില്‍ ജീവനക്കാരെ ബന്ദിയാക്കി പട്ടാപ്പകല്‍ ബാങ്ക് കൊള്ള; അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്
Kerala
• 16 days ago
36 വര്‍ഷം സ്ത്രീയായി ജീവിക്കുന്ന പുരുഷന്; കാരണമോ വിചിത്രം...
National
• 16 days ago
ആ സമയമാവുമ്പോൾ റൊണാൾഡോ ഫുട്ബോളിൽ നിന്നും വിരമിക്കും: റാഫേൽ വരാനെ
Football
• 16 days ago
വയനാട് പുനരധിവാസം; 529.50 കോടി വായ്പ അനുവദിച്ച് കേന്ദ്രം
Kerala
• 16 days ago
'ഏകാന്തവാസം..രാവുകളെ പകലാക്കി നീണ്ട ചോദ്യം ചെയ്യലുകള്‍..ഇലക്ട്രിക് ദണ്ഡുകള് കൊണ്ട് ക്രൂരമര്‍ദ്ദനം..' ഡോ.ഹുസ്സാം അബു സഫിയ ഇവിടെയുണ്ട് ഇസ്റാഈല്‍ തടവറക്കുള്ളില്‍
International
• 16 days ago
കാത്തിരിപ്പിന് വിരാമം മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക്ക് വാഹനങ്ങളുടെ ബുക്കിംഗ് ആരംഭിച്ചു
auto-mobile
• 16 days ago
ചെന്താമരയെ പേടി; മൊഴിമാറ്റി സാക്ഷികൾ
Kerala
• 16 days ago
ഇന്ത്യൻ ക്രിക്കറ്റ് പൂരത്തിന് ഇന്ന് കൊടിയേറ്റം; ടൂർണമെന്റിലെ ടീമുകളും താരങ്ങളും ആരെല്ലാമെന്ന് അറിയാം
Cricket
• 16 days ago
നിങ്ങൾക്കറിയാമോ കാൻസർ രോഗികൾക്ക് ആംബുലൻസ് വാടകയിൽ ഇളവുണ്ട്...; നിരക്കുകളും മറ്റ് ആനുകൂല്യങ്ങളും അറിയാം
Kerala
• 16 days ago
സ്വർണവില ഇന്നും കൂടി; ഇതെന്തു പോക്കാണെന്റെ പൊന്നേ...
Business
• 16 days ago
അവനെ ഒരിക്കലും കൊൽക്കത്ത ക്യാപ്റ്റനാക്കില്ല: മുൻ ഇന്ത്യൻ താരം
Cricket
• 16 days ago