HOME
DETAILS

മലബാര്‍ വികസനം: ജീവന്റെ വിലയുള്ള വാദം

  
backup
February 17 2021 | 03:02 AM

514534121-2021

 


എത്രപഴകിയതാണെങ്കിലും പറയാതിരിക്കാനാവില്ല മലബാറിന്റെ വികസന പിന്നോക്കത്തെ കുറിച്ച്, കാരണം അതിനു ജീവന്റെ വിലയുണ്ട്. റോഡപകടങ്ങളുടെ കണക്കില്‍ മലബാര്‍ മുന്‍പന്തിയിലല്ല, എന്നാല്‍, റോഡപകട മരണത്തില്‍ ഒട്ടും പിന്നിലല്ലതാനും. ഉന്നത പഠനരംഗത്ത് മേന്മ തെളിയിച്ചവരുടെ എണ്ണം ഒട്ടും കുറവല്ല, പക്ഷേ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കാനവസരമില്ലാതെ അന്യനാടു തേടി പോകേണ്ടിവരുകയോ പഠനം ഇടക്കുവച്ചു അവസാനിപ്പിക്കേണ്ടിയോ വരുന്നു. വാഹനങ്ങളുണ്ട്, എന്നാല്‍ അവ ഓടാന്‍ നല്ല റോഡുകളില്ല. അവഗണിക്കാന്‍ കഴിയാത്ത രാഷ്ട്രീയ ചരിത്രമുണ്ട്. എന്നാല്‍, അതിന്റെ ഗുണഫലങ്ങള്‍ ഒന്നും അനുഭവിക്കാനായില്ല. എക്കാലവും കേരളത്തിന്റെ വികസന മാപ്പില്‍ ഒറ്റപ്പെട്ട കുത്തുകളായി മാത്രം എങ്ങനെ ഈ ദേശം മാറി. മാറിമാറി വന്ന സര്‍ക്കാരുകള്‍ മലബാറിനോട് തുടരുന്ന അവഗണനയുടെ നേര്‍സാക്ഷ്യം തന്നെയാണ് ഇപ്പോള്‍ പുരോഗതിയുടെ അടയാളങ്ങളായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്ന വികസന മാപ്പുകള്‍. അവിടെ മലബാറിലെ അടയാളപ്പെടുത്തലുകള്‍ ചുരുങ്ങുമ്പോള്‍, ഇതെന്താ ഇങ്ങനെയെന്ന് ചോദിക്കുന്നത് എങ്ങനെ ദേശവിരുദ്ധമാകും, കലാപാഹ്വാനമാകും.


കേരളത്തെക്കാള്‍ ചെറിയ സംസ്ഥാനങ്ങള്‍ നമ്മുടെ രാജ്യത്തുണ്ടെങ്കിലും ഈ കൊച്ചു സംസ്ഥാനത്തെ രണ്ടായി മുറിക്കാനാവില്ലെന്ന യാഥാര്‍ഥ്യം എല്ലാര്‍ക്കുമറിയാം. മലബാറിന്റെ വികസന പിന്നോക്കാവസ്ഥയെക്കുറിച്ച് പറയുമ്പോഴൊക്കെ ആലങ്കാരികമായി ഉപയോഗിക്കുന്നതാണ് 'മലബാര്‍ സംസ്ഥാന വാദം'. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ആറു ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന കേരളത്തിലെ ആകെ ജനസംഖ്യയുടെയും ഭൂഭാഗത്തിന്റെയും ഏതാണ്ട് 45 ശതമാനത്തെ പ്രതിനിധാനം ചെയ്യുന്ന മലബാറിനെ പ്രത്യേക സംസ്ഥാനമായി വിഭജിക്കണമെന്ന് ഇവിടുത്തെ രാഷ്ട്രീയം അറിയുന്ന ആരും പറയില്ല. മുസ്‌ലിം ലീഗിന്റെ യുവജന വിഭാഗമായ യൂത്ത് ലീഗ് മലബാര്‍ വികസനത്തില്‍ തുടര്‍ച്ചയായി അവഗണിക്കപ്പെടുമ്പോള്‍ ഇത്തരം ചില പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. കേരളത്തെ രണ്ടു കഷ്ണമായി മുറിച്ചു മലബാര്‍ സംസ്ഥാനം രൂപീകരിക്കണമെന്ന വാദമായിട്ടായിരുന്നില്ല ഈ പ്രസ്താവനയെ ആരും കണ്ടിരുന്നത്. മറിച്ച് ഈ ദേശത്തിന്റെ ഭൂമിശാസ്ത്രപരവും സാമൂഹികവുമായ പ്രത്യേകതകള്‍ പരിഗണിച്ച് അനുയോജ്യമായ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നതിന്റെ അനിവാര്യതയെ ഓര്‍മപ്പെടുത്തലായിരുന്നു ഈ പരാമര്‍ശത്തിന്റെ സത്ത. മാത്രമല്ല, യൂത്ത് ലീഗിന്റെ ഇത്തരം പ്രസ്താവനകളെ അന്നൊന്നും വര്‍ഗീയ ചായ്‌വോടെ പ്രബുദ്ധ കേരളം ചര്‍ച്ച ചെയ്തിരുന്നുമില്ല. മലബാര്‍ സംസ്ഥാനമെങ്ങാന്‍ രൂപീകൃതമായാല്‍ ആര്‍ക്കായിരിക്കും രാഷ്ട്രീയ നേട്ടമെന്നാലോചിക്കാനുള്ള പ്രായോഗിക ബുദ്ധിയൊക്കെ യൂത്ത് ലീഗ് നേതാക്കള്‍ക്കും മലയാളികള്‍ക്കുമുണ്ട്. 'വിഭജന വാദം' ഉന്നയിച്ച യൂത്ത് ലീഗ് നേതാക്കള്‍ക്കുമറിയാം ഈ ആറു ജില്ലകളില്‍ മുസ്‌ലിം ലീഗ് ഒരു ജില്ലയില്‍ മാത്രമാണ് ഒന്നാം കക്ഷിയെന്ന്. സി.പി.എമ്മാകട്ടെ നാലു ജില്ലകളില്‍ മൃഗീയഭൂരിപക്ഷമുള്ള ഒന്നാം കക്ഷിയും ഒരു ജില്ലയില്‍ തുല്യശക്തിയുമാണ്.


ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അന്‍വര്‍ സാദിഖ് ഫൈസി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പരസ്യത്തിനെ അടിസ്ഥാനമാക്കി മലബാറിന്റെ പിന്നോക്കാവസ്ഥ ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടപ്പോള്‍ കോഴിക്കോട് ജില്ലക്കാരനായ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അതിന് വര്‍ഗീയ നിറം നല്‍കിയതിനെ കാണാന്‍. മലബാറിന്റെ ഉള്‍ഗ്രാമത്തില്‍ താമസിക്കുന്ന കെ. സുരേന്ദ്രന് അറിയാത്തതോ അദ്ദേഹം ഇതുവരെ പറയാത്തതോ അല്ല മലബാറിന്റ വികസന പിന്നോക്കാവസ്ഥയെക്കുറിച്ച്. വിവിധ സംഘടനകള്‍ നടത്തിയ 'മലബാര്‍ വികസന പ്രക്ഷോഭ'ത്തില്‍ പങ്കെടുത്തയാളുമാണ് സുരേന്ദ്രന്‍. അന്നൊന്നും ആരോപിക്കാത്ത വര്‍ഗീയതയും ദേശവിരുദ്ധതയും എന്തുകൊണ്ട് ബി.ജെ.പി സംസ്ഥാന അധ്യഷന്‍ ഫൈസിയുടെ പോസ്റ്റില്‍ ആരോപിക്കപ്പെടുന്നുവെന്നിടത്താണ് യഥാര്‍ഥ വര്‍ഗീയത ഒളിഞ്ഞിരിക്കുന്നത്. ഇവിടെ തുടങ്ങുന്നതാണ് മലബാറിന്റെ വികസന പിന്നോക്കാവസ്ഥയ്ക്കുള്ള പ്രധാനകാരണത്തിലൊന്ന്.
തിരുവിതാംകൂറുമായും കൊച്ചിയുമായൊക്കെ താരതമ്യം ചെയ്യുമ്പോള്‍ മലബാര്‍ പിന്നോക്ക പ്രദേശം തന്നെയാണെന്ന് തെളയിക്കപ്പെടുന്ന നിരവധി പഠനങ്ങള്‍ നമുക്ക് മുന്‍പിലുണ്ട്. ഈ പിന്നോക്കാവസ്ഥയ്ക്ക് ചരിത്രപരമായ കാരണങ്ങളുമുണ്ട്. എന്നാല്‍ ഐക്യകേരളത്തിന് ശേഷം ഈ പിന്നോക്കാവസ്ഥ തുടരുന്നതിലുള്ള ഉത്തരവാദിത്വം ഭരണ നേതൃത്വങ്ങള്‍ക്കു തന്നെയാണ്. മുസ്‌ലിം ലീഗിനെ പോലുള്ള ഒരു പാര്‍ട്ടി ദീര്‍ഘകാലം മാറിമാറിയാണെങ്കിലും കേരളത്തില്‍ അധികാരത്തിലിരുന്നിട്ടും ഇക്കാര്യത്തില്‍ കാര്യമായ മാറ്റമൊന്നും വരുത്താന്‍ കഴിഞ്ഞില്ലായെന്നത് മറ്റൊരു വസ്തുതയാണ്.


താലൂക്ക്, ബ്ലോക്ക് പഞ്ചായത്തുകള്‍ പോലുള്ള ഭരണസംവിധാനത്തിലെ വീഴ്ച, വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥ, ആരോഗ്യമേഖലയിലെ അസൗകര്യങ്ങള്‍, കാര്‍ഷിക- വ്യാവസായിക മേഖലകളിലെ പിന്നോക്കാവസ്ഥ, റെയില്‍വേ- വ്യോമയാന- റോഡ് ഗതാഗത മേഖലകളിലെ അന്തരം (കണ്ണൂരില്‍ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ഥ്യമായെങ്കിലും പൊതുമേഖലയിലുള്ള കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണന കൂട്ടിവായിക്കണം) ഇങ്ങനെ നിരവധി പ്രതിസന്ധികള്‍ മലബാര്‍ നേരിടുന്നുണ്ട്. സര്‍ക്കാര്‍ തൊഴില്‍ മേഖലയിലുള്ള മലബാറുകാരുടെ പ്രാതിനിധ്യം പരിശോധിച്ചാല്‍ ഞെട്ടിക്കുന്നതാണ് യാഥാര്‍ഥ്യം. ഉദ്യോഗസ്ഥ തലത്തിലുള്ള ഈ പ്രാതിനിധ്യക്കുറവ് നാടിന്റെ വികസനത്തെയും തെല്ലൊന്നുമല്ല ബാധിക്കുന്നത്. ഉദ്യോഗസ്ഥ മേലാള വിഭാഗത്തിന്റെ മലബാര്‍ വിരുദ്ധതയാണ് മലബാറുകാരായ രാഷ്ട്രീയ നേതാക്കളുടെ ഭരണക്കീഴിലും ഈ നാട് പിന്നോട്ടുപോകാന്‍ കാരണം.
ഇടക്കിടെ മാധ്യമങ്ങളിലൂടെ പാലക്കാട് അട്ടപ്പാടിയിലെയും വയനാട്ടിലെ ആദിവാസി ഊരുകളിലെയും കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ഗ്രാമങ്ങളിലെയും വാര്‍ത്തകള്‍ പുറത്തുവരുമ്പോഴാണ് കേരളത്തില്‍ ഇപ്പോഴും ഇങ്ങനെയും ചിലര്‍ ജീവിക്കുന്നുവെന്ന സത്യം പലരും അറിയുന്നത്. വാര്‍ത്ത കാണുമ്പോഴോ വായിക്കുമ്പോഴോ ഉണ്ടാകുന്ന ക്ഷണികമായ സഹാനുഭൂതിയും അനുകമ്പയുമല്ല മലബാറുകാര്‍ക്ക് വേണ്ടത്. ഈ നാടിനെയും വികസനത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയാല്‍ മാത്രമേ ഇത്തരം തുടര്‍വാര്‍ത്തകള്‍ തടയാന്‍ കഴിയൂവെന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ടാകണം.


വയനാട് ജില്ലയില്‍ വാഹനാപകടത്തില്‍ മരിക്കുന്നവരുടെ എണ്ണം കൂടുതലാണ്. വാഹനാപകടങ്ങളുടെ കൂടുതല്‍ കൊണ്ടോ അപകടങ്ങളുടെ തീവ്രത കൊണ്ടോ മാത്രമല്ലിത്. മരണത്തിലേറെയും അപകടത്തില്‍പ്പെട്ടവര്‍ക്ക് ഉടന്‍ വിദഗ്ധ ചികിത്സ കിട്ടാത്തവരാണ്. അപകടത്തില്‍ പെട്ടവരേയും കൊണ്ട് ആംബുലന്‍സ് തൊട്ടടുത്ത സര്‍ക്കാര്‍ മെഡിക്കള്‍ കോളജില്‍ എത്തണമെങ്കില്‍ മൂന്നോ നാലോ മണിക്കൂര്‍ വേണ്ടിവരും. അതും ചുരമിറങ്ങി വേണം എത്താന്‍. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിക്കുമ്പോഴേക്കും ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റാത്ത വിധത്തിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കും. നീണ്ട നാളത്തെ മുറവിളിക്കു ശേഷം വയനാട് മെഡിക്കല്‍ കോളജിനായുള്ള കാര്യങ്ങള്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് അഞ്ചാം വര്‍ഷമായപ്പോഴാണ് ഈ 'തിടുക്കപ്പെട്ട' നീക്കമെന്നു കാണാതിരിക്കരുത്. ഒരു അയല്‍ സംസ്ഥാനം അതിര്‍ത്തിയടച്ചാല്‍ കാസര്‍കോട്ടുള്ളവരുടെ ജീവന്‍ പോകും. കേരളത്തില്‍ എവിടെയും കേട്ടുകേള്‍വിയില്ലാത്തതാണിത്. കഴിഞ്ഞ വര്‍ഷം കൊവിഡ് ഭീതിയില്‍ കര്‍ണാടക അവരുടെ അതിര്‍ത്തികള്‍ അടച്ചപ്പോള്‍ കേരളത്തിലെ ഏതാണ്ട് 20 ലേറെ പേരാണ് ചികിത്സ കിട്ടാതെ മരിച്ചത്. അതും വിദഗ്ധ ചികിത്സയൊന്നുമല്ല. സാധാരണ അസുഖങ്ങള്‍ക്കുള്ള ചികിത്സാ സൗകര്യത്തിന്റെ കാര്യത്തില്‍ പോലും കാസര്‍കോട് ജില്ല എത്ര പിന്നോക്കമായിരുന്നുവെന്നാണ് ഈ ഓരോ മരണങ്ങളും മലയാളികളെ ഓര്‍മിപ്പിച്ചിരുന്നത്.
ഓരോ ഫയലുകളും ഓരോ ജീവിതമാണെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മപ്പെടുത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണം തുടങ്ങിയത്. ഇതില്‍ മലബാറുകാരുടെ ജീവിതഫയലുകളുമുണ്ട്. അവയൊക്കെ ഉറങ്ങിക്കിടക്കുന്നത് തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിലാണ്. ആ ഫയല്‍ നീങ്ങണമെങ്കില്‍ ഇവിടെനിന്നു തലസ്ഥാനം വരെ പോയി വരണമെങ്കില്‍ രണ്ടു ദിവസം വേണം. അതിന് ആര്‍ക്കെല്ലാം കഴിയും? ഇത്തരം ഫയലുകളുടെ കുരുക്കഴിക്കാന്‍ കോഴിക്കോടോ മറ്റോ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രണ്ടോ മൂന്നോ ദിവസം തങ്ങുന്ന സൗകര്യം വേണമെന്ന ആവശ്യത്തിലെവിടെയാണ് ദേശവിരുദ്ധതയുള്ളത്?


കാര്‍ഷിക മേഖലയിലെ കഠിനാധ്വാനവും ഗള്‍ഫ് നാടുകളില്‍ വിയര്‍പ്പു നീരാക്കി പണിയെടുത്തതിലൂടെയും ലഭിച്ച വരുമാനവും കൊണ്ടാണ് മലബാറിലെ ജനത ഇതുവരെ കടുത്ത ഭരണകൂട അവഗണനയിലും പിടിച്ചുനിന്നത്. എന്നാല്‍ ഈ രണ്ടു മേഖലകളില്‍ നിന്നും ഇപ്പോള്‍ വരുന്നത് ആശ്വാസകരമായ വാര്‍ത്തകളല്ല. അതിനാല്‍ മലബാറിലെ ജനതയ്ക്കും ഇനി നിവര്‍ന്നുനില്‍ക്കണമെങ്കില്‍ അധികൃതരുടെ സഹായം കൂടിയേ കഴിയൂ. അതിന് സര്‍ക്കാരിന്റെ വ്യവസായികവും വാണിജ്യവും അടക്കമുള്ള വികസന മാപ്പില്‍ മലബാറിന്റെ കൂടുതല്‍ ഇടങ്ങളും അടയാളപ്പെടുത്തണം. സംസ്ഥാനം വീണ്ടും ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോകുകയാണ്. പ്രകടനപത്രികകള്‍ തയാറാക്കുന്നതിനുള്ള തെരക്കിലാണ് മുന്നണി നേതാക്കള്‍. ഇതില്‍ മലബാര്‍ എങ്ങനെ പ്രതിഫലിക്കുന്നുവെന്നതിന്റെയടിസ്ഥാനത്തിലായിരിക്കും വരുന്ന അഞ്ചു വര്‍ഷത്തെ ഈ ദേശത്തിന്റെ വികസനം. പ്രകടനപത്രികള്‍ തയാറാക്കുന്ന നേതാക്കളുടെ മനസിലുണ്ടാകേണ്ടത് ഇവിടുത്തെ പ്രതിഷേധം ഒരു ജനതയുടെ മനസുകളുടെ പോലും വിഭജനത്തിനായുള്ളതല്ല, മറിച്ച് ജീവന്‍ നിലനിര്‍ത്താനുള്ളതാണെന്ന തിരിച്ചറിവാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  17 minutes ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  an hour ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  an hour ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  10 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  12 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  13 hours ago