സ്വന്തം മാര്‍ക്കറ്റിലിരിക്കുന്നവര്‍ക്കാണ് മാര്‍ക്ക്
ഊണും ഉറക്കുമില്ലാതെ മാസങ്ങളോളം ഗവേഷണം ചെയ്താണ് അയാള്‍ ആ പുസ്തകം രചിച്ചിരിക്കുന്നത്. പുസ്തകം കെട്ടിലും മട്ടിലും മാത്രമല്ല, ഉള്ളടക്കത്തിലും വിശേഷപ്പെട്ടതുതന്നെ. അതുവരെ ആരും ചിന്തിച്ചിട്ടില്ലാത്ത മേഖലകളിലൂടെയെല്ലാം അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. അങ്ങനെയൊരു സൃഷ്ടിതന്നെ ആദ്യമായിരിക്കാം. പറഞ്ഞിട്ടെന്ത്..? വാങ്ങാന്‍ ആളുകള്‍ വേണ്ടേ.. വര്‍ഷം ഒന്നു തികഞ്ഞിട്ടും അംഗുലീപരിമിതമായ കോപ്പികള്‍ മാത്രമേ വിറ്റഴിഞ്ഞുള്ളൂ. അയാള്‍ക്ക് സങ്കടമടക്കാന്‍ കഴിഞ്ഞില്ല. തന്റെ പരിശ്രമങ്ങള്‍ മുഴുവന്‍ പാഴ്‌വേലയായിപ്പോയോ എന്നുപോലും ഒരുവേള ചിന്തിച്ചു. തന്റെ ഗൈഡിനോട് പരാതി പറഞ്ഞപ്പോള്‍ ഗൈഡ് ചോദിച്ചു: ''പുസ്തകം പ്രസിദ്ധീകരിച്ചത് ആരാണ്...?''
അദ്ദേഹം പറഞ്ഞു: ''അതു ഞാന്‍ തന്നെ. പ്രസിദ്ധീകരണ ചെലവുകള്‍ മുഴുവന്‍ വഹിച്ചതും ഞാന്‍..''
''എന്നിട്ട് എവിടെയൊക്കെയാണ് വിപണനം നടത്തിയത്..?''
''നാട്ടിന്‍ പുറത്തെ പുസ്തകശാലകളില്‍...''
''പിന്നെയോ..?''
''വീടുകള്‍ കേന്ദ്രീകരിച്ച്..''
''എന്നിട്ട് ആരും വാങ്ങിയില്ലേ...''
''പുസ്തകത്തിന്റെ വിലയും വലുപ്പവും കണ്ടിട്ട് വേണ്ടാ എന്നാണവരെല്ലാം പറഞ്ഞത്..''
ഗൈഡ് പറഞ്ഞു: ''അതുതന്നെയാണ് പുസ്തകം വിറ്റുപോകാതിരിക്കാനുള്ള കാരണം.. പുസ്തകത്തിന് മാര്‍ക്കറ്റില്ലാത്തതുകൊണ്ടല്ല, മാര്‍ക്കറ്റുള്ള സ്ഥലങ്ങളില്‍ പുസ്തകം എത്താത്തതാണു കുഴപ്പം..''
പൂച്ചകളുടെ മാര്‍ക്കറ്റില്‍ ചെന്ന് സ്വര്‍ണക്കച്ചവടം നടത്തിയാല്‍ വിജയിക്കില്ല. എത്ര വില കുറച്ചാലും ഓഫറുകള്‍ പ്രഖ്യാപിച്ചാലും ഒരു ഉപഭോക്താവിനെ പോലും കിട്ടില്ല. പൂച്ചമാര്‍ക്കറ്റില്‍ വിറ്റഴിയുക നല്ല മത്സ്യങ്ങളാണ്.
ഓരോ ഉല്‍പന്നത്തിനും അതിന്റെതായ മാര്‍ക്കറ്റുകളുണ്ട്. ആവശ്യക്കാരുമുണ്ട്. അതിന്റെതല്ലാത്ത മാര്‍ക്കറ്റിലോ ആവശ്യമില്ലാത്തവര്‍ക്കിടയിലോ വില്‍പനയ്ക്കുവച്ചാല്‍ വിജയിക്കില്ലെന്നുറപ്പ്. ഗാനവിരോധികള്‍ക്കിടയില്‍ ചെന്ന് ഗാനാലാപനം ചെയ്താല്‍ ശ്രോതാക്കളെ കിട്ടില്ല. ശ്രോതാക്കളെ കിട്ടാത്തതിന്റെ പേരില്‍ ആ നാട്ടുകാരെ പഴിച്ചിട്ടു കാര്യവുമുണ്ടാകില്ല.
വിവിധങ്ങളായ കഴിവുകളും യോഗ്യതകളും നല്‍കിയാണ് സ്രഷ്ടാവ് ഓരോരുത്തരെയും സൃഷ്ടിച്ചിരിക്കുന്നത്. ആ കഴിവുകള്‍ക്കിടയില്‍ ഏറ്റവും മികച്ചതും വ്യതിരിക്തവുമായ കഴിവുണ്ടായിരിക്കും. ആ കഴിവാണ് ഒരാളെ വ്യത്യസ്തനും ശ്രദ്ധേയനുമാക്കി മാറ്റുക. ആ കഴിവ് ഏതാണെന്നു തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ ഉടന്‍ അതിനെ പരിപോഷിപ്പിച്ചെടുക്കാന്‍ ശ്രമിക്കണം. കാരണം, അതയാളുടെ ഉല്‍പന്നമാണ്. ആ ഉല്‍പന്നത്തെ കൂടുതല്‍ മികവുറ്റതാക്കി വിപണിയിലെത്തിക്കുകയാണ് പിന്നീടു ചെയ്യേണ്ടത്. എന്നുവച്ച് ഏതെങ്കിലും വിപണിയില്‍ കൊണ്ടുപോയി ചെലവാക്കാന്‍ ശ്രമിക്കരുത്. ആ ഉല്‍പന്നം ഏറ്റവും കൂടുതല്‍ ചെലവാകുന്ന മാര്‍ക്കറ്റില്‍ ചെന്ന് വിപണനം നടത്തണം.
നിങ്ങളില്‍ മികച്ചുനില്‍ക്കുന്ന കഴിവ് ചിത്രരചനയാണെന്നിരിക്കട്ടെ. ആ കഴിവുമായി നിങ്ങള്‍ ചികിത്സാരംഗത്തേക്കു ചെന്നാല്‍ എങ്ങനെയിരിക്കും..? പറമ്പില്‍ യഥേഷ്ടം തേങ്ങ വിളയുന്നുണ്ട്. അതെല്ലാം ശേഖരിച്ച് വില്‍പനയ്ക്കായി ഏതെങ്കിലും ജ്വല്ലറിയില്‍ കയറിയിട്ടു കാര്യമുണ്ടോ..? നിങ്ങള്‍ ജനകീയനായ നേതാവോ ഉന്നതനായ ഉദ്യോഗസ്ഥനോ ആയിരിക്കാം. എന്നാല്‍ ഭാര്യയ്ക്കു മുന്നില്‍ ആ സ്ഥാനം ചെലവാകുമോ..?
ചെലവാകുന്നിടത്താണ് നിങ്ങള്‍ നിങ്ങളുടെ യോഗ്യതകളുമായി ചെല്ലേണ്ടത്. അങ്ങനെ ചെന്നെങ്കില്‍ മാത്രമേ ആ യോഗ്യതകള്‍ പ്രകടിപ്പിക്കാനും കൂടുതല്‍ വിപുലമാക്കാനും കഴിയുകയുള്ളൂ. ചെറിയ കട വലിയ കടയായി രൂപാന്തരപ്പെടുന്നത് മാര്‍ക്കറ്റ് കൂടുമ്പോഴാണ്. മാര്‍ക്കറ്റുള്ള സ്ഥലങ്ങളില്‍ തുടങ്ങിയ കടകളെല്ലാം പിന്നീട് വലിയ കടകളായി മാറുന്നതതുകൊണ്ടാണ്. അപ്രസിദ്ധരായവര്‍ സുപ്രസിദ്ധരായി മാറുന്നത് അവരുടെ കഴിവുകള്‍ മാര്‍ക്കറ്റു കിട്ടുന്നിടത്ത് ചെലവാക്കിയതുകൊണ്ടാണ്.
നിങ്ങള്‍ക്കു നന്നായി പ്രസംഗിക്കാന്‍ കഴിയുമെന്നിരിക്കട്ടെ. എന്നാല്‍ തീരെ എഴുതാന്‍ കഴിയില്ല. അതേസമയം, നിങ്ങളുടെ സുഹൃത്തിന് നന്നായി എഴുതാനാകും, പ്രസംഗിക്കാന്‍ കഴിയില്ല. എങ്കില്‍ പ്രസംഗ രംഗത്ത് നിങ്ങള്‍ക്കു പ്രസിദ്ധിയുണ്ടാകും. രചനാരംഗത്ത് ഒന്നുമുണ്ടാകില്ല. സുഹൃത്തിന് രചനാരംഗത്ത് തിളക്കമുണ്ടാകും; പ്രസംഗരംഗത്ത് കേളിയുണ്ടാവില്ല. സുഹൃത്തിന്റെ രചനാരംഗത്തുള്ള മാര്‍ക്കറ്റ് കണ്ട് നിങ്ങള്‍ അസൂയപ്പെടേണ്ടതില്ല. അതു നിങ്ങളുടെ മാര്‍ക്കറ്റല്ലെന്നു കരുതിയാല്‍ മതി. സുഹൃത്തിന്റെ മാര്‍ക്കറ്റില്‍ നിങ്ങളൊരു സാധാരണ വായനക്കാരന്‍ മാത്രമാണെങ്കില്‍ നിങ്ങളുടെ മാര്‍ക്കറ്റില്‍ നിങ്ങള്‍ സ്റ്റേജിലും സുഹൃത്ത് സദസിലുമാണിരിക്കുക.
വിദ്യാലയത്തിലെത്തിയാല്‍ അധ്യാപകനാണു പ്രധാനി. അവിടെ തെരുവുകച്ചവടക്കാരന്‍ അപ്രധാനിയായിരിക്കും. തെരുവിലെത്തിയാല്‍ കച്ചവടക്കാരനാണു പ്രധാനി. അധ്യാപകന്‍ അവിടെ അപ്രധാനിയായിരിക്കും. തെരുവില്‍ എനിക്കു സ്ഥാനമില്ലല്ലോ എന്നു ചിന്തിച്ച് സങ്കടപ്പെടേണ്ടതില്ല.
ഓരോരുത്തരും അവരവരുടെ മേഖലയില്‍ പ്രധാനികളാണ്. അവര്‍ക്കിണങ്ങാത്ത മേഖലയില്‍ അപ്രധാനികളുമാണ്. നിങ്ങള്‍ എപ്പോഴും കാണപ്പെടേണ്ടത് നിങ്ങളുടെ മേഖലയിലായിരിക്കണം. നിങ്ങളുടെ സ്വന്തം മാര്‍ക്കറ്റില്‍. വേറേതെങ്കിലും മാര്‍ക്കറ്റില്‍ കാണപ്പെട്ടാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മാര്‍ക്കറ്റില്‍ കച്ചവടം നടക്കുകയില്ല, നിങ്ങളുടേതല്ലാത്ത മാര്‍ക്കറ്റില്‍ നിങ്ങള്‍ക്കു തിളങ്ങാന്‍ കഴിയുകയുമില്ല.
മേഖലവിട്ട് കളിക്കരുത്. കാല്‍പന്തുകളിയില്‍ മികവുറ്റ പ്രകടനം കാഴ്ചവയ്ക്കുന്നവന്‍ അതൊഴിവാക്കി തനിക്കു തിളങ്ങാന്‍ പറ്റാത്ത ക്രിക്കറ്റു ഗ്രൗണ്ടിലേക്കിറങ്ങുന്നത് ബുദ്ധിയല്ല. കാണികള്‍ കൂ വിളിക്കും. കാല്‍പന്തുകളിയിലെ തിളക്കത്തിനു മാറ്റു കുറയുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."