'അജ്മല്‍ കസബിനും ബുര്‍ഹാന്‍ വാനിക്കും 21 വയസ്സായിരുന്നു, ദേശദ്രോഹികളെ ഉന്മൂലനം ചെയ്യണം'- ദിഷ രവിയുടെ അറസ്റ്റ് ന്യായീകരിച്ച് ബി.ജെ.പി നേതാക്കള്‍
ചണ്ഡിഗഢ്: യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റ് ചെയ്തതിനെ ന്യായീകരിച്ച് ബി.ജെ.പി നേതാക്കള്‍. ദേശവിരുദ്ധ ചിന്ത മനസ്സില്‍ പേറുന്നത് ആരായാലും അവരെ ഉന്മൂലനം ചെയ്യണമെന്നായിരുന്നു ഹരിയാന ബി.ജെ.പി മന്ത്രി അനില്‍ വിജിന്റെ പരാമര്‍ശം.
'ദേശവിരുദ്ധ ചിന്ത മനസില്‍ പേറുന്ന എല്ലാവരെയും ഉന്മൂലനം ചെയ്യണം. അത് ദിഷ രവിയല്ല ആരായലും,' അനില്‍ വിജ് പറഞ്ഞു. അനില്‍ വിജിന്റെ പരാമര്‍ശം വലിയ പ്രതിഷേധത്തിനാണ് ഹരിയാനയില്‍ വഴിവെച്ചത്.
ദിഷ രവിയെ മുംബൈ ഭീകരാക്രണക്കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച അജ്മല്‍ കസബുമായ താരതമ്യം ചെയ്താണ് ബി.ജെ.പി എം.പിയായ പി.സി മോഹന്റെ പ്രതികരണം.
' ബുര്‍ഹാന്‍ വാനിക്ക് 21 വയസേ ഉണ്ടായിരുന്നുള്ളൂ, അജ്മല്‍ കസബിനും 21 വയസേ ഉണ്ടായിരുന്നുള്ളൂ. വയസൊരു അക്കം മാത്രമാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. കുറ്റം കുറ്റം തന്നെയാകുന്നു,' പി.സി മോഹന്‍ പറഞ്ഞു.
ദിഷ രവിയെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നതിന് പിന്നാലെയാണ് ബി.ജെ.പി എം.പിമാരുടെ വിവാദ പ്രതികരണം.
ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ കാമ്പയിന്റെ ഇന്ത്യയിലെ സ്ഥാപക പ്രവര്‍ത്തകരിലൊരാളായ ദിഷ രവിയെ (21) ബംഗളൂരുവിലെ സൊലദേവനഹള്ളിയിലെ വീട്ടില്‍നിന്ന് ശനിയാഴ്ച രാവിലെയാണ് ഡല്‍ഹി പൊലിസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വൈകീട്ട് ആറിനുള്ള വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് ട്വീറ്റ് ചെയ്ത ടൂള്‍ കിറ്റുമായി (ഗൂഗ്ള്‍ ഡോക്യുമെന്റ്) ബന്ധപ്പെട്ട് ഫെബ്രുവരി നാലിനാണ് ഡല്‍ഹി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തതത്. കേസിലെ ആദ്യത്തെ അറസ്റ്റാണിത്.
രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, വിദ്വേഷ പ്രചാരണം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."